സാക്കിര്‍ നായിക്കിന്റെ സംഘടന നിരോധിക്കാന്‍ കേന്ദ്ര നീക്കം

Posted on: August 9, 2016 6:34 am | Last updated: August 9, 2016 at 12:35 am
SHARE

ന്യൂഡല്‍ഹി: സഫലി ആശയ പ്രചാരകന്‍ സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐ ആര്‍ എഫ്) നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നു. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് പിടിക്കപ്പെടുന്നവര്‍ക്ക് പ്രചോദനമായിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സംഘടനയെ നിരോധിക്കുന്നതിനെക്കുറിച്ച് കേന്ദ സര്‍ക്കാര്‍ ആലോചിക്കുന്നത്. വിവാദ പ്രസംഗങ്ങളുടെ പേരില്‍ സാക്കിറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ വിവരങ്ങള്‍ ഇതിനോടകം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. ഇവയില്‍ വിശദമായി പരിശോധന നടത്തിയ ശേഷമായിരിക്കും സാക്കിറിന്റെ പ്രസ്ഥാനത്തെ നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. സാക്കിര്‍ നായിക് 1991ല്‍ രൂപം നല്‍കിയ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യു എ പി എ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കാമെന്നാണ് നിയമമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ നിയമമന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
എന്നാല്‍, വിദ്വേഷ പ്രസംഗം നടത്തിയതിന് സര്‍ക്കാറിന്റെ കൈവശം തെളിവുകളില്ലെന്നും സാക്കിര്‍ നായിക് തീവ്രവാദികളെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അവകാശപ്പെട്ടു.