പാകിസ്താനില്‍ ആശുപത്രിയില്‍ സ്‌ഫോടനം, 70 മരണം

Posted on: August 8, 2016 8:45 pm | Last updated: August 9, 2016 at 11:29 am

pak blastക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ ആശുപത്രി പരിസരത്ത് ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 70 പേര്‍ മരിച്ചു. നൂറ്റിയമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂചിസ്ഥാനിലെ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ ഇന്നു പുലര്‍ച്ചെ വെടിവച്ചു കൊന്നിരുന്നു. കാസിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ സിവില്‍ ആശുപത്രിയിലെത്തിയ അഭിഭാഷകരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

കാസിയുടെ മൃതദേഹം പുറത്തേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുന്നതിനിടെ അഭിഭാഷകര്‍ക്കിടയില്‍ സ്‌ഫോടക വസ്തുക്കള്‍ ധരിച്ചെത്തിയ ചാവേര്‍ പൊട്ടിയാണ് നാശം വിതച്ചതെന്നാണ് സൂചന. സ്‌ഫോടനത്തിന് പിന്നാലെ വെടിവയ്പും ഉണ്ടായി. നിമിഷ നേരെ കൊണ്ട് ആശുപത്രി പരിസരം ചോരക്കളമായി മാറി. സംഭവത്തെ തുടര്‍ന്ന് ആശുപത്രി പരിസരത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രിയും പരിസര പ്രദേശവും പൊലീസിന്റെ നിയന്ത്രണത്തിലാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇന്ന് രാവിലെയാണ് കാസിക്കു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് കാറില്‍ പോകവേ ക്വറ്റയിലെ മംഗള്‍ചൗക്കില്‍ വച്ച് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.