Connect with us

National

ഇറോം ശര്‍മിള നിരാഹാരം അവസാനിപ്പിച്ചു

Published

|

Last Updated

ഇംഫാല്‍: സവിശേഷ സൈനികാധികാരം പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ 16 വര്‍ഷമായി തുടര്‍ന്നുവന്ന നിരാഹാര സത്യഗ്രഹം മണിപ്പൂരിന്റെ ഉരുക്കുവനിതയായ ഇറോം ചാനു ശര്‍മിള അവസാനിപ്പിച്ചു. താന്‍ ദേവതയൊന്നുമല്ലെന്നും മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകുക എന്നതാണ് തന്റെ ആഗ്രഹമെന്നും വ്യക്തമാക്കിക്കൊണ്ടാണ് നിരാഹാരം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം അവര്‍ നടത്തിയത്. വികാരനിര്‍ഭരമായ ചടങ്ങില്‍ സ്വന്തം ഉള്ളം കൈയി ല്‍ പകര്‍ന്ന തേന്‍ രുചിച്ചുകൊണ്ടായിരുന്നു ചരിത്രമായിത്തീര്‍ന്ന സത്യഗ്രഹം അവര്‍ അവസാനിപ്പിച്ചത്.
ആത്മഹത്യാശ്രമ കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഇറോം ശര്‍മിള ഇന്നലെ രാവിലെ ജയില്‍ ആശുപത്രിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് തന്റെ ഭാവിപരിപാടികള്‍ വിശദീകരിച്ചത്. രാഷ്ട്രീയവും വിവാഹവുമടക്കമുള്ള കാര്യങ്ങള്‍ അവര്‍ തുറന്നു പറഞ്ഞു. ഇതെന്റെ ജീവിതമാണെന്നും തനിക്കും സമത്വം വേണമെന്നും അവര്‍ ഉറച്ച സ്വരത്തില്‍ വ്യക്തമാക്കി.
താന്‍ ഒരാളുമായി പ്രണയത്തിലാണെന്നത് തികച്ചും സാധാരണമായ കാര്യമാണ്. താന്‍ തികച്ചും സാധാരണക്കാരിയാണെന്നിരിക്കെ എന്തുകൊണ്ടാണ് ജനങ്ങള്‍ക്ക് അങ്ങനെ കാണാന്‍ സാധിക്കാത്തത്? ജനം പറയുന്നത് രാഷ്ട്രീയം മലീമസമായിരിക്കുന്നു എന്നാണ്. എന്നാല്‍, സമൂഹവും അതുപോലെ തന്നെയല്ലേയെന്നും മണിപ്പൂരിന്റെ ഉരുക്കുവനിത ചോദിച്ചു.
രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ അറിവില്ലെങ്കിലും ജനങ്ങളെ സഹായിക്കാനാണ് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നത്. തന്റെ രാഷ്ട്രീയ പ്രവേശത്തെ ചിലര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടെന്ന് അറിയല്ല. മണിപ്പൂരിന്റെ ഉരുക്കുവനിതയെന്ന പേര് നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും വികാരഭരിതയായി ഇറോം ശര്‍മിള പറഞ്ഞു.
ഇംഫാലിന് സമീപം മലോമില്‍ അസം റൈഫിള്‍സിന്റെ വെടിവെപ്പില്‍ പത്ത് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് 2000 നവംബര്‍ രണ്ടിനാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. അതിന് ശേഷം നിരവധി തവണ അവര്‍ അറസ്റ്റിലാകുകയും വിട്ടയക്കപ്പെടുകയും ചെയ്തിരുന്നു. മൂക്കിലൂടെ കുഴല്‍ വഴി നിര്‍ബന്ധപൂര്‍വം ഭക്ഷണം നല്‍കിവരികയായിരുന്നു ഇന്നലെ വരെ.

Latest