കാലിക്കറ്റില്‍ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും അവതാളത്തിലെന്ന് സെനറ്റില്‍ പ്രമേയം

Posted on: August 9, 2016 5:32 am | Last updated: August 9, 2016 at 1:32 am

university of calicutതേഞ്ഞിപ്പലം: വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെ സാരമായി ബാധിക്കുന്ന വിധത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും തുടര്‍ നടപടികളും താളം തെറ്റിയെന്ന് സെനറ്റില്‍ അടിയന്തരപ്രമേയം. ഇതുസംബന്ധിച്ച് ഡോ. ഡി കെ ബാബു അവതരിപ്പിച്ച അടിയന്തിരപ്രമേയം 23 നെതിരെ 24 അംഗങ്ങളുടെ പിന്‍ബലത്തില്‍ പാസായി. വിഷയത്തില്‍ പത്ത് അംഗങ്ങള്‍ അനുകൂലിച്ചും പ്രതികൂലിച്ചും സഭയില്‍ സംസാരിച്ചു. ഒന്ന്, രണ്ട് സെമസ്റ്റര്‍ ബിരുദ പരീക്ഷാ ഫലം പ്രഖ്യാപിക്കുകയും മൂന്ന്, നാല് സെമസ്റ്ററുകളുടെ ഫലം അനന്തമായി നീട്ടികൊണ്ടുപോകുകയും ചെയ്യുന്ന അവസ്ഥയാണെന്ന് പ്രമേയം അവതരിപ്പിച്ച ഡി കെ ബാബു കുറ്റപ്പെടുത്തി. സമയത്തിന് പരീക്ഷ നടത്താത്തതിനാല്‍ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ നഷ്ടപ്പെടുത്തിയാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടത്തുന്നതെന്നും ഫലം പ്രഖ്യാപിച്ച് ആറ് ആഴ്ച കഴിഞ്ഞാണ് ഗ്രേഡ് കാര്‍ഡും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും പരീക്ഷാഭവന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2009ല്‍ സി സി എസ് എസ് സമ്പ്രദായപ്രകാരം പരീക്ഷ നടത്തിയപ്പോള്‍ 36 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചത്. എന്നാലിന്ന് സ്ഥിതിഗതികള്‍ വളരെ മോശമാണെന്ന് ഡി കെ ബാബു ആരോപിച്ചു. പരീക്ഷാകണ്‍ട്രോളറും പരീക്ഷാസ്ഥിരം സമിതി അധ്യക്ഷനും അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഉത്തരവാദികളാണെന്ന് സെനറ്റംഗം കെ വിശ്വനാഥ് അഭിപ്രായപ്പെട്ടു. എന്നാല്‍ പാകപ്പിഴവ് എത്രയും വേഗം പരിഹരിക്കണമെന്ന് പ്രമേയത്തെ അനുകൂലിച്ച ഡോ. അബ്ദുള്‍ മജീദ് ആവശ്യപ്പെട്ടു. ഗ്രേഡ് കാര്‍ഡ് യഥാസമയം വിദ്യാര്‍ഥികള്‍ക്ക് നല്‍കാത്തത് സര്‍വകലാശാലയുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ സമ്പ്രദായത്തില്‍ അടിമുടി മാറ്റം വരുത്തി ക്ലാസുകള്‍ തുടങ്ങുന്നത് സമയബന്ധിതമാക്കണമെന്ന് പ്രമേയത്തെ എതിര്‍ത്ത അംഗം സമദ് മങ്കട പറഞ്ഞു. ബിരുദ ഫലം വൈകിയതിനാല്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ പഠിച്ചവര്‍ക്ക് ഇത്തവണ ബി.എഡിന് അപേക്ഷിക്കാനായില്ല. വളരെ വൈകിയാണ് ഇത്തവണയും ബിരുദ പ്രവേശനം നടക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളാണ് പരീക്ഷാ ഫലപ്രഖ്യാപനം വൈകാനിടയാക്കുന്നതെന്നും സമദ് വ്യക്തമാക്കി. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ബിരുദ കോഴ്‌സുകള്‍ മൂന്ന് വര്‍ഷം വരെയാകുന്ന അവസ്ഥയാണ് കാലിക്കറ്റ് സര്‍വകലാശാലയിലെന്ന് പ്രമേയത്തെ പിന്തുണച്ച ഡോ. പി ഗോഡ് വിന്‍ സാംരാജ് പറഞ്ഞു. ഗ്രേഡ് കാര്‍ഡും പ്രൊവിഷണലും സമയത്തിന് നല്‍കാത്തത് വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനം നിഷേധിക്കുന്നതിന് തുല്യമാണെന്ന് പ്രമേയത്തെ പിന്തുണച്ച ഡോ. സി സി ബാബു അഭിപ്രായപ്പെട്ടു.
എന്നാല്‍ രാവും പകലും പരീക്ഷാഭവന്‍ ജീവനക്കാര്‍ ജോലിയെടുത്താണ് പരീക്ഷാ ഫലപ്രഖ്യാപന നടപടികള്‍ നിര്‍വഹിക്കുന്നതെന്ന് പ്രമേയത്തെ ശക്തമായി എതിര്‍ത്ത പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ എം നസീര്‍ പ്രതികരിച്ചു. ജീവനക്കാരെ അപമാനിക്കുന്ന വിധത്തിലാണ് പ്രമേയം. ഇത്തരമൊരു പ്രമേയത്തിന് വൈസ് ചാന്‍സിലര്‍ അവതരണാനുമതി നല്‍കാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
40 ശതമാനം വിദ്യാര്‍ഥികളുടെ ഫലം മാത്രമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇന്നിപ്പോള്‍ കേരളത്തില്‍ ആദ്യം ബിരുദ ഫലം പ്രഖ്യാപിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയാണ്. വിദ്യാര്‍ഥികളുടെ വര്‍ധനക്ക് അനുസരിച്ച് കാര്യങ്ങള്‍ നടത്താനുള്ള ഭൗതിക സാഹചര്യം പരീക്ഷാഭവനിലില്ല. ഇതുസംബന്ധിച്ച് സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടി മികവുറ്റതാക്കണമെന്നും നല്ല നിലവാരമുള്ള വിദ്യാര്‍ഥികള്‍ തന്നെയാണ് സര്‍വകലാശാലക്ക് കീഴിലുള്ളതെന്നും കെ എം നസീര്‍ പറഞ്ഞു. ഇത്തരമൊരു പ്രമേയത്തിന് പിന്നില്‍ മറ്റെന്തോ താല്‍പര്യമുള്ളതായി സംശയിക്കുന്നതായി സഭയിലെ അംഗം അഡ്വ. എന്‍ രാജന്‍ തുറന്നടിച്ചു. താന്‍ പ്രമേയത്തെ ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പരീക്ഷകള്‍ കൃത്യസമയത്ത് നടത്തി ഫലം പ്രഖ്യാപിക്കണമെന്ന് പ്രമേയത്തെ എതിര്‍ത്തുകൊണ്ട് പി വി ഗംഗാധരന്‍ പറഞ്ഞു.
എന്നാല്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പോരായ്മകള്‍ പരിഹരിക്കണമെന്ന് സഭയുടെ അധ്യക്ഷനായ വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബശീര്‍ കൂട്ടിച്ചേര്‍ത്തു.