എടിഎം തട്ടിപ്പുകേസിലെ മുഖ്യപ്രതി മുംബൈയില്‍ അറസ്റ്റില്‍

Posted on: August 9, 2016 11:07 pm | Last updated: August 10, 2016 at 11:28 am
SHARE

atm robbery

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച എ ടി എം കവര്‍ച്ചയിലെ മുഖ്യപ്രതി മുംബൈയില്‍ അറസ്റ്റില്‍. റുമാനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ ഇലി ആണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ റുമാനിയന്‍ സ്വദേശികളായ ക്രിസ്റ്റിന്‍ വിക്ടര്‍, ഫ്‌ളോറിക് എന്നിവരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനായി ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. എ ടി എം കൗണ്ടറില്‍ സ്ഥാപിച്ച സി സി ടി വി ദൃശ്യങ്ങള്‍ വഴിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് പോലീസിന് ലഭിച്ചു. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിനോദസഞ്ചാരികളെന്ന പേരില്‍ തലസ്ഥാനത്ത് എത്തിയ ഇവര്‍ മൂന്ന് ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്താണ് താമസിച്ചത്. ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സന്ദര്‍ശക വിസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ജൂണ്‍ അവസാനവും ജൂലൈ ആദ്യവും അവസാനവും ഇവര്‍ ഹോട്ടലുകളില്‍ താമസിച്ചതായി കണ്ടെത്തി. ജൂലൈ എട്ടിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ 12ന് മുറിയൊഴിഞ്ഞു. ആദ്യം ഒരാളാണ് മുറിയെടുത്തത്. പിന്നീട് രണ്ട് പേര്‍ കൂടി ഇയാള്‍ക്കൊപ്പം ചേരുകയായിരുന്നു. ഹോട്ടലില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
നഗരത്തില്‍ കറങ്ങാന്‍ കോവളത്ത് നിന്ന് വാടകക്കെടുത്ത ബൈക്കാണ് ഇവര്‍ ഉപയോഗിച്ചത്. ഇതും ഇവര്‍ ഉപയോഗിച്ച ഹെല്‍മറ്റും പോലീസ് കണ്ടെടുത്തു. ഹാന്‍ഡ് ബാഗ് ഇവരുടെ കൈവശം കാണാറുണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി. തട്ടിപ്പുകാരുടെ പേര് വിവരങ്ങള്‍ കൂടി ലഭിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇവര്‍ക്ക് പ്രദേശവാസികളുടെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
എ ടി എം കൗണ്ടറില്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് പ്രതികളുടെ മുഖം തിരിച്ചറിഞ്ഞത്. ജൂണ്‍ 30 നാണ് വിദേശികള്‍ എത്തിയത്. അന്നു രാവിലെ ക്യാമറയും കാര്‍ഡ് റീഡറും എ ടി എമ്മില്‍ സ്ഥാപിക്കുകയായിരുന്നു. പിന്നീട് വൈകുന്നേരം വീണ്ടുമെത്തി ക്യാമറകള്‍ സ്ഥാപിച്ചു. 6.21നും 6.26നുമാണ് ഇവരെത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അന്വേഷണത്തില്‍ രാജ്യാന്തര ഏജന്‍സികളെയും സഹകരിപ്പിക്കും. എ ടി എം തട്ടിപ്പ് അന്വേഷണത്തിന് ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സൈബര്‍ വിദഗ്ധരടങ്ങിയ അന്വേഷണസംഘം മുംബൈയിലേക്ക് തിരിച്ചു. വേണ്ടിവന്നാല്‍ കേന്ദ്രസഹായം ആവശ്യപ്പെടും. ഇപ്പോള്‍ പണം നഷ്ടമായെന്ന് പരാതിപെട്ടിരിക്കുന്നത് ചെറിയൊരു വിഭാഗമാണെങ്കില്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ക്ക് പണം നഷ്ടമായിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ ഡി ജി പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.
മൂന്ന് ദിവസങ്ങളിലായാണ് എ ടി എം വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരം. ജൂണ്‍ 30, ജൂലൈ മൂന്ന്, ഒമ്പത് തീയതികളില്‍ എ ടി എം ഉപയോഗിച്ചവരുടെ പണമാണ് നഷ്ടമായത്. തിരുവനന്തപുരം വെള്ളയമ്പലത്തെ എസ് ബി ഐ, എ ടി എം ഉപയോഗിച്ചവര്‍ എത്രയും പെട്ടെന്ന് പിന്‍ നമ്പര്‍ മാറ്റണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. എ ടി എം കാര്‍ഡ് ബ്ലോക്ക് ചെയ്യാനും നിര്‍ദേശമുണ്ട്. അതേസമയം, പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ നല്‍കുമെന്ന് ബേങ്ക് അധികൃതര്‍ അറിയിച്ചു. 12 പേരില്‍ നിന്ന് മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം വരെ രൂപ നഷ്ടപ്പെട്ടിരിക്കാം എന്നാണ് നിഗമനം. മറ്റ് ബേങ്കുകളും ഇടപാടുകാരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
മ്യൂസിയം പോലീസില്‍ 16പേരും പേരൂര്‍ക്കടയില്‍ ഒരാളും വട്ടിയൂര്‍ക്കാവില്‍ രണ്ടുപേരുമാണ് പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതലാണ് പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ഉപഭോക്താക്കള്‍ എത്തിത്തുടങ്ങിയത്. പലരുടെയും മൊബൈല്‍ ഫോണുകളില്‍ ഞായറാഴ്ച പണം പിന്‍വലിച്ചുകൊണ്ടുള്ള എസ് എം എസ് സന്ദേശം ലഭിച്ചിരുന്നു. പരാതികള്‍ വര്‍ധിച്ചതോടെ കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ മ്യൂസിയം പോലീസും സൈബര്‍ പോലീസും ആല്‍ത്തറയിലെ എ ടി എം കൗണ്ടര്‍ പരിശോധിച്ചു.
എ ടി എം കൗണ്ടറിന്റെ സീലിംഗിലെ സ്‌മോക് ഡിറ്റെക്ടറിനുള്ളില്‍ ക്യാമറ, ബാറ്ററി, മെമ്മറി കാര്‍ഡ്, സിം കാര്‍ഡ് എന്നിവ പരിശോധനയില്‍ കണ്ടെത്തിരുന്നു. ഈ സ്‌മോക് ഡിറ്റെക്ടറും തട്ടിപ്പുകാര്‍ തന്നെ സ്ഥാപിച്ചതായിരുന്നു. ക്യാമറ ഉപയോഗിച്ചു പിന്‍ നമ്പര്‍ മാത്രം ശേഖരിച്ച് പണം പിന്‍വലിക്കുക അസാധ്യമായതിനാല്‍ എ ടി എം മെഷീനില്‍ സ്‌കിമ്മര്‍ എന്ന ഉപകരണം ഘടിപ്പിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. ഈ ഉപകരണം എ ടി എം കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിച്ച് ഇതിലൂടെ വ്യാജ കാര്‍ഡ് തയ്യാറാക്കിയെന്നാണ് സൂചന.
ഒരാഴ്ച കൊണ്ട് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയശേഷം സ്‌കിമ്മര്‍ നീക്കം ചെയ്തിരിക്കാനാണ് സാധ്യത. തട്ടിപ്പ് നടന്ന എസ് ബി ഐ യുടെ ആല്‍ത്തറയിലെ എ ടി എം കൗണ്ടറില്‍ രണ്ട് മെഷീനുകളാണുള്ളത്. ഇതില്‍ ഒന്ന് കേന്ദ്രീകരിച്ചാണ് ക്യാമറയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചത്.
സി സി ടി വി ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി സിഡാക്കിന് നല്‍കിയിട്ടുണ്ട്. പോലീസ് കണ്ടെടുത്ത ഉപകരണങ്ങളും ഇത്തരത്തില്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ആഗോളതലത്തില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയുണ്ടാക്കുന്ന എ ടി എം സ്‌കിമ്മിംഗ് ആണ് തിരുവനന്തപുരത്തും നടന്നതെന്നാണ് കരുതുന്നത്. എ ടി എം കാര്‍ഡ് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങളും പിന്‍ നമ്പറും മോഷ്ടിച്ച് വ്യാജ കാര്‍ഡുണ്ടാക്കി പണം പിന്‍വലിക്കുന്ന രീതിയാണിത്. മലയാളത്തില്‍ ഏതാനും വര്‍ഷം മുമ്പിറങ്ങിയ റോബിന്‍ഹുഡ് എന്ന ചലച്ചിത്രത്തില്‍ കണ്ടത് ഇത്തരം തട്ടിപ്പിന്റെ രൂപമായിരുന്നു.