പോലീസുകാര്‍ മൂന്നാംമുറ അവസാനിപ്പിക്കണമെന്ന് ഡി ജി പി

Posted on: August 9, 2016 12:23 am | Last updated: August 9, 2016 at 12:23 am

തിരുവനന്തപുരം: പോലീസിന്റെ മൂന്നാംമുറ അവസാനിപ്പിക്കണമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങളോട് മാന്യമായ പെരുമാറ്റമാണ് എല്ലാ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അതിനുവിരുദ്ധമായ പ്രവണതകള്‍ ഒഴിവാക്കാന്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.
കുറ്റാന്വേഷണങ്ങളുടെയും പരാതികളുടെയും ഭാഗമായി കസ്റ്റഡിയിലെടുക്കുന്നവരോട് മൂന്നാംമുറ പാടില്ലെന്നും ട്രാഫിക് പരിശോധന, ക്രമസമാധാനപാലനം തുടങ്ങിയ അവസരങ്ങളില്‍ പ്രകോപനമുണ്ടായാല്‍പ്പോലും പരമാവധി സംയമനം പാലിക്കണമെന്നും ജനങ്ങളോട് മാന്യവും സൗഹാര്‍ദപൂര്‍ണവുമായി ഇടപെടണമെന്നുമുള്ള നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവിയെന്ന നിലയില്‍ ചുമതലയേറ്റവേളയില്‍ തന്നെ നല്‍കിയിരുന്നു. എന്നാല്‍ അതിനുവിരുദ്ധമായിട്ടുള്ള നടപടികള്‍ ഇപ്പോഴും ചില പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി കാണുന്നുണ്ട്.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ട്രാഫിക് പരിശോധനാ വേളയില്‍ ഒരാളെ വയര്‍ലസ് സെറ്റ് കൊണ്ടടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച നടപടി അത്തരത്തിലുള്ള ഒന്നാണ്. ഇത് അങ്ങേയറ്റം ഗൗരവതരമായി കാണുന്നു. ഈ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും, ക്രിമിനല്‍ കേസും വകുപ്പുതല നടപടികളുമെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു പെരുമാറ്റം പോലീസ് സേനാംഗത്തിന്റെ ഭാഗത്ത ്‌നിന്നുണ്ടായതില്‍ സംസ്ഥാന പോലീസ് മേധാവി എന്ന നിലയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാംമുറക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാരും, റെയ്ഞ്ച് ഐ ജിമാരും സോണല്‍ എ ഡി ജി പിമാരും വ്യക്തിപരമായ ശ്രദ്ധ ചെലുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.
പൊതുജനങ്ങളോടുള്ള സമീപനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വൈകാരിക മനോഭാവം, ഭാഷ, ആശയവിനിമയശേഷി, മറ്റുളളവരോടുള്ള ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സോഫ്റ്റ് സ്‌കില്‍ പരിശീലന പരിപാടി ഈ മാസം മുതല്‍ നടപ്പാക്കുമെന്നും ബെഹ്‌റ പറഞ്ഞു.