ബലിയാടായത് പിജെ ജോസഫ്

Posted on: August 8, 2016 12:02 am | Last updated: August 8, 2016 at 12:02 am

km mani with pj josephതിരുവനന്തപുരം: യു ഡി എഫ് വിടാന്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് തീരുമാനമെടുത്തപ്പോള്‍ ബലിയാടായത് പി ജെ ജോസഫ്. മാണി കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രഗസിലെ കരുത്തന്‍ പി ജെ ജോസഫാണ്. ആറ് എം എല്‍ എമാരാണ് കെ എം മാണിയുള്‍പ്പടെ കേരളാ കോണ്‍ഗ്രസിനുളളത്. ഇതില്‍ മാണിയുടെ അതി വിശ്വസ്തരാണ് റോഷി അഗസ്റ്റിനും എന്‍ ജയരാജും. പി ജെ ജോസഫിനും മോന്‍സ് ജോസഫിനും സി എഫ് തോമസിനും മാണിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതേസമയം ബി ജെ പി പാളയത്തിലേക്ക് പോയാല്‍ കേരള കോണ്‍ഗ്രസ് വിടുമെന്ന് റോഷി അഗസ്റ്റിനും ജയരാജും പോലും നിലപാട് എടുത്തിരുന്നു. അതു കൊണ്ട് കൂടിയാണ് ചരല്‍ക്കുന്നില്‍ സമവായമുണ്ടാക്കി മാണി കരുക്കള്‍ നീക്കിയത്.
യു ഡി എഫ് വിട്ടാല്‍ മാത്രമേ കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് നിലനില്‍പ്പുണ്ടാകൂവെന്നും മാണി എല്ലാവരെയും ബോധ്യപ്പെടുത്തി. കൂട്ടായ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കൂവെന്നും വ്യക്തമാക്കി. പി ജെ ജോസഫിന്റെ നിലപാട് കൂടി അംഗീകരിച്ചു തന്നെയാണ് മാണി മാധ്യമങ്ങളെ കണ്ടതും. യു ഡി എഫ് വിടുന്ന തീരുമാനത്തിലൂടെ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പുണ്ടാകുമെന്ന പ്രതീതിയും മാണി ഇല്ലാതാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കെ എം മാണിക്ക് യു ഡി എഫ് വിടാനുളള സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍, അവസരവാദ രാഷ്ട്രീയമായി അതിനെ വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുളളതിനാല്‍ യു ഡി എഫില്‍ തന്നെ നിന്നു. മാണിയുടെ തീരുമാനത്തിലൂടെ രാഷ്ട്രീയ നഷ്ടം ഉണ്ടാകുന്നത് പാര്‍ട്ടിയിലെ രണ്ടാമനായ പി ജെ ജോസഫിനാണ്. എന്നാല്‍ ജോസഫിനെകൂടി കൂടെക്കൂട്ടിയതിലൂടെ പാര്‍ട്ടിയിലെ പിളര്‍പ്പ് എന്ന കടമ്പയാണ് മാണി മറികടന്നത്. ഇടതുപക്ഷവുമായി ഒറ്റക്ക് അടുക്കുന്നതിലെ പ്രശ്‌നങ്ങള്‍ മാണിക്ക് അറിയാം. ഇത് പരിഹരിക്കാനാണ് നിയമസഭയില്‍ ആദ്യം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത്. നിയമസഭയില്‍ പിണറായി വിജയന്‍ സര്‍ക്കാറിന്റെ നല്ല തീരുമാനങ്ങളെ മാണി അനുകൂലിക്കും. ഫലത്തില്‍ എല്ലാ തീരുമാനങ്ങളെയും. അങ്ങനെ ഇടത് സര്‍ക്കാറുമായി അടുത്ത് മുന്നണിയിലേക്ക് എത്തുകയാണ് ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് കേരളാ കോണ്‍ഗ്രസിന് കോട്ടയം സീറ്റ് നല്‍കുമെന്നും ഇടുക്കി സീറ്റും കൂടി ലഭിക്കുമെന്നും മാണി മനക്കോട്ട കെട്ടുന്നു. ഇടുക്കി സീറ്റ് പി ജെ ജോസഫിനൊപ്പം നില്‍ക്കുന്ന ആര്‍ക്കെങ്കിലും നല്‍കാമെന്നും മാണി വാഗ്ദാനം ചെയ്തിരുന്നു. ബാര്‍ കോഴക്കേസില്‍പ്പെട്ട് മാണി മന്ത്രിസ്ഥാനം രാജി വയ്ക്കുന്നതിനുളള ചര്‍ച്ചകള്‍ നടന്നപ്പോള്‍ പി ജെ ജോസഫും മന്ത്രി സ്ഥാനം രാജിവക്കണമെന്ന് മാണി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അന്ന് മന്ത്രി സ്ഥാനം രാജിവെക്കാന്‍ പി ജെ ജോസഫ് തയാറായിരുന്നില്ല. പി ജെ ജോസഫിനൊപ്പം നിന്ന എം എല്‍ എമാരും മറ്റ് കേരളാ കോണ്‍ഗ്രസ് നേതാക്കളും പി ജെ ജോസഫ് രാജിവക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. അന്നത്തെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജി സന്നദ്ധത അറിയിച്ചപ്പോള്‍ പി ജെ ജോസഫ് മാണിയുടെ ഇംഗിതത്തോട് വഴങ്ങിയിരുന്നില്ല. ഇപ്പോള്‍ പി ജെ ജോസഫിനും മാണിയുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു. അക്ഷരാര്‍ത്ഥത്തില്‍ നഷ്ടം പി ജെ ജോസഫിന് തന്നെയാണ്.