പത്ത് ദിവസത്തിനുള്ളില്‍ 158 സ്റ്റോറുകള്‍ പൂട്ടാന്‍ തീരുമാനം

Posted on: August 10, 2016 6:03 am | Last updated: August 10, 2016 at 12:05 am
SHARE

nanma storeകൊല്ലം: ലാഭകരമല്ലാത്ത നന്മ സ്റ്റോറുകള്‍ ഘട്ടംഘട്ടമായി അടച്ചുപൂട്ടാന്‍ കണ്‍സ്യൂമര്‍ഫെഡ് നടപടി തുടങ്ങി. ആദ്യഘട്ടം എന്ന നിലയില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 158 നന്മ സ്റ്റോറുകള്‍ പത്ത് ദിവസത്തിനുള്ളില്‍ പൂട്ടാനാണ് കണ്‍സ്യൂമര്‍ഫെഡ് നീക്കം നടത്തുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നയില്‍ ശേഷിച്ചവ ഓണത്തിനുശേഷം പൂട്ടും. ഇവിടെയുള്ള മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാനും നിര്‍ദേശിച്ചിട്ടുണ്ട്.
നൂറുരൂപ പോലും ദിവസം വിറ്റുവരവില്ലാത്തതും വര്‍ഷങ്ങളായി കെട്ടിടവാടക കൊടുക്കാത്തതുമായ സ്റ്റോറുകള്‍ക്കാണ് വരുംദിവസങ്ങളില്‍ പൂട്ടുവീഴുന്നത്. കൊല്ലത്ത് മാത്രം 60എണ്ണമാണ് ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടുന്നത്. തിരുവനന്തപുരത്ത് 30 എണ്ണവും പത്തനംതിട്ടയില്‍ 16 എണ്ണവും ആലപ്പുഴയില്‍ 42 എണ്ണവും തൃശൂരില്‍ ഒമ്പതെണ്ണവും ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടും. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടും. രണ്ട് താത്കാലിക ജീവനക്കാര്‍ വീതമാണ് ഒരോ സ്റ്റോറിലുമുള്ളത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഗ്രാമങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 900 നന്മ സ്റ്റോറുകളാണ് കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ ആരംഭിച്ചത്. ഇതില്‍ പ്രവര്‍ത്തിക്കുന്ന 700 ല്‍ 158 എണ്ണമാണ് അടച്ചുപൂട്ടുന്നത്. 3500 ഓളം പേരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ നന്മ സ്റ്റോറുകളില്‍ നിയമിച്ചത്. ഇവരില്‍ പലര്‍ക്കും തൊഴില്‍ നഷ്ടമാകും. ത്രിവേണി സ്റ്റോറുകളില്‍ നിന്ന് നിയമനം നല്‍കിയവരെ തിരിച്ചുവിളിക്കുകയും ചെയ്യും. പൂട്ടുന്ന നന്മ സ്റ്റോറുകളില്‍ അവശേഷിക്കുന്ന സ്റ്റോക്ക് ത്രിവേണി സ്റ്റോറുകളിലേക്ക് മാറ്റും.
നടപടികള്‍ ഈ ആഴ്ച തന്നെ ആരംഭിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതല ഗോഡൗണ്‍ മാനേജര്‍മാരുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ ഡയറക്ടര്‍ ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജനവികാരം കൂടി കണക്കിലെടുത്തായിരിക്കും ഓണത്തിനുശേഷം ബാക്കി സ്റ്റോറുകള്‍ പൂട്ടുക. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ചട്ടം ലംഘിച്ചാണ് പലയിടത്തും സ്റ്റോറുകള്‍ തുടങ്ങിയതെന്നും വന്‍തുക കോഴവാങ്ങിയാണ് ജീവനക്കാരെ നിയമിച്ചതെന്നും അന്ന് തന്നെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കനത്ത നഷ്ടം വരുത്തുന്ന സ്റ്റോറുകള്‍ പൂട്ടാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കരുതി തീരുമാനം നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here