Connect with us

Kerala

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാതൃക രചിച്ച് ഡയാന ലിസി

Published

|

Last Updated

ഡയാന ലിസിയെന്ന ശിവാനി പട്ടേല്‍

പേരാമ്പ്ര: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുമാതൃക രചിച്ച തെരുവിന്റെ മകളെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാകുന്നു. കൗമാരപ്രായത്തില്‍ അച്ഛനോടൊപ്പം അവികസിതമായ പേരാമ്പ്ര ടൗണില്‍ എത്തിയ രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് എത്തിയ ഡയാന ലിസിയെന്ന ശിവാനി പട്ടേലിന്റെ ജീവിതവും, കാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. നാല്‍പതിലേക്ക് പ്രവേശിക്കുന്ന പ്രായത്തില്‍ 25 വര്‍ഷവും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, കുറ്റിയാടി ഭാഗങ്ങളില്‍ പരിമിതമായ കാലഘട്ടമൊഴിച്ചു നിര്‍ത്തിയാല്‍ പേരാമ്പ്ര തെരുവോരം തന്നെയാണ് ഡയാനയെ സംരക്ഷിച്ചത്. അവശരോടും, ആലംബഹീനരോടും, കഠിനവേദന അനുഭവിക്കുന്ന രോഗികളോടും തെരുവിന്റെ മകള്‍ കാണിച്ച സ്‌നേഹസ്പര്‍ശം പുറം ലോകമറിഞ്ഞതോടെ പേരാമ്പ്ര പട്ടണം ഒറ്റക്കെട്ടായി ഇവരോടൊപ്പമുണ്ട്. രണ്ടു പതിറ്റാണ്ട് മുമ്പ് കാല്‍ കത്തിയ അവികസിതമെന്ന് വിശേഷിക്കപ്പെടാവുന്ന പേരാമ്പ്ര ഇന്ന് ഏറെ മാറിക്കഴിഞ്ഞിട്ടും ഡയാന ലിസി ഇപ്പോഴും ചെരുപ്പ് തുന്നിയും.പ്ലാസ്റ്റിക് പാത്രം ഒട്ടിച്ചും ബാഗ് തയ്ച്ചും, കുട നിര്‍മ്മിച്ചും ജീവിത വഴിയില്‍ത്തന്നെ കഴിയുന്നു. പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ തന്റെ പിറക്കാത്ത മക്കളായി കരുതുന്ന ലിസി എല്ലാ വര്‍ഷവും ഇവര്‍ക്ക് കുടയും, യൂണിഫോമും പഠനോപകരണങ്ങളും നല്‍കുന്ന പതിവിന് കാര്യമായ കുറവു ഇത് വരെ വരുത്തിയിട്ടില്ല. പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലേക്ക് ലിസിയുടെ സഹായം പലപ്പോഴുമെത്താറുണ്ട്. ടൗണില്‍ അലഞ്ഞു തിരിഞ്ഞെത്തുന്നവരെ സംരക്ഷിക്കുകയെന്ന ദൗത്യവും ലിസി ഏറ്റെടുക്കാറുണ്ട്. തന്റെ അധ്വാനത്തിന്റെ ഫലമായി ലഭിച്ച പണമുപയോഗിച്ച് എരവട്ടൂരില്‍ വാങ്ങിയ അഞ്ച് സെന്റ് സ്ഥലം ഒരു പാവപ്പെട്ട വ്യക്തിക്ക് സൗജന്യമായി നല്‍കിയ ഡയാന ലിസി വാടക വീട്ടിലാണ് കഴിയുന്നത്. നേരത്തെ പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ കടവരാന്തയിലായിരുന്നു അന്തിയുറക്കം. സംരക്ഷകരായി പോലീസുണ്ടെന്ന ആത്മവിശ്വാസം ഒന്നു മാത്രമായിരുന്നു അക്കാലത്ത് ലിസിക്ക് തുണ. രാജസ്ഥാനില്‍ ഭേദപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന ശിവാനിക്ക് കുടുംബാംഗങ്ങളില്‍ നിന്ന് തന്നെയുണ്ടായ ക്രൂരമായ പീഢനമാണ് നാടു വിടാന്‍ പ്രേരണയായതത്രെ! കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള ബന്ധുക്കളൂടെ ശ്രമം ചെറുത്ത് തോല്‍പ്പിക്കാനുള്ള നീക്കത്തിനിടയില്‍ ഒരു ബന്ധു ലിസിയുടെ മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു. ഒരു ഭാഗം വികൃതമായ മുഖവുമായി അച്ഛനോടൊപ്പം നാടുവിട്ട ശിവാനി എന്ന ലിസിയെയും, പിതാവിനേയും ട്രെയിനില്‍ നിന്ന് കൊയിലാണ്ടിയില്‍ ഇറക്കിവിട്ടു. കൊയിലാണ്ടിയിലെ ഉദാരമതിയായ ടി.പി.കോയ എന്ന ഒരു വ്യക്തി ഇവരുടെ ദുരിതകഥ മനസിലാക്കുകയും ഇവര്‍ക്കാവശ്യമായ സഹായങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തോടെയാണ് ഇവര്‍ കുറ്റിയാടിയിലും തുടര്‍ന്ന് പേരാമ്പ്രയിലും എത്തിപ്പെടുന്നത്. അച്ഛന്‍ ഒരു വിവാഹം കഴിച്ച് ഇപ്പോള്‍ താമരശേരിയിലാണ് താമസമെന്ന് ലിസി പറഞ്ഞു. നാല്‍പത്തൊന്ന് വയസിനിടക്കുള്ള സംഭവബഹുലമായ കഥയും, ഇതിനിടയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കുള്ള കാല്‍വെപ്പുമാണ് ഡോക്യം മെന്ററിയുടെ പ്രമേയം.ദാസന്‍ കെ.പെരുമണ്ണയാണ് അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഡോക്യുമെന്ററിയുടെ പേരിലും, പ്രദര്‍ശനത്തിലൂടെയും ലഭിക്കുന്ന എല്ലാ സഹായങ്ങളും പേരാമ്പ്രദയ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കാന്‍സര്‍ സെന്ററിന് നല്‍കുമെന്ന് ദാസന്‍.കെ.പെരുമണ്ണ, ക്യാമറാമാന്‍ പ്രശോഭ് ഈഗിള്‍, ഡയാന ലിസി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.