ഉമ്മുല്‍ ഖുവൈന്‍ അല്‍ ബദീ നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി

Posted on: August 8, 2016 3:14 pm | Last updated: August 8, 2016 at 3:14 pm
uae
ഉമ്മുല്‍ ഖുവൈനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല അല്‍ ബില്‍ ഹൈഫ് അല്‍ നുഐമി വിലയിരുത്തുന്നു

ഉമ്മുല്‍ ഖുവൈന്‍: എമിറേറ്റില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും പ്രവര്‍ത്തന പുരോഗതി അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല ബില്‍ ഹൈഫ് അല്‍ നുഐമി വിലയിരുത്തി. രാജ്യത്തിന്റെ സുസ്ഥിരമായ പുരോഗതി ആഗോളാടിസ്ഥാനത്തില്‍ പ്രശംനീയമാണ്.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ അന്താരാഷ്ട്രതലത്തില്‍ കിടപിടിക്കാവുന്ന സംവിധാനങ്ങളാണ് രാജ്യത്ത് ഒരുക്കുന്നത്. രാജ്യത്തിന്റെ പ്രൗഢിയും അന്തസും ലോകത്തിന് മുന്നില്‍ വരച്ചുകാട്ടുന്നതില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പങ്ക് വളരെ വിലപ്പെട്ടതാണ്, ഉമ്മുല്‍ ഖുവൈനില്‍ പുരോഗമിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് ഡോ. അബ്ദുല്ല പ്രസ്താവിച്ചു.

എമിറേറ്റ്‌സ് റോഡിലും ദൈദ്-ഷാര്‍ജ റോഡിലും വിവിധയിടങ്ങളില്‍ ട്രക്കുകള്‍ക്ക് റസ്റ്റ് ഏരിയ നിര്‍മിക്കും. ഇവിടങ്ങളില്‍ 300ഓളം ട്രക്കുകള്‍ക്ക് പാര്‍ക് ചെയ്യുന്നതിനും ഡ്രൈവര്‍മാര്‍ ക്ക് വിശ്രമത്തിനും സൗകര്യമുണ്ടാകും. റെസ്റ്റോറന്റുകള്‍, പള്ളികള്‍, വിശ്രമ സങ്കേതങ്ങള്‍ എന്നിവ ഇതോടൊപ്പം നിര്‍മിക്കും. ട്രക്ക് പാര്‍കിംഗ് കേന്ദ്രങ്ങള്‍, ഗതാഗത നിയന്ത്രണമുള്ള സമയങ്ങളില്‍ ട്രക്കുകള്‍ റോഡിനരികിലായി പാര്‍ക് ചെയ്യുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറക്കാന്‍ വഴിയൊരുക്കും, മന്ത്രി ചൂണ്ടിക്കാട്ടി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിനരികില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് മലയാളികള്‍ ഉള്‍പെടെ ഇന്ത്യക്കാരടക്കം ഏഴ് പേര്‍ മരണപ്പെട്ടിരുന്നു. അടുത്ത വര്‍ഷാവസാനത്തോടെ പൂര്‍ത്തീകരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി ദിര്‍ഹമാണ് ചെലവ് കണക്കാക്കുന്നത്, മന്ത്രി വ്യക്തമാക്കി. മന്ത്രിയോടൊപ്പം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എന്‍ജി. സഹറ അല്‍ അബൂദിയും മറ്റു ഉന്നതോദ്യോഗസ്ഥരും അനുഗമിച്ചിരുന്നു.