Connect with us

Gulf

സഊദി വിസ നിരക്കുകളില്‍ വന്‍ വര്‍ധനവ്;ആശങ്കയോടെ പ്രവാസികള്‍

Published

|

Last Updated

ജിദ്ദ: സഊദിയിലേക്കുള്ള പ്രവേശന വിസ നിരക്കുകളില്‍ വന്‍ വര്‍ധനവ് നടപ്പിലാക്കിക്കൊണ്ടുള്ള തീരുമാനം കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സഊദി കാബിനറ്റ് പ്രഖ്യാപിച്ചു.

പുതിയ നിയമ പ്രകാരം രാജ്യത്തേക്കുള്ള ഓരോ പ്രവേശന വിസക്കും 2000 റിയാല്‍ ഫീസ് ഈടാക്കും. ഇതില്‍ നിന്നും ആദ്യമായി ഉംറക്കും ഹജ്ജിനും വരുന്നവരെ ഒഴിവാക്കും.രണ്ടാമത്തെ തവണ ഉംറക്കും ഹജ്ജിനും വരുന്നവര്‍ 2000 റിയാല്‍ ഫീസ് നല്‍കേണ്ടി വരും. വിസിറ്റിംഗ് വിസകള്‍ക്കോ ഫാമിലി വിസകള്‍ക്കോ കുടുംബത്തെ കൊണ്ട് വരണമെങ്കില്‍ സ്റ്റാംബിംഗ് ഫീസ് ഇനി 2000 റിയാല്‍ നല്‍കണം. നേരത്തേ 200 റിയാലായിരുന്നു വിസിറ്റിംഗ് വിസ സ്റ്റാംബിംഗ് ഫീസ്.

റി എന്‍ട്രി വിസ ഇഷ്യൂ ചെയ്യുന്നത് രണ്ട് മാസത്തില്‍ കൂടുതലാണെങ്കില്‍ ഓരോ മാസത്തിനും 100 റിയാല്‍ അധികം നല്‍കണം. അഥവാ ആറു മാസത്തെ റി എന്‍ട്രിക്ക് പോകുന്നവര്‍ 600 റിയാല്‍ നല്‍കണം എന്നര്‍ത്ഥം.

മള്‍ട്ടി റിഎന്‍ട്രി വിസയുടെ ഫീസ് 3 മാസത്തേക്ക് 500 റിയാലായിരിക്കും. 3 മാസത്തിലധികമുള്ള ഓരോ മാസത്തിനും 200 റിയാല്‍ വീതം അധികം നല്‍കണം.

ആറു മാസത്തെ കാലവധിയുള്ള മള്‍ട്ടി എന്‍ ട്രി വിസിറ്റിംഗ് വിസക്ക് ഇനി 3000 റിയാലായിരിക്കും ഫീസ്. ഒരു വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി വിസിറ്റിംഗ് വിസക്ക് 5000 റിയാലും രണ്ടു വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി വിസിറ്റിംഗ് വിസക്ക് 8000 റിയാലുമായിരിക്കും ഫീസ്.

സൗദിയിലെ തുറമുഖങ്ങള്‍ വഴി പുറത്ത് പോകുന്നവര്‍ക്ക് 50 റിയാല്‍ നിര്‍ഗമന ഫീസ് ആയി നല്‍കണമെന്നും പുതിയ തീരുമാനത്തിലുണ്ട്.

പുതിയ തീരുമാനം പ്രവാസികളെ സാരമായി ബാധിക്കും. കുടുംബത്തെ വിസിറ്റിംഗ് വിസക്ക് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും രണ്ടാമത് ഉംറക്കോ ഹജ്ജിനോ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഇത് വന്‍ തിരിച്ചടിയാകും. ആവര്‍ത്തിച്ചുള്ള ഉംറക്കാര്‍ക്ക് 2000 റിയാല്‍ ഫീസ് നല്‍കേണ്ടി വരുമെന്നത് തീര്‍ഥാടകര്‍ക്ക് പുറമേ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഉംറ സര്‍വീസുകാരെയും പ്രതികൂലമായി ബാധിച്ചേക്കും.

സാധാരണ 6 മാസത്തെ റി എന്‍ ട്രി വിസക്ക് സ്വദേശങ്ങളിലേക്ക് പോയിരുന്നവര്‍ക്ക് പുതിയ തീരുമാനത്തോടെ 400 റിയാലിന്റെ അധിക ബാധ്യതയാണു വരുന്നത്. കുടുംബാംഗങ്ങളെ ദീര്‍ഘ അവധിയില്‍ നാട്ടിലേക്കയക്കുന്നവര്‍ക്ക് ഓരോ കുടുംബാംഗത്തിനും റിഎന്‍ ട്രി വിസക്ക് അധിക ഫീസ് നല്‍കേണ്ടി വരികയാണെങ്കില്‍ അത് വലിയ ഇടിത്തീയായി മാറും.

എണ്ണ ഇതര സ്രോതസ്സുകളില്‍ നിന്ന് വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി കൈക്കൊണ്ട പുതിയ തീരുമാനം ഒക്ടോബര്‍ 2 ( മുഹറം 1 ) മുതല്‍ നിലവില്‍ വരും.