മലപ്പുറം കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ ഒന്നര വര്‍ഷത്തികം: മന്ത്രി എ കെ ശശീന്ദ്രന്‍

Posted on: August 9, 2016 12:09 pm | Last updated: August 9, 2016 at 12:09 pm

മലപ്പുറം: ജില്ലാ ആസ്ഥാനത്തെ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ നിര്‍മാണം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറികള്‍ ആറു മാസത്തിനകം ലേലം ചെയ്ത് ലഭിക്കുന്ന തുക നിര്‍മാണത്തിനായി വിനിയോഗിക്കും.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് എല്ലാ മാസവും പി ഉബൈദുല്ല എം എല്‍ എയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. മണ്ണെടുക്കുന്നത് നീണ്ടതാണ് നിര്‍മാണം വൈകിപ്പിച്ചത്. ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നതോടെ പതിനഞ്ച് വാഹനങ്ങള്‍ക്ക് അധികം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. പൊന്നാനിയില്‍ നിന്ന്് ഹജ്ജിനു പോകുന്നവര്‍ക്ക് നെടുമ്പാശ്ശേരിയിലേക്ക് ലോ ഫ്‌ളോര്‍ ബസ് അനുവദിക്കും. നിലവില്‍ മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസിന് പുറമെയാണിത്. കാസര്‍ഗോഡുകാര്‍ക്ക് കോഴിക്കോട് നിന്ന് പോകാന്‍ കണക്്ഷന്‍ ബസ് ഏര്‍പ്പെടുത്തും. കെ എസ് ആര്‍ ടി സി ലാഭകരമാക്കേണ്ടത് തൊഴിലാളികളുടെ ചുമതലയാണെന്നും കൂടുതല്‍ ശ്രദ്ധചെലുത്തി ഇക്കാര്യത്തില്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ കട

മുറികള്‍ ലേലത്തില്‍പോവാത്തത് കോടതി ഇടപെട്ടതുകൊണ്ടാണ്.
മലപ്പുറത്ത് നേരിട്ടാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതെന്നതിനാല്‍ ലേലത്തിന് പ്രശ്‌നമുണ്ടാവില്ല. നിലമ്പൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്ന് ഡീസല്‍ അടിക്കുന്നതു മൂലമുള്ള നഷ്ടം നികത്താന്‍ മലപ്പുറത്തെ സ്വകാര്യ പമ്പിനെ ചുമതലപ്പെടുത്തും. നിര്‍ത്തിവെച്ച ബാംഗ്ലൂര്‍ സര്‍വീസ് പുനരാരംഭിക്കും. ജില്ലാ ആസ്ഥാനത്തെ സ്റ്റേഷന്‍ എന്ന നിലയില്‍ മലപ്പുറത്തിന് മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതിയുമുണ്ടായിരുന്നു.