യു ഡി എഫ് ബന്ധം വിഛേദിക്കാന്‍ മാണിക്ക് ധൈര്യം നല്‍കിയത് സി പി എം ഉന്നതരുടെ ഉറപ്പുകള്‍

Posted on: August 9, 2016 5:26 am | Last updated: August 9, 2016 at 12:27 am

കോട്ടയം: മുന്നണികളോട് സമദൂരം പാലിക്കുമെന്ന് പ്രഖ്യാപിച്ച് യു ഡി എഫ് വിട്ട കെ എം മാണിക്ക് ഉറച്ച തീരുമാനങ്ങളെടുക്കാന്‍ ധൈര്യം പകര്‍ന്നത് സി പി എം ഉന്നത നേതൃത്വത്തില്‍ നിന്ന് ലഭിച്ച ഉറപ്പുകളെന്ന് സൂചന. എന്നാല്‍ തിരക്കിട്ട് എല്‍ ഡി എഫ് സഖ്യത്തിനോ പിണറായി സര്‍ക്കാരിനെ പിന്തുണക്കാനോ പാര്‍ട്ടി ഉണ്ടാകില്ല. ഘട്ടംഘട്ടമായി ഇടതുപക്ഷത്തേക്ക് അടുക്കാനാണ് കേരള കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കിടയിലുണ്ടായിരിക്കുന്ന ധാരണ.
കേരള കോണ്‍ഗ്രസിനെ തത്ക്കാലം പരസ്യമായി സി പി എം എതിര്‍ക്കുമെങ്കിലും കോണ്‍ഗ്രസുമായി പ്രാദേശിക തലങ്ങളിലുള്ള ധാരണകളും കരാറുകളും ഇല്ലാതാകുന്നതോടുകൂടി എതിര്‍പ്പുകളുടെ സ്വരം മയപ്പെടുത്തുന്നതാണ് ഇരുപാര്‍ട്ടികള്‍ക്കും നല്ലതെന്ന വിലയിരുത്തലും നേതാക്കള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസുമായി യാതൊരു ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കും മുതിരാതെ യു ഡി എഫ് ബന്ധം വിഛേദിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് ധൈര്യം നല്‍കിയത് ചില സി പി എം നേതാക്കളില്‍ നിന്നും ലഭിച്ച വ്യക്തമായ ഉറപ്പുകളായിരുന്നു.
സംസ്ഥാനത്ത് യു ഡി എഫിന്റെ തകര്‍ച്ച ഉറപ്പാക്കാന്‍ കാരണക്കാരനായ കെ എം മാണിയെയും കേരള കോണ്‍ഗ്രസിനെയും സംരക്ഷിക്കാന്‍ സി പി എം ഉണ്ടാകുമെന്ന് മാണിക്കും കൂട്ടര്‍ക്കും സി പി എം ഉന്നതനേതൃത്വം ആഴ്ചകള്‍ക്ക് മുമ്പേ വാക്കുനല്‍കിയിരുന്നു. കോണ്‍ഗ്രസിനെ കടന്നാക്രമിക്കുമ്പോഴും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ യു ഡി എഫുമായി ധാരണ തുടരുമെന്ന് കെ എം മാണിയുടെ അടവുനയത്തിന് പിന്നിലും സി പി എമ്മിന്റെ രാഷ്ട്രീയ തന്ത്രമാണെന്നാണ് വിലയിരുത്തല്‍.
കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ തുടരുന്ന ധാരണകള്‍ കോണ്‍ഗ്രസ് ലംഘിച്ചാല്‍ കേരള കോണ്‍ഗ്രസിനെ പ്രാദേശിക തലങ്ങളില്‍ സഹകരിപ്പിക്കാന്‍ ഇടതുപക്ഷം തയ്യാറാകുമെന്ന സൂചനകളും ഇതിനകം പുറത്തു വരുന്നുണ്ട്. കെ എം മാണിയുമായി യാതൊരു സഹകരണവും വേണ്ടെന്ന ഉറച്ചനിലപാടിലാണ് മധ്യകേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ബഹുഭൂരിപക്ഷവും. മാണിയുമായി ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടേണ്ടെന്നും ഇവര്‍ വാദിക്കുന്നു. നാളത്തെ യു ഡി എഫ് യോഗത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ധാരണകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ യു ഡി എഫ് തീരുമാനത്തിന് കാക്കുകയാണ് കേരള കോണ്‍ഗ്രസ്. ബാര്‍കോഴക്കേസില്‍ കെ എം മാണിക്കെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് തെളിവുകള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ഇടതുസര്‍ക്കാരില്‍ നിന്നും ക്ലീന്‍ ചിറ്റ് അന്വേഷണ റിപ്പോര്‍ട്ടാണ് മാണി ആഗ്രഹിക്കുന്നത്.
ബി ജെ പിയുടെ വളര്‍ച്ച തടയുന്നതിന് ഇടതുപക്ഷത്തിന് ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയ വര്‍ദ്ധിച്ച പിന്തുണയും ഇടതുചേരിയില്‍ പുതിയൊരു പരീക്ഷണം നടത്താന്‍ കേരള കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നു.