ബ്രഹ്മഗിരി മാംസ വിതരണ കേന്ദ്രം ഇനി കോഴിക്കോട്ടും

Posted on: August 9, 2016 11:53 am | Last updated: August 9, 2016 at 11:53 am

കോഴിക്കോട്: കാര്‍ഷിക സഹകരണ രംഗത്ത് വയനാട്ടില്‍ വലിയ വിജയം കൈവരിച്ച ബ്രഹ്മഗിരി മാംസ മൊത്തവിതരണ കേന്ദ്രം ഇനി കോഴിക്കോടും. ബ്രഹ്മഗിരി മലബാര്‍ മാംസ കോഴിക്കോട് കേന്ദ്രം 13ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബീച്ച് പരിസരത്ത് എന്‍ എം ഡി സിക്ക് സമീപമായാണ് ബ്രഹ്മഗിരി മാംസ മൊത്ത വ്യാപാര കേന്ദ്രം പ്രവര്‍ത്തിക്കുക.

ബ്രഹ്മഗിരി എന്‍ എം ഡി സി എം സംയുക്ത സംരംഭമായ കോഴിക്കോട് കേന്ദ്രത്തില്‍ 20 ടണ്ണോളം മാംസങ്ങള്‍ ശീതികരിച്ച് സൂക്ഷിക്കാനുള്ള സൗകര്യവും മൊത്ത വ്യാപരത്തിന്റെ ഓഫീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലക്ക് ഇവിടെ നിന്നും വിവിധ തരത്തിലുള്ള ചിക്കന്‍, മട്ടന്‍, ബീഫ് മാംസങ്ങള്‍ മൊത്തമായി ലഭിക്കും. ബ്രഹ്മഗിരിയുടെ 20 ചില്ലറ ഔട്ട്‌ലെറ്റുകള്‍ കോഴിക്കോട് തയ്യാറായി കഴിഞ്ഞതായി ചെയര്‍മാന്‍ പി കൃഷ്ണ പ്രസാദ് അറിയിച്ചു.

ബ്രഹ്മഗിരിയുടെ മലബാര്‍ മീറ്റ് ഔട്ട്‌ലെറ്റുകള്‍ക്ക് പുറമെ ഹോട്ടലുകള്‍, കാറ്ററിംഗ് ഏജന്‍സികള്‍ എന്നിവക്ക് ആവശ്യമായ ഉത്പന്നങ്ങളും ഇവിടെ നിന്നും ലഭിക്കും. ബ്രഹ്മഗിരി കേന്ദ്രങ്ങള്‍ക്ക് പോത്ത്, ആട്, കോഴി എന്നിവ നല്‍കുന്ന കര്‍ഷകര്‍ക്ക് വലിയ ലാഭം എടുക്കാതെ ഉയര്‍ന്ന വില ഉറപ്പ് വരുത്തും. അടുത്തമാസം 30 നകം 100 ബ്രഹ്മഗിരി ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. നിലവില്‍ പുതുതായി തുടങ്ങുന്ന 21 ഔട്ട്‌ലെറ്റുകള്‍ അടക്കം 71 ഔട്ട്‌ലെറ്റുകളുണ്ട്. ഡിസംബര്‍ 30 നകം മലബാര്‍ മുഴുവന്‍ ഔട്ട്‌ലൈറ്റുകള്‍ തുടങ്ങും. അടുത്തവര്‍ഷം മാര്‍ച്ചിനകം ഇത് സംസ്ഥാന അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട്ടില്‍ കര്‍ഷക ആത്മഹത്യ വ്യാപാകമായിരുന്ന കാലത്താണ് കര്‍ഷകരുടെ ഉടമസ്ഥതയില്‍ ലോകനിലവാരമുള്ള ശീതീകരണ മാംസ സഹകരണ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. ശാസ്ത്രീയമായ കണ്ടീഷനിംഗ് ചെയ്താണ് ഇവിടെ മാസം സൂക്ഷിക്കുന്നത്.