ജൂണില്‍ ഗതാഗത നിയമലംഘനവും വാഹനാപകടവും കുറഞ്ഞു

Posted on: August 8, 2016 9:15 pm | Last updated: August 8, 2016 at 9:15 pm

ദോഹ: ജൂണ്‍ മാസം രാജ്യത്ത് ഗതാഗത നിയമലംഘനം 22.2 ശതമാനം കുറഞ്ഞതായി ഡെവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 12.6 ശതമാനവും കുറഞ്ഞിട്ടുണ്ട്. അതേസമയം പുതിയ വാഹന രജിസ്‌ട്രേഷനും വാഹനാപകടവും കുറഞ്ഞിട്ടുണ്ട്.
ജൂണില്‍ മൊത്തം 1.1 ലക്ഷം ഗതാഗത നിയമലംഘനങ്ങളാണ് രാജ്യത്തുണ്ടായത്. മെയ് മാസം ഇത് 1.42 ലക്ഷം ആയിരുന്നു. റഡാറില്‍ പതിഞ്ഞ നിയമലംഘനം ഉയര്‍ന്ന നിലയിലാണ്; 65959 എണ്ണം. ജൂണില്‍ 4219 വാഹനങ്ങളാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. മെയ് മാസം ഇത് 4424 ആയിരുന്നു. ജൂണില്‍ 449 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസം ഇത് 543 ആയിരുന്നു. 370 നിസ്സാര അപകടങ്ങളും 60 പ്രധാന അപകടങ്ങളുമുണ്ടായി. അപകടങ്ങളില്‍ 19 പേരാണ് മരിച്ചത്. അല്‍ റയ്യാന്‍ ട്രാഫിക് വകുപ്പില്‍ 75 അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
ഇ സര്‍ക്കാര്‍ പോര്‍ട്ടലായ ഹുകൂമി വഴി 16361 തൊഴില്‍ വിസകളാണ് ജൂണില്‍ അനുവദിച്ചത്. മെയ് മാസത്തില്‍ ഇത് മുപ്പതിനായിരത്തിന് മുകളിലായിരുന്നു. 22320 പുതിയ ഐ ഡി കാര്‍ഡുകള്‍ നല്‍കി. മെയ് മാസം ഒരു ലക്ഷത്തിന് മേലെ ഐ ഡി കാര്‍ഡുകള്‍ അനുവദിച്ചിരുന്നു. അതേസമയം ജൂണില്‍ കൂടുതല്‍ എക്‌സിറ്റ് പെര്‍മിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്; 82277 എണ്ണം. മെയ് മാസം ഇത് 75980 ആയിരുന്നു. മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 6.9 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മറ്റ് അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 25.5 ശതമാനം കുറവ് രേഖപ്പെടുത്തി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും ജൂണില്‍ കുറഞ്ഞു. അതേസമയം അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 1.5 ശതമാനം വര്‍ധനയുണ്ടായി. മൊത്തം സന്ദര്‍ശകരുടെ എണ്ണത്തില്‍ 5.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.