ദുബൈയില്‍ 15 പുതിയ സ്വകാര്യ സ്‌കൂളുകള്‍കൂടി ഈ വര്‍ഷം തുറക്കും

Posted on: August 9, 2016 3:03 pm | Last updated: August 9, 2016 at 3:03 pm

ദുബൈ: 2016-17 അധ്യയന വര്‍ഷം ദുബൈയില്‍ പുതിയ 15 സ്വകാര്യ സ്‌കൂളുകള്‍കൂടി തുറക്കുമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. ഇതോടെ ദുബൈയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 198 ആകും.

വിദ്യാഭ്യാസ മേഖലയില്‍ ദുബൈയില്‍ വന്‍ നിക്ഷേപമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദുബൈയില്‍ നൂറിലധികം പുതിയ സ്‌കൂളുകള്‍ക്കുള്ള അപേക്ഷകളിന്മേല്‍ പഠനം നടന്നുകൊണ്ടിരിക്കുകയാണെന്ന് കെ എച്ച് ഡി എയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ കുല്‍സൂം അല്‍ ബലൂശി വെളിപ്പെടുത്തി. നിലവില്‍ ദുബൈയില്‍ 173 സ്വകാര്യ സ്‌കൂളുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ ഏറെയും ഇന്ത്യന്‍ കരിക്കുലം തുടര്‍ന്നു വരുന്നവയാണ്.

അടുത്ത മാസത്തോടെയാണ് 15 പുതിയ സ്‌കൂളുകളും തുറന്നു പ്രവര്‍ത്തനമാരംഭിക്കുകയെന്ന് പറഞ്ഞ കുല്‍സൂം അല്‍ ബലൂശി 2017 സെപ്തംബറില്‍ മറ്റു അഞ്ച് പുതിയ സ്‌കൂളുകള്‍കൂടി തുറക്കുമെന്നും വ്യക്തമാക്കി. ഇത്രയും സ്‌കൂളുകള്‍ക്കുള്ള അന്തിമ അനുമതി കെ എച്ച് ഡി എ നല്‍കിയതായും അവര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്ത് ദുബൈയില്‍ നിക്ഷേപമിറക്കുന്നവരിലധികവും താത്പര്യപ്പെടുന്നത് അന്താരാഷ്ട്ര കരിക്കുലത്തോടാണ്. രക്ഷിതാക്കളിലധികവും ആവശ്യപ്പെടുന്നത് അന്താരാഷ്ട്ര കരിക്കുലമാണെന്നതാണിതിന് കാരണമായി അധികൃതര്‍ വിലയിരുത്തുന്നത്. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള 300ലധികം ഡവലപ്പേഴ്‌സിനേയും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരേയും അതോറിറ്റി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കുല്‍സൂം അല്‍ ബലൂശി വ്യക്തമാക്കി.

ദുബൈയില്‍ സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ 49 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിട്ടുള്ളത്. 2015ല്‍ സ്വകാര്യ സ്‌കൂളുകളിലുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ എണ്ണം 265,299 ആയിരുന്നു. 2008ല്‍ ഇത് 177,587 മാത്രമായിരുന്നു. എന്നാല്‍ പിന്നീട് വന്‍ വര്‍ധനവുണ്ടായി. വിദ്യാര്‍ഥികളുടെ ഈ തള്ളിക്കയറ്റമാണ് വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപമിറക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. 2020 ആകുമ്പോഴേക്കും മൂന്നര ലക്ഷം വിദ്യാര്‍ഥികളുടെ വര്‍ധനവ് കൂടി പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.