കേരള കോണ്‍ഗ്രസ് ചുവടുമാറ്റം: കൂടരഞ്ഞിയില്‍ ഭരണമാറ്റത്തിന് സാധ്യത

Posted on: August 9, 2016 11:59 am | Last updated: August 9, 2016 at 11:59 am

മുക്കം: സംസ്ഥാനത്ത് കേരള കോണ്‍ഗ്രസ് യു ഡി എഫ് വിട്ട സാഹചര്യത്തില്‍ കൂടരഞ്ഞിയില്‍ രാഷ്ട്രീയ മാറ്റത്തിന് സാധ്യത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലെ സ്ഥിതി തുടരാനാണ് കേരള കോണ്‍ഗ്രസ് (എം) തീരുമാനമെങ്കിലും ഇത് തുടരണമോയെന്ന കാര്യത്തില്‍ യു ഡി എഫില്‍ അഭിപ്രായ ഭിന്നതയുണ്ട്. അങ്ങനെയെങ്കില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യതയേറെയാണ്.

നിലവില്‍ 14 അംഗങ്ങളുള്ള ഭരണസമിതിയില്‍ ഭരണകക്ഷിക്ക് എട്ട് അംഗങ്ങളും പ്രതിപക്ഷത്തിന് ആറ് അംഗങ്ങളുമാണുള്ളത്.
കോണ്‍ഗ്രസ് മൂന്ന്, കേരള കോണ്‍ഗ്രസ് രണ്ട്, മുസ്‌ലിം ലീഗ് രണ്ട്, കോണ്‍ഗ്രസ് വിമത ഒന്ന് എന്നിങ്ങനെയാണ് യു ഡി എഫ് കക്ഷിനില. ഇതില്‍ യു ഡി എഫ് വിമതയായി മത്സരിച്ച് വിജയിച്ച സോളി ജോസഫ് ആണ് പ്രസിഡന്റ്. ലീഗ് അംഗം വി എ നസീര്‍ വൈസ് പ്രസിഡന്റാണ്.

ഇടതുപക്ഷത്തിന്റെ ആറ് അംഗങ്ങളില്‍ സി പി എം അഞ്ച്, ജനതാദള്‍ (യു) ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സംസ്ഥാനത്താകമാനം ജനതാദള്‍ യുനൈറ്റഡ് യു ഡി എഫിനൊപ്പം നിന്നപ്പോള്‍ കൂടരഞ്ഞിയില്‍ ഇടതുപക്ഷത്തായിരുന്നു.
അതേസമയം, കേരള കോണ്‍ഗ്രസ് എം നിഷ്പക്ഷ നിലപാട് സ്വീകരിച്ചാല്‍ പഞ്ചായത്തില്‍ ഇരുപക്ഷത്തും ആറ് വീതം അംഗങ്ങളാകും. അങ്ങനെയെങ്കില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ക്കായി നറുക്കെടുപ്പ് വേണ്ടിവരും. അതല്ല കേരള കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങള്‍ ഇടതുപക്ഷത്തെത്തിയാല്‍ ഭരണമാറ്റവുമുണ്ടാകും.

കാലങ്ങളായി രാഷ്ട്രീയ അരക്ഷിതാവസ്ഥയിലായിരുന്ന കൂടരഞ്ഞിയില്‍ 2010 മുതല്‍ 2015 വരെയാണ് സ്ഥിരതയാര്‍ന്ന ഭരണം നടന്നത്. 2005 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ അഞ്ച് പ്രസിഡന്റുമാര്‍ ഭരിച്ച ചരിത്രവും കൂടരഞ്ഞിക്കുണ്ട്. ഇത്തരമൊരു അവസ്ഥയിലേക്കാണ് ഇപ്പോഴും കാര്യങ്ങള്‍ നീങ്ങുന്നത്. ഇത് എന്താകുമെന്നറിയാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കണം.