Connect with us

Kozhikode

ഗവ. കോളജുകളെ യു ജി സി നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി രവീന്ദ്രനാഥ്

Published

|

Last Updated

ബാലുശ്ശേരി: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ കോളജുകളെയും യു ജി സി നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനാവശ്യമായ നടപടി സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കിനാലൂര്‍ കെഎസ് ഐ ഡി സി ഗ്രൗണ്ടില്‍, ബാലുശ്ശേരി നിയോജക മണ്ഡലത്തിനനുവധിച്ച ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ ്‌കോളജ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. എയിഡഡ് കോളജുകളില്‍ ഇനി മുതല്‍ അണ്‍ എയിഡഡ് കോഴ്‌സുകള്‍ തുടങ്ങാന്‍ അനുവധിക്കില്ല. ഭാവിയില്‍ കേരളത്തിലെ ഗവ. കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിക്കൊണ്ടുവരും. വൈകാതെ തന്നെ ആയിരം സ്‌കൂളുകളില്‍ ഹൈക് സംവിധാനം കൊണ്ടുവരും. ഇത് പിന്നീട് കോളജുകളിലേക്കും വ്യാപിപ്പിക്കമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളുടെ പഠനത്തിന്റെ ആഴം വളരണമെന്നും മത്സര പരീക്ഷകളെ സമീപിക്കേണ്ട രീതി കുട്ടികള്‍ക്ക് അറിയാത്തതുകൊണ്ടാണ് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയിട്ടും, എന്‍ട്രന്‍സ് പോലുള്ള പരീക്ഷകളില്‍ പിന്നിലാവാന്‍ കാരണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബാലുശ്ശേരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് ആവശ്യമായ സ്ഥലം അനുവധിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ഫണ്ടുള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള എല്ലാ സഹായങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കോളജ് പി ടി എ കമ്മിറ്റി നല്‍കിയ നിവേദനത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. പുരുഷന്‍ കടലുണ്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു.

Latest