തെരുവ് നായ ശല്യം രൂക്ഷം; കോര്‍പറേഷന്‍ മൂന്നാംഘട്ട വന്ധ്യംകരണ ക്യാമ്പ് സംഘടിപ്പിക്കും

Posted on: August 9, 2016 11:51 am | Last updated: August 9, 2016 at 11:51 am
SHARE

കോഴിക്കോട്: തെരുവു നായ ശല്യം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ മൂന്നാംഘട്ട തെരുവ് നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും. ജൂണ്‍ മാസം ഇത്തരത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. മൂന്നു ദിവസമായി നടന്ന ക്യാമ്പില്‍ നൂറോളം നായകള്‍ക്കാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്.

തെരുവ് നായകളുടെ ഉപദ്രവം വര്‍ധിച്ച സാഹചര്യത്തിലാണ് കോര്‍പറേഷന്‍ രണ്ടാംഘട്ട വന്ധ്യംകരണ പരിപാടി നടപ്പാക്കിയത്. നായകളെ കൊല്ലുന്നത് നിയമപരമായി പാടില്ലാത്തതിനാലാണ് എണ്ണം നിയന്ത്രിക്കുന്നതിനുള്ള എ ബി സി പദ്ധതി. 2014- 15 വര്‍ഷമാണ് പദ്ധതി തുടങ്ങിയത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ മൊബൈല്‍ യൂനിറ്റിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്.

അവരുടെ സൗകര്യം പരിഗണിച്ച് വീണ്ടും ക്യാമ്പ് സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോര്‍പറേഷന്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി രാജന്‍ അറിയിച്ചു. എന്നാല്‍ ഇത്തരം ക്യാമ്പുകള്‍ കൊണ്ട് മാത്രം തെരുവ് നായ ശല്യത്തിന് പെട്ടെന്ന് പരിഹാരമുണ്ടാക്കാന്‍ കഴിയില്ലന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരത്തില്‍ തന്നെ പതിനായിരത്തോളം തെരുവ് നായ്ക്കളെങ്കിലും ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ക്യാമ്പില്‍ വന്ധ്യം കരണത്തിന് എത്തുന്നത് ഇരുന്നൂറോളം നായ്ക്കളാണ്. തെരുവ് നായശല്യം ജനങ്ങളില്‍ ഭീതി പരത്തുമ്പോഴും മറ്റൊന്നും ചെയ്യാനും സാധ്യമല്ലാത്ത നിലയിലാണ്. എന്നാല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആധുനിക സൗകര്യത്തോടെയുള്ള എ ബി സി സെന്ററിന്റെയും ഹൈടെക് ആശുപത്രിയുടെയും പണി പൂര്‍ത്തിയാകുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്.

75 ലക്ഷം ചെലവിട്ട് നിര്‍മിക്കുന്ന ആശുപത്രിയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത് തന്നെ പണി ആരംഭിക്കാനാകും. മാര്‍ച്ച് മാസത്തിനുള്ളില്‍ ആശുപത്രി തുറക്കണമെന്നാണ് കോര്‍പറേഷന്‍ ഉദേശിക്കുന്നതെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. ഫറോക്ക് മേഖലയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം കുണ്ടായിതോട്ടിലെ വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരിക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റത്.

ഫറോക്ക്, നല്ലളം, താലൂക്കാശുപത്രിക്ക് സമീപം, കോട്ടപാടം എന്നിവിടങ്ങളില്‍ തെരുവ് നായകളുടെ ആക്രമണം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഇവിടങ്ങളില്‍ തെരുവു നായയുടെ ആക്രമണത്തില്‍ പിഞ്ചുക്കുഞ്ഞടക്കം ഏഴ് പേര്‍ക്കാണ് പരുക്കേറ്റത്.

ഇറച്ചി മാലിന്യങ്ങള്‍ ഉള്‍പ്പെടെ റോഡരികില്‍ തള്ളുന്നതാണ് നായ ശല്യം വര്‍ധിക്കാന്‍ കാരണം. ബേപ്പൂരിലും നായ്ക്കള്‍ നാട്ടുകാരെ അക്രമിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. നഗരത്തിലും നാ്‌യക്കളുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. പകല്‍ സമയത്തടക്കം തെരുവ് നായ്ക്കള്‍ നഗരത്തിലെത്തുന്നവര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. നായ ശല്യം വര്‍ധിച്ചതോടെ കുട്ടികളെ തനിച്ച് സ്‌കൂളിലേക്ക് അയക്കാനും രക്ഷിതാക്കള്‍ക്ക് ഭയമകുന്നുണ്ട്.

കോര്‍പറേഷന്‍ പരിസരത്തെ ബീച്ച്, ലയണ്‍സ് പാര്‍ക്ക് പരിസരം, ഭട്ട് റോഡ് എന്നിവടങ്ങളിലും നായ ശല്യം വീണ്ടും വര്‍ധിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളില്‍ പോകുന്നവര്‍ക്ക് നേരെ നായകള്‍ ചാടി വീഴുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇരുചക്രവാഹനത്തിന് മുന്നിലേക്ക് നായ്ക്കള്‍ ചാടുമ്പോള്‍ നായയുടെ കടിയേല്‍ക്കുന്നതിന് പുറമെ വീഴ്ചയിലുണ്ടാകുന്ന പരുക്കും സാരമായി ബാധിക്കുകയാണ്. എരഞ്ഞിപ്പാലം ബൈപാസിലൂടെ തെരുവ് നായ ശല്യം മൂലം വഴി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എരഞ്ഞിപ്പാലം ജംഗ്്്ഷന്‍ മുതല്‍ അരയിടത്തുപാലം വരെയുള്ള ബൈപാസ് പരിസരത്ത് പകലും രാത്രിയും തെരുവു്യൂനായ്ക്കളെകൊണ്ട് ശല്യമാണ്.

പല സ്ഥലങ്ങളിലും മാലിന്യം വന്‍ തോതില്‍ വലിച്ചെറിയുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ വലിച്ചെറിയുന്നത് വര്‍ധിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ അറവ് മാലിന്യങ്ങളടക്കം പൊതു വഴിയില്‍ വലിച്ചെറിയുന്നതിനെതിരെ നടപടി ആരംഭിച്ചുവെങ്കിലും ഇതിന് കുറവ് വന്നിട്ടില്ലന്നാണ് സൂചന.