Connect with us

Kerala

മാണിയെ പ്രകോപിപ്പിക്കില്ല; സമവായ സാധ്യത തേടി ലീഗ്

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫ് വിട്ട കേരളാകോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ മുസ്‌ലിം ലീഗ് ഇടപെടുന്നു. കെ എം മാണിയെ ഫോണില്‍ വിളിച്ച പി കെ കുഞ്ഞാലിക്കുട്ടി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷം കൂടുതല്‍ ദുര്‍ബലമാകുന്നത് വരും കാല തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണപ്രതിസന്ധിയും മുന്നില്‍ കണ്ടാണ് ഒത്തുതീര്‍പ്പ് നീക്കം. രണ്ടുദിവസത്തിനകം കുഞ്ഞാലിക്കുട്ടിയും മാണിയും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. സമവായ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസിനെയും കെ എം മാണിയെയും പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്നാണ് യു ഡി എഫിലെ ധാരണ.
കോണ്‍ഗ്രസിനെതിരെ മാണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കും. കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കില്ല. മുസ്‌ലിംലീഗ് നടത്തുന്ന ചര്‍ച്ചകളോട് മുഖംതിരിക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു ഡി എഫ് കണ്‍വ ീനര്‍ പി പി തങ്കച്ചന്‍, കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍, തലസ്ഥാനത്തെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ആശയവിനിമയത്തില്‍ പങ്കാളികളായി. ചരല്‍ക്കുന്നില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിനും ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കുമെതിരേ മാണി വിഭാഗം രൂക്ഷമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിനെ ബറ്റാലിയന്‍ രൂപീകരിച്ച് കാലുവാരിയെന്നും മാണിയെ പാലായില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പ്രധാന ആരോപണം. ഇത്തരം ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ത്തന്നെ മറുപടി നല്‍കുന്നതിലൂടെ പൊതുസമൂഹത്തിലുണ്ടാവുന്ന ആശയക്കുഴപ്പമൊഴിവാക്കണമെന്ന പൊതുവികാരമാണ് കോണ്‍ഗ്രസില്‍.
വഴിപിരിഞ്ഞതായി കെ എം മാണി പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ചക്കുള്ള വഴികള്‍ അടച്ചിടേണ്ടതില്ലെന്ന്് കോണ്‍ഗ്രസ് കരുതുന്നു. അതുകൊണ്ടാണ് മനപ്പൂര്‍വം മാണിയെ കൂടുതല്‍ പ്രകോപിപ്പിക്കാത്ത സമീപനം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഒരുരാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കേരളാ കോണ്‍ഗ്രസിന് അവകാശമുണ്ടെന്നും ഈ സാഹചര്യത്തില്‍ കോലംകത്തിക്കലും പ്രകടനവും നടത്തി പ്രകോപനമുണ്ടാക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസുമായി ഏറ്റുമുട്ടലിനില്ലെന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാണി വിഭാഗവുമായി പുലര്‍ത്തേണ്ട ബന്ധം സംബന്ധിച്ച് നാളെ ചേരുന്ന യു ഡി എഫ് യോഗത്തില്‍ തീരുമാനമുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രം കേരളാ കോണ്‍ഗ്രസുമായി ഭരണം പങ്കിടേണ്ടെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്. അങ്ങനെ വരുമ്പോള്‍ കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണമാറ്റത്തിന് വഴിയൊരുങ്ങാന്‍ സാധ്യതയുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ ബന്ധം വിച്ഛേദിക്കുന്നത് സംബന്ധിച്ച് ഘടകകക്ഷികളുടെയും അഭിപ്രായം അറിയേണ്ടതുണ്ട്. അതിനിടെ, മുന്നണി വിട്ട മാണിയോടുള്ള തുടര്‍നിലപാടില്‍ കോണ്‍ഗ്രസ്സിലും അഭിപ്രായഭിന്നതകള്‍ തുടരുകയാണ്. ഐ ഗ്രൂപ്പും വിഎം സുധീരന്‍ പക്ഷവും മാണിയെ കടന്നാക്രമിക്കുമ്പോള്‍ എ വിഭാഗം മൃദുസമീപനം പൂര്‍ണമായും വിട്ടിട്ടില്ല. പാര്‍ട്ടിയെ അപമാനിച്ച മാണിയുടെ ഔദാര്യത്തില്‍ തദ്ദേശഭരണം വേണ്ടെന്നാണ് മാണി വിരുദ്ധരുടെ നിലപാട്. എന്നാല്‍ എല്‍ ഡി എഫ്, എന്‍ ഡി എവിരുദ്ധ വോട്ടുകള്‍ നേടി ലഭിച്ച തദ്ദേശഭരണം അത്രപെട്ടെന്ന് വേണ്ടെന്ന് വെക്കണോയെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.