അവധിയില്‍ പോയ ക്ലോക്ക് ബോയ് സ്‌കൂളിനെതിരെ കോടതിയെ സമീപിച്ചു

Posted on: August 9, 2016 7:01 pm | Last updated: August 10, 2016 at 8:09 pm

Clock Boyദോഹ : സ്‌കൂളില്‍ കൊണ്ടുവന്ന സ്വന്തമായുണ്ടാക്കിയ ക്ലോക്ക് ബോംബെന്ന് തെറ്റിദ്ധരിച്ച് അമേരിക്കയില്‍ അറസ്റ്റിലായ അഹ്മദ് മുഹമ്മദ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഖത്വര്‍ ഫൗണ്ടേഷനില്‍ പഠിക്കുന്ന അഹ്മദ് ടെക്‌സാസ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് വംശീയ അധിക്ഷേപവും പൗരാവകാശ ലംഘനവും നടത്തിയെന്നാരോപിച്ചാണ് ഇന്നലെ കോടതിയെ സമീപിച്ചത്. സ്‌കൂള്‍ അവധിയെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് ക്ലോക്ക് ബോയ് എന്നപേരില്‍ ലോക പ്രശസ്തനായ അഹ്മദ് സ്വദേശത്തേക്കു പോയത്.
പിതാവിനൊപ്പമെത്തിയാണ് അഹ്മദ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ഡല്ലാസിലെ ഇര്‍വിംഗ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് തനിക്കെതിരെ മത വിവേചനം കാണിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ അറസ്റ്റിനു കാരണമായതും ഈ വിവേചനമാണെന്ന് അഹ്മദ് പറയുന്നു.
അതേസമയം, അഹ്മദിന്റെ പരാതി സ്‌കൂള്‍ ഡിസ്ട്രിക്റ്റ് അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടെ അവകാശം നിഷേധിക്കുന്ന രീതിയില്‍ ഒരു നിയമലംഘനവും ഉണ്ടായിട്ടില്ലെന്നും കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും സ്‌കൂള്‍ പ്രതികരിച്ചു. അറസ്റ്റ് ഉണ്ടായ ശേഷം അഹ്മദിന്റെ കുടുംബം തങ്ങള്‍ക്കുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരമായി 15 ദശലക്ഷം ഡോളര്‍ ആവശ്യപ്പെട്ടിരുന്നു. ഇര്‍വിംഗ് സിറ്റിയോടായിരുന്നു ആവശ്യം. റോബോട്ട് നിര്‍മാണത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന പതിനാലുകാരനായ അഹ്മദ് ഗ്രേഡ് ഒമ്പതിലാണ് ടെക്‌സാസില്‍ പഠിച്ചിരുന്നത്.
കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനെത്തിയ അഹ്മദ് വാര്‍ത്താ സമ്മേളനം നടത്തി തന്റെ നിലപാടുകള്‍ വിശദീകരിച്ചു. പണത്തിലൂടെ മാത്രമേ തനിക്കു നീതി കിട്ടാനുള്ള ഏക മാര്‍ഗമെന്ന് വിദ്യാര്‍ഥി പറഞ്ഞു. എനിക്ക് എന്റെ വീടും എന്റെ ക്രിയേറ്റിവിറ്റിയും നഷ്ടമായി. സ്‌നേഹമാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ എനിക്കതിനാകുന്നില്ല. എനിക്കിപ്പോള്‍ എന്റ സുരക്ഷിതത്വവും നഷ്ടമായിരിക്കുന്നുവെന്നും അഹ്മദ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് കേസ് ഫയല്‍ ചെയ്യുന്നത്.
ഒരു വര്‍ഷം മുമ്പാണ് സ്വന്തമായി വികസപ്പിച്ച ക്ലോക്കുമായി അഹ്മദ് സ്‌കൂളിലെത്തിയതും സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് അറസ്റ്റിലായതും. സംഭവത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ശക്തമായ അഭിപ്രായങ്ങള്‍ ഉണ്ടായതിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മാപ്പു പറയുകയും അഹ്മദിനെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ശാസ്ത്ര ഗവേഷണത്തില്‍ താത്പര്യമുള്ള അഹ്മദിന് ഖത്വര്‍ ഫൗണ്ടേഷന്‍ പഠനം വാഗ്ദാനം ചെയ്യുന്നത്. അഹ്മദും കുടുംബവും ഖത്വറിലെത്തുകും ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം വേനല്‍ അവധിയിലാണ് നാട്ടിലേക്കു പോയത്.
അഹ്മദിന്റെ അറസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് ലോകമാകെ ഐസ്റ്റാന്‍ഡ്‌വിത്ത്അഹ്മദ് എന്ന ഹാഷ്ടാഗുമായാണ് രംഗത്തു വന്നത്. ഫേസ് ബുക്ക് സി ഇ ഒ മാര്‍ക് സക്കര്‍ബര്‍ഗ് അഹ്മദിനെ അഭിനന്ദിച്ച് രംഗത്തു വന്നു. അറസ്റ്റിനു പകരം അനുമോദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. സംഭവത്തിനു ശേഷം ഖത്വര്‍ ഫൗണ്ടേഷന്റെ യംഗ് ഇന്നവേഷന്‍ പ്രോഗ്രാമിലാണ് അഹ്മദിന് പ്രവേശനം ലഭിച്ചത്. വൈറ്റ് ഹൈസിലെത്തി ബരാക് ഒബാമയെ സന്ദര്‍ശിച്ച് ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണ് അഹ്മദ് ഖത്വറിലേക്കു പോകുന്ന കാര്യം പ്രഖ്യാപിച്ചത്.
അമേരിക്കന്‍ പൗരനായ അഹ്മദിന്റെ കുടുംബം സുഡാനില്‍നിന്നും അമേരിക്കയിലേക്കു ചേക്കേറിയതാണ്. ഇതും താന്‍ വംശീയ, വര്‍ണ വിവേചനത്തിനിരയാകാന്‍ കാരണമായിട്ടുണ്ടെന്ന് അഹ്മദ് നേരത്തേ പറഞ്ഞിരുന്നു.