താമസം വാടക വീട്ടില്‍; അവഗണനയുടെ ഗോള്‍പോസ്റ്റില്‍ ഒരു ഒളിമ്പ്യന്‍

Posted on: August 9, 2016 6:02 am | Last updated: August 9, 2016 at 12:22 am
SHARE
ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് തന്റെ  ഒളിമ്പിക്‌സ്  മെഡലുമായി
ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് തന്റെ
ഒളിമ്പിക്‌സ്
മെഡലുമായി

കണ്ണൂര്‍: റിയോ ഒളിമ്പിക്‌സില്‍ മലയാളി ക്യാപ്റ്റന്‍ ശ്രീജേഷിന്റെ നായകത്വത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം മുന്നേറുമ്പോള്‍ മുന്‍ ഒളിമ്പിക് ഹോക്കി മെഡല്‍ ജേതാവിന്റെ താമസം ഇപ്പോഴും വാടക വീട്ടില്‍ തന്നെ.
ഒരുകാലത്ത് ഇന്ത്യയുടെ ഗോള്‍വല കാത്ത ഒളിമ്പ്യന്‍ മാനുവന്‍ ഫ്രെഡറിക്കിനാണ് ഈ ദുര്‍ഗതി. കണ്ണൂര്‍ ബര്‍ണശ്ശേരി സ്വദേശിയായ മാനുവല്‍ 1972 ല്‍ പശ്ചിമ ജര്‍മനിയിലെ മ്യൂണിച്ച് ഒളിമ്പിക്‌സിലാണ് ഇന്ത്യക്ക് വേണ്ടി ഹോക്കി മത്സരത്തില്‍ കളിക്കളത്തിലിറങ്ങിയത്. കളിച്ച മത്സരങ്ങളിലെല്ലാം മികച്ച വിജയം നേടിയ ഇന്ത്യ സെമിയില്‍ പാക്കിസ്ഥാനോട് തോറ്റു. ബ്രിട്ടന്‍, ആസ്‌ത്രേലിയ, പോളണ്ട്, കെനിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ അന്ന് ഇന്ത്യ തറപറ്റിച്ചു. ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി. പക്ഷെ, സെമിയില്‍ അയല്‍ക്കാരായ പാക്കിസ്ഥാനോടെ പൊരുതിത്തോറ്റു. എങ്കിലും പോളണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കി വെങ്കല മെഡല്‍ നേടി. സേഫ്റ്റി ഗാര്‍ഡും പാഡുമില്ലാതെ വെറും ഹോക്കി സ്റ്റിക്കും ഷൂസുമിട്ടാണ് ഗോള്‍ വല കാത്തത്. 11-ാം വയസ്സില്‍ തന്നെ ഹോക്കി സ്റ്റിക്കുമായി കളത്തിലിറങ്ങിയ മാനുവല്‍ 24-ാം വയസ്സിലാണ് ഒളിമ്പിക് മെഡല്‍ കരസ്ഥമാക്കിയത്.
ഇന്ത്യന്‍ സൈന്യത്തില്‍ സേവനം ചെയ്യുമ്പോഴാണ് ഹോക്കിയില്‍ തിളങ്ങിയത്. നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത് ഗോള്‍ വലയം കാത്ത് കപ്പുകള്‍ നേടിക്കൊടുത്തു. ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ്, ടെസ്റ്റ് പരമ്പരകള്‍ രാജ്യന്തര മത്സരങ്ങള്‍ തുടങ്ങി അന്ന് മാനുവല്‍ ഇല്ലാതെ ഹോക്കി മത്സരമില്ല എന്ന് തന്നെ പറയാം. ഒളിമ്പിക്‌സ് മെഡല്‍ നേടിയ അന്നത്തെ ടീമിലെ ഏഴ് പേര്‍ക്ക് അര്‍ജുനയും രണ്ട് പേര്‍ക്ക് പത്മഭൂഷണവും രണ്ട് പേര്‍ക്ക് പത്മവിഭൂഷണവും നല്‍കി രാജ്യം ആദരിച്ചു. പക്ഷെ, തന്നെ മാത്രം അവഗണിച്ചുവെന്നാണ് മാനുവലിന്റെ പരിഭവം. എന്തിന് കായിക പെന്‍ഷന്‍ പോലുമില്ല. ബെംഗളൂരുവില്‍ വാടക വീട്ടില്‍ താമസിക്കുന്ന മാനുവല്‍ തനിക്ക് കണ്ണൂരില്‍ തന്നെ താമസം തുടരണമെന്നാണ് ആഗ്രഹമെന്ന് പറയുന്നു.
അതിന് ഇവിടെ വീട് വേണം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് സെന്റ് ഭൂമിയും വീട് നിര്‍മിക്കാന്‍ 20 ലക്ഷവും നല്‍കിയുരുന്നു. പക്ഷെ, അതൊക്കെ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. അതേസമയം, എന്ത് ത്യാഗം ചെയ്തും മാനുവല്‍ ഫ്രെഡറിക്കിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. കോര്‍പറേഷന്‍ സ്ഥലം ലഭ്യമാകുന്നില്ലെങ്കില്‍ ജലസേചന വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുമെന്നും എത്രയും വേഗം വീടിന്റെ പണി തുടങ്ങുമെന്നും അതിന് മുഴുവന്‍ കായിക പ്രേമികളുടെയും ജനങ്ങളുടെയും പിന്തുണയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ ഒളിമ്പ്യന്‍ കണ്ണൂര്‍ എന്ന പുസ്തകം മാനുവല്‍ ഫ്രെഡറിക്കിന് നല്‍കി പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാധ്യമ പ്രവര്‍ത്തകന്‍ ജി ദിനേശ് കുമാറാണ് പുസ്തകം രചിച്ചത്. പ്രസ് ക്ലബ് പ്രസിഡന്റ് കെ ടി ശശി അധ്യക്ഷത വഹിച്ചു. കണ്ണൂരിലെ കൈരളി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here