നേപ്പാളിലേക്ക് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മോചിപ്പിച്ചു

Posted on: August 9, 2016 12:34 am | Last updated: August 9, 2016 at 12:34 am

sparsh-with-parents_650x400_81470641206കാതിഹാര്‍: ബീഹാറില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ ഒരാഴ്ചക്ക് ശേഷം നേപ്പാളില്‍ നിന്ന് മോചിപ്പിച്ചു. പ്രദേശത്ത് അറിയപ്പെടുന്ന വ്യാപാരിയായ ഭാനു അഗര്‍വാളിന്റെ മകള്‍ സ്പര്‍ശയെയാണ് സ്‌കൂള്‍ വിട്ട് വരും വഴി അജ്ഞാതര്‍ ഒരാഴ്ച മുമ്പ് തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസത്തിന് ശേഷം 25 കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഈ സംഘം ഭാനു അഗര്‍വാളിനെ വിളിക്കുകയായിരുന്നു. ഈ ഫോള്‍ കോള്‍ പിന്തുടര്‍ന്ന പോലീസ് കോണ്‍ഗ്രസ് നേതാവും മുന്‍ പാര്‍ലിമെന്റ് അംഗവുമായ നരേഷ് യാദവിന്റെ മകന്‍ സന്തോഷ് യാദവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, നേപ്പാളിലെ വിരാട്‌നഗറില്‍ നിന്നാണ് വിദ്യാര്‍ഥിനിയെ മോചിപ്പിച്ചത്.
തുടര്‍ന്ന് സ്പര്‍ശയെ നേപ്പാള്‍ പോലീസ് ഇന്ത്യ അതിര്‍ത്തി വരെ എത്തിക്കുകയായിരുന്നു. മോചന വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ സ്വീകരിക്കുന്നതിനായി ഭാനു അഗര്‍വാളും ഭാര്യയും ഇവിടെ എത്തി. സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ കാരണം മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോപണങ്ങള്‍ നേരിടുന്നതിനിടെയാണ് ഈ സംഭവവും ഉണ്ടായിട്ടുള്ളത്. വാഹനം മറികടന്നതില്‍ പ്രകോപിതനായി ഒരു മാസം മുമ്പ് എം എല്‍ എയുടെ മകന്‍ കോളജ് വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്ന സംഭവം ബീഹാറില്‍ വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.