കര്‍ണാടക വാഹനങ്ങള്‍ക്ക് കേരളത്തിലേക്കുള്ള പ്രവേശന നികുതി വര്‍ധനയില്‍ പ്രതിഷേധം

Posted on: August 8, 2016 12:21 am | Last updated: August 8, 2016 at 12:21 am

ബെംഗളൂരു: കര്‍ണാടകയിലെ ടാക്‌സി വാഹനങ്ങള്‍ക്ക് കേരളത്തിലേക്കുള്ള ഒറ്റത്തവണ പ്രവേശന നികുതിയില്‍ ഗണ്യമായ വര്‍ധന ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതുമൂലം കര്‍ണാടകത്തില്‍ രജിസ്റ്റര്‍ ചെയ്ത ടാക്‌സി ഉടമകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ വിമുഖത കാണിക്കുകയാണ്. ടൂര്‍ ഓപറേറ്റര്‍മാര്‍ കേരളത്തിലേക്കുള്ള പാക്കേജുകള്‍ വ്യാപകമായി റദ്ദാക്കുന്നുണ്ട്.
കേരളമടക്കമുള്ള മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നികുതി ഏകീകരണ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കര്‍ണാടകം അതില്‍ ഉള്‍പ്പെടാത്തതെ പ്രത്യേക നികുതി ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പിണറായി സര്‍ക്കാറിന്റെ കന്നി ബജറ്റില്‍ കൂടുതല്‍ നികുതി വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കര്‍ണാടകത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ പ്രവേശന നികുതി ഏര്‍പ്പെടുത്തിയത്.
100 ശതമാനം മുതല്‍ 200 ശതമാനം വരെ വര്‍ധനയുണ്ട്. കഴിഞ്ഞ മാസം 15 മുതലാണ് നികുതി ഈടാക്കിത്തുടങ്ങിയത്. ചെക്ക്‌പോസ്റ്റുകളിലെ ആര്‍ ടി ഒ ഓഫീസുകളില്‍ നല്‍കിയിരിക്കുന്ന പുതിയ സര്‍ക്കുലര്‍ അനുസരിച്ച് അഞ്ച് സീറ്റുള്ള ടാക്‌സി കാറുകള്‍ക്ക് 2000 രൂപയും ഏഴ് സീറ്റുള്ള വാഹനങ്ങള്‍ക്ക് 6,500 രൂപയും 13 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 1.68 ലക്ഷം രൂപയും 35 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 4.9 ലക്ഷം രൂപയും വലിയ ബസുകള്‍ക്ക് 6.3 ലക്ഷം രൂപയുമാണ് ഒറ്റത്തവണ പ്രവേശന നികുതിയായി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ഒന്നോ രണ്ടോ തവണ മാത്രം വരുന്ന വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. ഇത് തങ്ങള്‍ക്ക് വമ്പന്‍ നഷ്ടം വരുത്തിവെക്കുമെന്ന് ടാക്‌സി ഉടമകളും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനകളും പറയുന്നു.
ദിവസവും ബെംഗളൂരുവില്‍ നിന്ന് മാത്രമായി പതിനായിരത്തോളം പേര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിനോദ യാത്രക്ക് പോകുന്നുണ്ട്. ഇവരില്‍ പലരും ടൂര്‍ ഓപറേറ്റര്‍മാര്‍ വഴിയാണ് യാത്ര നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഭാരിച്ച ചെലവ് വരുന്നതിനാല്‍ കേരളത്തിലേക്കുള്ള പാക്കേജുകള്‍ നിരുത്സാഹപ്പെടുത്തുകയാണെന്നാണ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഉത്സവ സീസണുകളിലും ശബരിമല തീര്‍ഥാടന സമയത്തും അടക്കം പ്രതിസന്ധി രൂക്ഷമായേക്കും.
നികുതി കുറക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടൂര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കേരള സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേരള സര്‍ക്കാറുമായി കര്‍ണാടക വിനോദ സഞ്ചാര മന്ത്രി പ്രിയങ്ക ഖാമെ ചര്‍ച്ച നടത്താമെന്ന് അറിയിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ നികുതി വര്‍ധന കനത്ത തിരിച്ചടിയാണുണ്ടാക്കുന്നതെന്ന് ബെംഗളൂരുവിലെ ടൂര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ നേതാവ് ശിവപ്പ നായ്ക്ക് സിറാജിനോട് പറഞ്ഞു. വര്‍ധിപ്പിച്ച പ്രവേശന നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടൂര്‍ ഓപറേറ്റര്‍ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ 1500 ടൂര്‍ ഓപറേറ്റര്‍മാരാണ് ഹരജിയില്‍ ഒപ്പിട്ടത്.