കോണ്‍ഗ്രസുകാരനായി എത്തി; പരിഭവങ്ങളുമായി മടങ്ങുന്നു

Posted on: August 8, 2016 12:00 am | Last updated: August 8, 2016 at 12:00 am
SHARE

niyamasabhaകോട്ടയം: കോണ്‍ഗ്രസുകാരനായി പൊതുരംഗത്ത് എത്തിയ കെ എം മാണി ഒടുവില്‍ കോണ്‍ഗ്രസില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരിച്ചു യു ഡി എഫ് സഖ്യം ഉപേക്ഷിച്ചത് മറ്റൊരു ചരിത്രം. കെ എം ജോര്‍ജിന്റെയും ആര്‍ ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ കോട്ടയത്ത് 1964ല്‍ ഒക്ടോബറില്‍ കേരള കോണ്‍ഗ്രസിന്റെ രൂപവത്കരണ സമയത്ത് കെ എം മാണി കോട്ടയം ഡി സി സി സെക്രട്ടറിയായിരുന്നു.
പിന്നീട് കേരള കോണ്‍ഗ്രസിലെത്തിയ മാണി, കെ എം ജോര്‍ജ് മരണത്തോടെ കേരള കോണ്‍ഗ്രസില്‍ നേതൃത്വത്തെ ചൊല്ലി ആര്‍ ബാലകൃഷ്ണപിള്ളയുമായി ഭിന്നതിയുണ്ടായി. 1977 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ബിക്ക് രൂപം നല്‍കി.
പിന്നീട് 1979ല്‍ പി ജെ ജോസഫുമായി ചേര്‍ന്ന് കെ എം മാണി കേരള കോണ്‍ഗ്രസ് എം രൂപവത്കരിച്ചു. പിന്നീട് കേരള കോണ്‍ഗ്രസില്‍ മാണിയും കൂട്ടരും യു ഡി എഫിനൊപ്പം നിന്നപ്പോള്‍ പി ജെ ജോസഫ് എല്‍ ഡി എഫ് പക്ഷത്ത് നിലയുറപ്പിച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 1980ല്‍ എ കെ ആന്റണിക്കൊപ്പം എല്‍ ഡി എഫ് പക്ഷത്തേക്ക് മാറിയപ്പോള്‍ പി ജെ ജോസഫും ഒപ്പം കൂടി.
1987ലെ തിരഞ്ഞെടുപ്പോടെ മാണി ഗ്രൂപ്പ് പുനര്‍ജനിച്ചു. അന്ന് മാണിക്കൊപ്പം നിന്ന് ടി എം ജേക്കബ് ഒരു വിഭാഗം നേതാക്കളെ കൂട്ടി 1993ല്‍ ജേക്കബ് ഗ്രൂപ്പ് ഉണ്ടാക്കിയതോടെ മറ്റൊരു പിളര്‍പ്പിനും കേരള കോണ്‍ഗ്രസ് സാക്ഷിയായി. എന്നാല്‍ 2000നു ശേഷം കേരളം പിളര്‍പ്പിനും ലയനത്തിനും സാക്ഷിയായി. മുന്‍ എം പിയും പി ടി ചാക്കോയുടെ മകനുമായ പി സി തോമസ് മാണിയുമായി തെറ്റി ഐ എഫ് ഡി പിക്ക് രൂപം നല്‍കി.
അതിനിടെ പി ജെ ജോസഫ് വിഭാഗത്തില്‍ നിന്ന് പി സി ജോര്‍ജ് പുറത്തുപോവുകയും കേരള കോണ്‍ഗ്രസ് സെക്യൂലര്‍ രൂപവത്കരിക്കുകയും ചെയ്തു. തുടര്‍ന്ന് 2009ല്‍ പി സി ജോര്‍ജും 2010ല്‍ ഇടതുപക്ഷത്തായിരുന്ന പി ജെ ജോസഫും മാണിക്കൊപ്പം ചേര്‍ന്നു. ഇതോടെ കൂട്ടി യു ഡി എഫില്‍ കെ എം മാണി കരുത്ത് തെളിയിച്ചു.
പിന്നീട് 2016 ആദ്യം കേരള കോണ്‍ഗ്രസ് സ്ഥാപകനായ കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചു മാണി ഗ്രൂപ്പിനോട് വിടപറഞ്ഞു.