ജനതാദള്‍ യുവും യുഡിഎഫ് വിടാനൊരുങ്ങുന്നു; ആര്‍എസ്പിക്കും മടുത്തു

Posted on: August 8, 2016 6:00 am | Last updated: August 7, 2016 at 11:57 pm
SHARE

kpccകോഴിക്കോട് :മാണി വിഭാഗം മുന്നണി വിട്ടതിന് പിന്നാലെ ജനതാദള്‍ യുവും യു ഡി എഫ് വിടാനൊരുങ്ങുന്നതായി സൂചന. ആര്‍ എസ് പിയിലും മുന്നണി മാറ്റത്തെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനതാദള്‍ യുവില്‍ ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
പാര്‍ട്ടിയിലെ യുവ നേതാക്കളാണ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ജനതാദള്‍ യു മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സംഘടിപ്പിച്ച് വരികയാണ്. മെമ്പര്‍ഷിപ് ക്യാമ്പയിന്‍ കഴിയുന്നത് വരെ മുന്നണി മാറ്റത്തെ കുറിച്ച് തീരുമാനമുണ്ടാകില്ലങ്കിലും ക്യാമ്പയില്‍ അവസാനിച്ചാല്‍ യു ഡി എഫ് വിടുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യതയുണ്ടാകുമെന്നാണ് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്. എന്നാല്‍ ആര്‍ എസ് പിയില്‍ മുന്നണി മാറ്റത്തെ കുറിച്ച് ഗൗരവത്തിലുള്ള ആലോചനകളൊന്നും നടന്നിട്ടില്ലെങ്കിലും മുന്നണി മാറ്റം വേണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികളും മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു. ജനതാദളിന് കഴിഞ്ഞ നിയമസഭയില്‍ രണ്ടും ആര്‍ എസ് പിക്ക് മൂന്നും അംഗങ്ങളുണ്ടായിരുന്നു. ജനതാദള്‍ യു ഐക്യമുന്നണിയില്‍ ചേര്‍ന്നതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയോട് വഞ്ചനാപരമായ നിലപാടാണ് മുന്നണി നേതൃത്വം സ്വീകരിച്ചതെന്ന് നേരത്തെ തന്നെ ജനതാദള്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം പി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്താന്‍ നീക്കം നടന്നതായി ആരോപണമുണ്ട്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ മുന്നണി ഘടക കക്ഷികളില്‍ നിന്ന് തന്നെ തോല്‍പ്പിക്കാനുള്ള ശ്രമം നടന്നു.
വടകര മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ജയിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും മുസ്‌ലിം ലീഗും കോണ്‍ഗ്രസും സഹകരിക്കാത്ത സാഹചര്യവുമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മുന്നണിയായി യു ഡി എഫ് മാറിയെന്നും മറ്റ് ഘടക കക്ഷികള്‍ക്ക് കടുത്ത അവഗണനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ജനതാദള്‍ യു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫില്‍ നിന്നും നീതി ലഭിച്ചില്ലെന്ന കേരള കോണ്‍ഗ്രസിന്റെ വാദം തന്നെയാണ് ഇവരും ഉന്നയിക്കുന്നത്. ഘടകകക്ഷികളോടുള്ള ചിറ്റമനയം തുടരുന്ന കോണ്‍ഗ്രസിന്റെ നിലപാടിന് മാറ്റം വരാതെ മുന്നണിയില്‍ തുടരുന്നതിനോട് ജെഡിയുവിലെ ഭൂരിഭാഗം പേര്‍ക്കും താത്പര്യവുമില്ല.
കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ലെന്നും പണ്ട് കുറെ കൂടി കെട്ടുറപ്പുള്ള പാര്‍ട്ടിയായിരുന്നുവെന്നും ആര്‍ എസ് പി ജന സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ വ്യക്തമാക്കിയിരുന്നു. ഈ മുന്നണിയില്‍ എത്രകാലം ഇങ്ങനെ തുടരാനാകുമെന്ന് അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ആര്‍ എസ് പിക്ക് ചരിത്രത്തിലാദ്യമായി ഒരു നിയമസഭാംഗം പോലുമില്ലാത്ത സാഹചര്യമുണ്ടാക്കിയത് കോണ്‍ഗ്രസ് ബന്ധമാണെന്നും ആര്‍ എസ് പി നേതാവ് വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിടണമെന്ന് സംസ്ഥാന നേതൃയോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here