ആര്‍ ബി ഐ നിരക്കുകളില്‍ മാറ്റമില്ല

Posted on: August 9, 2016 1:03 pm | Last updated: August 9, 2016 at 4:05 pm
SHARE

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലുള്ള രഘുറാം രാജന്റെ അവസാന പണനയ അവലോകനത്തിലും വായ്പാ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ (വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക്) നിരക്ക് നിലവിലെ 6.5 ശതമാനം ആയിരിക്കും. ബാങ്കുകള്‍ കരുതല്‍ ധനമായി ആര്‍.ബി.ഐയില്‍ സൂക്ഷിക്കേണ്ട പണത്തിന്റെ നിരക്കായ കരുതല്‍ ധനാനുപാതം 4 ശതമാനവുമായും തുടരും.

അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ ലക്ഷ്യം നാലു ശതമാനമായി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ദൈ്വമാസ അവലോകനമാണ് ഇന്ന് നടന്നത്. അടുത്ത അവലോകനത്തിനു മുമ്പ് ഈ ലക്ഷ്യം ഉറപ്പാക്കുന്നതിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അധ്യക്ഷനായ ആറംഗ പണ നയ കമ്മറ്റിയെ ഇതിനായി സര്‍ക്കാര്‍ നിയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണ അധികാരത്തിലുള്ള അവസാന അവലോകനമാണിത്.

ജൂണില്‍ ചില്ലറ വിലപ്പെരുപ്പം 5.77 ശതമാനമായിരിക്കെ മുഖ്യപലിശ നിരക്കുകള്‍ ഇത്തവണ കുറക്കാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു!. ഗവര്‍ണറായി ചുമതലയേറ്റ ശേഷം മൂന്നു വര്‍ഷത്തിനിടെ രാജന്‍ മൂന്നു തവണ പലിശ നിരക്കുകള്‍ ഉയര്‍ത്തുകയും അഞ്ചു തവണ കുറക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ നാലിനാണ് രാജന്റെ കാലാവധി അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here