Connect with us

Gulf

മുങ്ങി മരണങ്ങളില്‍ 90 ശതമാനവും പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍

Published

|

Last Updated

ദോഹ: ചൂട് ഉയരുമ്പോള്‍ സ്വിമ്മിംഗ് പൂളുകളിലും ബീച്ചുകളിലും കുളിക്കാനും നീന്താനുമയി എത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കുട്ടികളുടെ സുരക്ഷയില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുഖ്യനിര്‍ദേശം.
ഖത്വറിലെ മരണകാരണങ്ങളില്‍ വെള്ളത്തില്‍ മുങ്ങിയ സംഭവങ്ങള്‍ മുന്‍പന്തിയിലുണ്ട്. കുട്ടികള്‍ക്ക് അംഗവൈകല്യം സംഭവിക്കുന്നതിനും വെള്ളത്തില്‍ മുങ്ങിയുള്ള അപകടങ്ങള്‍ വഴിവെക്കുന്നതായി കുല്ലുന്നാ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കാമ്പയിന്‍ ചെയര്‍മാനും എച്ച് എം സിക്കു കീഴിലുള്ള ഹമദ് ഇന്റര്‍നാഷനല്‍ ട്രെയ്‌നിംഗ് സെന്റര്‍ ചെയര്‍മാനുമായ ഡോ. ഖാലിദ് അബ്ദുന്നൂര്‍ സൈഫല്‍ദിന്‍ പറഞ്ഞു. 90 ശമതാനം അപകടങ്ങളിലും ഉള്‍പ്പെടുന്നത് പത്തു വയസില്‍ താഴെയുള്ള കുട്ടികളാണ്. ഇതില്‍ 70 ശതമാനവും നാലു വയത്തില്‍ താഴെയുള്ളവരുമാണ്. വീടുകളിലും സ്വകാര്യ സ്വിമ്മിംഗ് പൂളുകളിലും ബാത്ത് ടബ്ബുകളിലുമാണ് ഭൂരിഭാഗം അപകടങ്ങളും നടക്കുന്നത്. രാജ്യത്ത് തുറന്ന നദികളോ പുഴകളോ ഇല്ല.
എന്നാല്‍, കടലില്‍ ചില അപകടങ്ങള്‍ നടക്കുന്നു. ബീച്ചുകളില്‍ ഉല്ലാസത്തിനു പോകുന്ന കുടുംബങ്ങളിലെ കുട്ടികളാണ് അപകടത്തില്‍ പെടുന്നത്. സ്വിമ്മിംഗ് പൂളുകളില്‍ നടന്ന അപകടങ്ങളിലധികവും രക്ഷിതാക്കളുടെ സാന്നിധ്യമില്ലാത്തപ്പോള്‍ സംഭവിച്ചതാണ്. കുട്ടികള്‍ ഒറ്റയ്‌ക്കോ കൂട്ടായോ മുതിര്‍ന്നവരുടെ സാന്നിധ്യമില്ലാതെ സ്വിമ്മിംഗ് പൂളുകള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതത്വത്തിനായി പ്രധാനമായും അഞ്ചു നിര്‍ദേശങ്ങളാണ് കുല്ലുന്നാ മുന്നോട്ടു വെക്കുന്നത്. കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് രക്ഷിതാക്കളുടെ സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണെന്ന് ഉറപ്പു വരുത്തുക, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ വെള്ളത്തില്‍ ഇറങ്ങുന്നത് തടയുക, നീന്തുന്നതിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കുക, വെള്ളത്തിനടുത്തായിരിക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണം കുംബാംഗങ്ങളെ പഠിപ്പിക്കുക, വെള്ളത്തിലിറങ്ങുമ്പോള്‍ വാട്ടര്‍ ലൈഫ് ജാക്കറ്റോ മറ്റു സഹായ ഉപകരണങ്ങളോ ധരിക്കുക, അപകടം സംഭവിച്ചാല്‍ നല്‍കേണ്ട സി പി ആര്‍ ചെയ്യുന്നത് മനസ്സിലാക്കിവെക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
കുട്ടികള്‍ വെള്ളത്തിലായിരിക്കുമ്പോള്‍ രക്ഷിതാക്കള്‍ അവരെ ശ്രദ്ധിച്ചു കൊണ്ടേയിരിക്കണം. ഇല്ലെങ്കില്‍ അപകടത്തില്‍ പെട്ടത് അറിയാതെ പോകും. നീന്താന്‍ അറിയുമെങ്കിലും ലൈഫ് ജാക്കറ്റ് ധരിച്ചാലും കുട്ടികളെ ഒറ്റയ്ക്ക് വെള്ളത്തില്‍ വിടരുത്. അപകടം നടന്നയുടന്‍ ശ്രദ്ധയില്‍പെട്ടില്ലെങ്കില്‍ കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്ന വളരെ നിശബ്ദമായി സംഭവിക്കുന്ന അപകടമാണിതെന്നും ഡോ. ഖാലിദ് പറയുന്നു. സുരക്ഷിതമല്ലാത്ത വെള്ളത്തില്‍ കുട്ടികള്‍ ഇറങ്ങുന്നതു തയാന്‍ ഗേറ്റുകളോ ബാരിക്കേടുകളോ നിര്‍മിക്കണം. ബാത്ത്‌റൂമിന്റെ വാതിലുകള്‍ എപ്പോഴും അടച്ചിടണം. ബാത്ത് ടബ്ബ്, ബക്കറ്റ് എന്നിവ ഉപയോഗശേഷം വെള്ളം ഒഴിവാക്കി വെക്കാനും ശ്രദ്ധിക്കണം.
സുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ സ്‌കൂളുകളില്‍ സി പി ആര്‍ പരിശീലനം സംഘടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ജീവന്‍ രക്ഷയെക്കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തുന്നതിനാണ് കുല്ലുന്നാ കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്. സമൂഹവും രക്ഷിതാക്കളും ഇത് ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുമ്പോഴേ ലക്ഷ്യം ഫലവത്താകൂ എന്ന് അദ്ദേഹം പറഞ്ഞു.

Latest