Connect with us

Kozhikode

വഴിത്തര്‍ക്കം: വീടുകയറി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Published

|

Last Updated

അക്രമത്തില്‍ പരുക്കേറ്റവര്‍ താമരശ്ശേരി താലൂക്കാശുപത്രിയില്‍

താമരശ്ശേരി: വഴി തര്‍ക്കത്തിന്റെ പേരില്‍ ഇരുപത്തഞ്ചോളം വരുന്ന സംഘം വീടുകയറി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഈങ്ങാപ്പുഴ പൂലോട് പുല്ലുമലയില്‍ ബീരാന്‍കുട്ടിയെയും കുടുംബത്തെയുമാണ് വീട്ടിലെത്തിയ സംഘം മര്‍ദ്ദിച്ചത്. ഇന്ന്‌
രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അക്രമത്തില്‍ ബീരാന്‍കുട്ടി(66), ഭാര്യ പാത്തുമ്മ(55), റഹ്മത്ത്(39), മക്കളായ ഹാജറ(37), ഹാജറയുടെ ഭര്‍ത്താവ് എളേറ്റില്‍ ചേര്യേങ്ങല്‍ മുഹമ്മദ്(45), രഹ്മതിന്റെ മക്കളായ ഫാസില്‍ മുഹമ്മദ്(17), മുഹമ്മദ് യാസീന്‍(14), റന ഫാത്തിമ(9), ബീരാന്‍കുട്ടിയുടെ മകന്റെ ഭാര്യ ആസിഫ എന്നിവര്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ മുഹമ്മദ്, പാത്തുമ്മ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലും മറ്റുള്ളവരെ താമരശ്ശേരി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുമ്പ് വടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമികള്‍ എത്തിയതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. അയല്‍ വാസിക്ക് വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് വീടുകയറി അക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. എന്നാല്‍ അന്ന് ഇരുവിഭാഗത്തെയും വിളിപ്പിച്ചിരുന്നതായും മധ്യസ്ഥത പ്രകാരം പ്രശ്‌നം അവസാനിപ്പിച്ചതാണെന്നും പോലീസ് പറഞ്ഞു.

Latest