Connect with us

Kerala

മാണിയോട് മമത കാട്ടി ലീഗ് മുഖപത്രം; കടന്നാക്രമിച്ച് 'വീക്ഷണം'

Published

|

Last Updated

കോഴിക്കോട്: മൂന്ന് പതിറ്റാണ്ടോളം ഒപ്പം നിന്ന കെ എം മാണി ഒരു ദിവസംകൊണ്ട് കോണ്‍ഗ്രസുകാര്‍ക്ക് രാഷ്ട്രീയ കുരുടന്‍. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ വേര്‍പിരിയലില്‍ സങ്കടം തുറന്ന് പറഞ്ഞും മാണി സാറിന്റെ മഹത്വം ഓര്‍മപ്പെടുത്തിയും മുസ്‌ലിം ലീഗ്. ഇരുപാര്‍ട്ടികളുടെയും മുഖപത്രങ്ങളിലെ ഇന്നലെ പുറത്തിറങ്ങിയ മുഖപ്രസംഗങ്ങളിലാണ് മാണിയോടുള്ള പരസ്പര വിരുദ്ധമായ നിലപാട് മറനീക്കി പുറത്തുവന്നത്. മാണിയെ വഞ്ചകനായും രാഷ്ട്രീയ കുതികാല്‍ വെട്ടിന്റെ വൈറസുകാരനായുമെല്ലാം വീക്ഷണം മുദ്രകുത്തുമ്പോള്‍, മാണി യു ഡി ഫ് വിട്ടതില്‍ പരോക്ഷമായി കോണ്‍ഗ്രസിനെ ലീഗ് കുറ്റപ്പെടുത്തുന്നു. കെ എം മാണി കോണ്‍ഗ്രസിന് “നന്ദികേടിന്റെ മറുനാമ”മാകുമ്പോള്‍, ലീഗിന് ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയക്കാരനാണ്.
മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും കേരള രാഷ്ട്രീയത്തിലെയും പല ചരിത്ര മുഹൂര്‍ത്തങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീക്ഷണം മാണിയെ കടന്നാക്രമിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിലെ കാവിസംഘത്തില്‍ നിന്ന് അച്ചാരം വാങ്ങിയ മാണിക്കുള്ള ബംബര്‍ ഓഫര്‍ മകന് വാഗ്ദാനം ചെയ്തിരിക്കുന്ന കേന്ദ്രമന്ത്രിപദമാണെന്ന് “വീക്ഷണം” പറയുന്നു. അധികാരത്തിന്റെ ചൂളത്തെരുവില്‍ മാണിക്ക് രാഷ്ട്രീയ അന്ത്യം ഉണ്ടാകും. അധികാരത്തോടുള്ള ഒടുങ്ങാത്ത xkmmani4-08-1470642728.jpg.pagespeed.ic.YB5Nbrskwdആര്‍ത്തി വാഴ്ത്തിയവരെയും വീഴ്ത്തിയവരെയും തിരിച്ചറിയാനാകാത്ത വിധം മാണിയെ അന്ധനാക്കി. പുത്രന്റെ രാഷ്ട്രീയ മോഹങ്ങള്‍ അതിനോട് ചേര്‍ന്നപ്പോള്‍ മാണി പൂര്‍ണ കുരുടനായി മാറി തുടങ്ങി പരിഹാസത്തിന്റെ കൊട്ട തന്നെയാണ് നന്ദികേടിന്റെ മറുനാമമെന്ന തലക്കെട്ടില്‍ വീക്ഷണം മുഖപ്രസംഗത്തിലുള്ളത്.
മുന്നണിവിടാന്‍ മാണി പറഞ്ഞ മുരട്ട് ന്യായങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. യു ഡി എഫ് എം എല്‍ എമാര്‍ മാറിടം മതിലാക്കിയതുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ച് മാണിക്ക് മാനം കാക്കാനായത്. മാണിയുടെ രാഷ്ട്രീയ ചരിത്രത്തെ രക്തപരിശോധനക്ക് വിധേയമാക്കിയാല്‍ കുതികാല്‍ വെട്ടിന്റെയും വഞ്ചനയുടെയും വൈറസുകള്‍ നിറയെ കാണും. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവ് കെ എം ജോര്‍ജിന്റെ ഹൃദയം തകര്‍ത്തത് മുതല്‍ ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് വരെയുള്ളവരുടെ രാഷ്ട്രീയ അനാഥത്വം വരെ ദീര്‍ഘിച്ചുകിടക്കുന്നു മാണിയുടെ രാഷ്ട്രീയ ക്രൂരകൃത്യങ്ങള്‍. പാര്‍ട്ടിക്കകത്ത് ചതിച്ചും ചതച്ചരച്ചും വളര്‍ന്ന മാണി മുന്നണിക്കകത്ത് വിലപേശിയും സമ്മര്‍ദം പ്രയോഗിച്ചും തന്റെ തല ഉയര്‍ത്തിപ്പിടിച്ചു. 82ല്‍ നായനാരെ പിന്നില്‍ നിന്നും കുത്തി എല്‍ ഡി എഫില്‍ നിന്ന് യു ഡി എഫിലേക്ക് ചേക്കേറുമ്പോള്‍ കീറപ്പായയും മുഷിഞ്ഞ തലയണയും ആയിരുന്നു കൈവശമുണ്ടായിരുന്നത്. കരുണാകരന്റെ കാരുണ്യംകൊണ്ട് യു ഡി എഫില്‍ കഴിഞ്ഞുകൂടാനുള്ള ഇടം കിട്ടിയ കൊച്ചു മാണി പ്രമാണിയായി വളരാന്‍ തുടങ്ങി. കാല്‍കുത്താന്‍ ഇടം നല്‍കിയ കരുണാകരനെ കാല് വാരിക്കൊണ്ട് മാണി മിടുക്ക് കാണിച്ചു തുടങ്ങിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കന്നു.
യു ഡി എഫിലെ പൂക്കാലം അവസാനിച്ചിരിക്കുന്നുവെന്നും ഇനി കാവിസംഘത്തിന്റെ മരച്ചോട്ടില്‍ കായ്കള്‍ പെറുക്കാമെന്നുമാണ് മാണിയുടെയും മകന്റെയും അതിമോഹം. യു ഡി എഫിലിരുന്ന് എല്‍ ഡി എഫിന്റെ മുഖ്യമന്ത്രിയാകാന്‍ മോഹിച്ച മാണിയുടെ മനസ്സില്‍ അധികാരം എന്നും കടിഞ്ഞാണില്ലാത്ത കുതിരയാണെന്നും വീക്ഷണം പരിഹസിക്കുന്നു.
“കേരളത്തിന്റെ മതേതര മനസ്സും കേരള കോണ്‍ഗ്രസ്സും” എന്ന ചന്ദ്രികയിലെ മുഖപ്രസംഗത്തില്‍ മാണിയുടെ സംഭാവനകള്‍ വാഴ്ത്തുകയാണ്. യു ഡി എഫ് – കേരളാ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ കൂടുതല്‍ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയും സമയവും ഉണ്ടായിരുന്നു. അത് പ്രയാജനപ്പെടുത്തുകയും ആവാമായിരുന്നു. ഇക്കാര്യത്തില്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്നവരില്‍ നിന്ന് ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടായില്ലെന്ന് കോണ്‍ഗ്രസിനെതിരെ ലീഗ് ഒളിയമ്പ് വിടുന്നു.
മാണിയുടെ തീരുമാനത്തില്‍ പുനരാചോലനയുണ്ടാകുമെന്ന് തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള നേതാവാണ് മാണി, ദീര്‍ഘവീക്ഷണമുള്ള പൊതുപ്രവര്‍ത്തകന്‍. യു ഡി എഫിന് പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രാഗത്ഭ്യത്തോടെ മുന്നോട്ടു നയിച്ച നേതാവ് എന്നിങ്ങനെ മാണിയെ പുകഴ്ത്തുത്തുന്ന ചന്ദ്രിക ബി ജെ പി വിരിച്ചിട്ട വലയിലേക്ക് വീഴരുതെന്ന് ഉപദേശിക്കുന്നു. രാഷ്ട്രീയ പക്വതയും വിവേകവും മറ്റേതു നേതാവിനേക്കാളും മാണിക്കുണ്ടെന്നും ചന്ദ്രിക പുകഴ്ത്തുന്നു.

Latest