Connect with us

Kerala

കൃഷിയിടങ്ങളിലെ കീടനാശിനി പ്രചാരണങ്ങള്‍ക്ക് വിലക്ക്

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ അനിയന്ത്രിതവും വിവേചനരഹിതവുമായ കീടനാശിനി പ്രയോഗം തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കീടനാശിനി കമ്പനികള്‍ കൃഷിയിടങ്ങളില്‍ നേരിട്ടെത്തി കൃഷിക്കാര്‍ക്ക് കീടിനാശിനികള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതും പരസ്യ പരിപാടികള്‍ നടത്തുന്നതും നിരോധിച്ച് കൃഷി വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കീടനാശിനികള്‍ വി ല്‍ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ കീടനാശിനി ഷോറൂമുകളിലും മാസത്തില്‍ രണ്ട് തവണ പരിശോധന നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
നിരോധിക്കപ്പെട്ട കീടനാശിനികള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഇനി മുതല്‍ കൃഷി ഓഫിസര്‍മാരുടെ പ്രധാന ചുമതലയാകും. ഷോറൂമുകളിലെ സ്റ്റോക്കും വല്‍പ്പനയുമാണ് ഇത്തരത്തില്‍ പ്രധാനമായും പരിശോധിക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട കീടനാശിനികളുടെ വിതരണവും വില്‍പ്പനയും തടയാന്‍ ജില്ലാതലത്തില്‍ വിജിലന്‍സ് കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജൈവകൃഷി വര്‍ധിച്ചുവരുന്നുവെന്ന് പറയുമ്പോഴും രാസവളത്തിന്റെയും കീടനാശിനികളുടെയും വില്‍പ്പന കൂടുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍.
നിലവില്‍ പ്രചാരത്തിലുള്ള ചില കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിനും മറ്റു ചില കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള തീരുമാനം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയെങ്കിലും കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിരുന്നില്ല. കൃഷി ഓഫീസറുടെ നിര്‍ദേശക്കുറിപ്പ് ഇല്ലാതെ കീടനാശിനികള്‍ വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. അതും പ്രയോഗത്തില്‍ വന്നില്ല. ഇപ്പോഴും കീടനാശിനി വാങ്ങാന്‍ സംസ്ഥാനത്ത് എവിടെയും കൃഷി ഓഫീസറുടെ കുറിപ്പ് ആവശ്യമില്ല.
21 കീടനാശിനികളെ പാക്കേജ് ഓഫ് പ്രാക്ടീസില്‍ നിന്നും നീക്കം ചെയ്യുന്നതിനും മറ്റ് 19 എണ്ണത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുമായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനമുണ്ടായിരുന്നത്. ഇതില്‍ കീടനാശിനികളും കുമിള്‍നാശിനികളും കളനാശിനികളും ഉള്‍പ്പെടും. അതേസമയം, പിന്‍വലിച്ച കീടനാശിനികള്‍ എല്ലാം തന്നെ ദീര്‍ഘകാലമായി കൃഷി ശാസ്ത്രജ്ഞരുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും നിര്‍ദേശപ്രകാരം കര്‍ഷകര്‍ ഉപയോഗിച്ചുവരുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദീര്‍ഘകാലമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ പിന്‍വലിക്കുമ്പോള്‍ അതിനുപകരം എന്ത് എന്നത് സംബന്ധിച്ച വിവരം കര്‍ഷകര്‍ക്ക് നല്‍കണം. പകരം ഉപയോഗിക്കാവുന്ന അപകടം കുറഞ്ഞ രാസകീടനാശിനി, അല്ലെങ്കില്‍ ജൈവകീടനാശിനി തുടങ്ങിയവ സംബന്ധിച്ച് കര്‍ഷകര്‍ക്ക് വ്യക്തത ഉണ്ടാക്കാന്‍ സാധിക്കാത്തതിനാലാണ് കീടനാശിനികളെല്ലാം മറ്റൊരു രൂപത്തില്‍ ഇന്നത്തേതിലും അപകടകരമായ രീതിയില്‍ ഉപയോഗിക്കപ്പെടുനുള്ള സാധ്യത വര്‍ധിച്ചത്. സംസ്ഥാനത്ത് ഇവ പിന്‍വലിച്ചാലും അന്യസംസ്ഥാനങ്ങളില്‍ നിന്നും ധാരാളമായി എത്തുന്ന കള- കീടനാശിനികള്‍ തടയാന്‍ സംവിധാനം ഒരുക്കാത്തതും ഇവയുടെ പ്രചാരണവും വിപണനവും വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കിയിരുന്നു. നിരോധിത കീടനാശിനികള്‍ എത്ര വേണമെങ്കിലും കര്‍ഷകര്‍ക്ക് എത്തിച്ചുനല്‍കാന്‍ ഇടനിലക്കാര്‍ വ്യാപകമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. യാതൊരു മറയുമില്ലാതെയാണ് ഉഗ്ര വീര്യമുള്ള ഇത്തരം കീടനാശിനികള്‍ സംസ്ഥാനത്ത് ഏജന്റുമാര്‍ വില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച കളനാശിനികള്‍ ഉപയോഗിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ കളകള്‍ നശിക്കുമെങ്കില്‍ പാരക്വാറ്റ് പോലുള്ള ചില കീടനാശിനികള്‍ തളിച്ചാല്‍ മണിക്കൂറുകള്‍ക്കകം കളകള്‍ കരിഞ്ഞുണങ്ങും. ഏറ്റവും വിഷമുള്ള ചുവന്ന ലേബല്‍ വിഭാഗത്തിലാണ് ഇവ.
മുന്തിരിക്കുലകള്‍ എക്കാലക്‌സുള്‍പ്പെടെയുള്ള കീടനാശിനികളില്‍ മുക്കുന്നത് തമിഴ് നാട്ടിലെ ചില തോട്ടങ്ങളില്‍ പതിവാണ്. വിളവെടുപ്പിന് പാകമായ തോട്ടങ്ങളില്‍ ഒന്നിടവിട്ടാണ് മരുന്നടിയുണ്ടാക്കുന്നത്. കമ്പം, ഗൂഡല്ലൂര്‍, കെകെപെട്ടി, പൂശാലംപെട്ടി, മല്ലികാപുരം തുടങ്ങിയിടങ്ങളിലെ മുന്തിരിത്തോപ്പുകളില്‍ ചിലതില്‍ ഓണക്കാലം മുന്നില്‍ക്കണ്ട് പാകമാകുന്നതിന് മുമ്പും വിളവെടുപ്പ് നടത്താറുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest