ചരിത്രത്തിനൊപ്പം നടന്ന് കേരള കോണ്‍ഗ്രസ് രാഷ്ട്രീയം

Posted on: August 8, 2016 12:04 am | Last updated: August 8, 2016 at 12:04 am

KERALA CONGRESSകോട്ടയം: കോണ്‍ഗ്രസ് നേതാവായിരുന്ന പി ടി ചാക്കോയോട് പാര്‍ട്ടിയിലെ പ്രബല വിഭാഗം പുലര്‍ത്തിയ സമീപനമാണ് കേരളാ കോണ്‍ഗ്രസിന്റെ പിറവിക്ക് കാരണമായെങ്കില്‍, ഇന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കേരള കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ പാര്‍ട്ടിയെയും പാര്‍ട്ടി ചെയര്‍മാനെയും കടന്നാക്രമിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് യു ഡി എഫ് ബന്ധം കേരള കോണ്‍ഗ്രസ് എം ഉപേക്ഷിക്കുന്നത്. അന്ന് പി ടി ചാക്കോക്ക് പൊതുസമൂഹത്തിലും പാര്‍ട്ടിയിലും ലഭിച്ച സ്വീകാര്യതയാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തെ ചൊടിപ്പിച്ചതെങ്കില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരിക്കെ ഇടതുപക്ഷവുമായി ചേര്‍ന്ന് കെ എം മാണി മുഖ്യമന്ത്രിയാവാന്‍ നടത്തിയ ചില അണിയറ നീക്കങ്ങള്‍ തകര്‍ക്കാന്‍ ബാര്‍ കോഴവിവാദം മാണിക്കെതിരെ കോണ്‍ഗ്രസ് ആയുധമാക്കിയെന്നാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ ആക്ഷേപം. എന്‍ എസ് എസ് ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ ആശിര്‍വാദത്തോടെ കെ എം ജോര്‍ജിന്റെ നേതൃത്വത്തിലാണ് 1964 ല്‍ കേരളാ കോണ്‍ഗ്രസ് കോട്ടയത്ത് രൂപം കൊള്ളുന്നത്.
കെ എം ജോര്‍ജ് ചെയര്‍മാനും ആര്‍ ബാലകൃഷ്ണപിള്ള വൈസ് ചെയര്‍മാനുമായി അന്ന് കേരളാ കോണ്‍ഗ്രസ് പിറവിയെടുത്തു. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ തകര്‍ച്ച കൂടിയായിരുന്നു അത്. 1963 ഡിസംബര്‍ 8 തൃശൂര്‍ ലൂര്‍ദ്ദ് മാതാ പള്ളിയിലെ പെരുന്നാള്‍ ദിവസമായിരുന്നു അന്ന്. ആഭ്യന്തര മന്ത്രി പി ടി ചാക്കോയുടെ വാഹനം ഇടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു എന്ന വാര്‍ത്ത കത്തിപ്പടര്‍ന്ന ദിനം. കാറില്‍ ചാക്കോക്കൊപ്പം കൂളിംഗ് ഗ്ലാസ് ധരിച്ച ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നു എന്ന വാര്‍ത്ത പ്രചരിച്ചു. കോണ്‍ഗ്രസില്‍ കലാപമായി. ലിഫ്റ്റ് ചോദിച്ച് കയറിയ പത്മം മേനോന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു എന്ന ചാക്കോയുടെ വിശദീകരണം കോണ്‍ഗ്രസുകാര്‍ ചെവിക്കൊണ്ടില്ല. സി എം സ്റ്റീഫന്‍ ചാക്കോയുടെ രാജി ആവശ്യപ്പെട്ടു. ആര്‍ ശങ്കറും കൈവിട്ടതോടെ ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ശക്തമാക്കി. ചാക്കോ രാജിവച്ചു. തുടര്‍ന്ന് നടന്ന കെ പി സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പിലും തോറ്റതോടെ പി ടി ചാക്കോ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.
അഭിഭാഷക ജീവിതത്തിനിടെ, ഒരു കേസ് സംബന്ധമായ ആവശ്യത്തിന് കോഴിക്കോട് കുറ്റിയാടിയില്‍ എത്തിയ ചാക്കോ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചാക്കോയുടെ മരണം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ വഴിവെച്ചു. കോണ്‍ഗ്രസുകാരുടെ ചതിയില്‍ മനം നൊന്താണ് ചാക്കോ ഹൃദയം പൊട്ടി മരിച്ചതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. അതിന്റെ തുടര്‍ച്ചയായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ പിറവി. ചാക്കോയോടുള്ള കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നതായി 15 എം എല്‍ എമാര്‍ പ്രഖ്യാപിച്ചു.
1964ല്‍ ആയിരുന്നു അത്. പിന്നീട് ആദ്യ പിളര്‍പ്പ് 1977ല്‍, കേരളാ കോണ്‍ഗ്രസ് ബി, ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍. 1979ല്‍ കേരളാ കോണ്‍ഗ്രസ് എം. മാണിയുടെ നേതൃത്വത്തില്‍. 1985 ലെ കൂടിച്ചേരലിന് ശേഷം 1987ല്‍ വീണ്ടും മാണി സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചു. 1993ല്‍ ആണ് കേരളാ കോണ്‍ഗ്രസ് ജേക്കബുണ്ടാകുന്നത്. ഇതിന് ശേഷം പി സി ജോര്‍ജിന്റെ സെക്യുലര്‍, പി സി തോാമസിന്റെ ഐ എഫ് ഡി പി. പിന്നീട് ലയന നീക്കങ്ങള്‍ സജീവമായി. 2009ല്‍ ജോര്‍ജ് മാണിക്കൊപ്പം എത്തി. 2010 ല്‍ ജോസഫും. ഒടുവില്‍ 2016 മാര്‍ച്ച് മൂന്നും ചരിത്രത്തില്‍ ഇടം നേടുന്നു. പിളര്‍പ്പിനൊപ്പം ഇന്ന് ആ ചരിത്രത്തിലേക്ക് ഒരു പിളര്‍പ്പ് കൂടി. ബാര്‍ കോഴ വിവാദങ്ങളും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയതുമാണ് കേരള കോണ്‍ഗ്രസിനെ മുന്നുപതിറ്റാണ്ടായുള്ള യു ഡി എഫ് ബന്ധം മുറിച്ചുമാറ്റാന്‍ പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ പ്രത്യേക റിക്രൂട്ട്‌മെന്റും സ്റ്റഡി ക്ലാസും ബറ്റാലിയനും രൂപീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ചില വ്യക്തികളാണ് കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും കെ എം മണി ആരോപിക്കുന്നു.