എടിഎം കുത്തിത്തുറന്ന് മോഷണ ശ്രമം

Posted on: August 7, 2016 11:54 pm | Last updated: August 7, 2016 at 11:54 pm

മാനന്തവാടി: എ ടി എം കുത്തിത്തുറന്ന് മോഷണ ശ്രമം. പയ്യമ്പള്ളിയിലുള്ള കനറാ ബേങ്കിന്റെ എ ടി എം കൗണ്ടറാണ് രാത്രിയില്‍ വെട്ടിപ്പൊളിച്ച് പണമപഹരിക്കാന്‍ ശ്രമം നടത്തിയത്. സെന്റ് കാതറിന്‍സ് ഫെറോനാ ദേവാലയത്തിന് സമീപത്തായി സ്വകാര്യ കെട്ടിടത്തിലാണ് എ ടി എം കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനുള്ളിലെ സി സി കേമറ തകര്‍ത്ത ശേഷമാണ് മോഷണത്തിനായുള്ള ശ്രമങ്ങള്‍ നടത്തിയിരിക്കുന്നത്.
ടെല്ലര്‍ കുത്തിപ്പൊളിക്കാനുള്ള ശ്രമം വിജയിക്കാതെ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. രാവിലെ നാട്ടുകാരാണ് പകുതി പൊളിച്ച നിലയില്‍ എ ടി എം കൗണ്ടര്‍ കണ്ടതും പോലീസില്‍ വിവരമറിയിച്ചതും.തുടര്‍ന്ന് ഡി വൈ എസ് പി അസൈനാര്‍, ബത്തേരി ,പുല്‍പള്ളി സി ഐ മാര്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസെത്തി വിശദമായ പരിശോധന നടത്തി. ഈമാസം ആദ്യം 9,87,000 രൂപ ടെല്ലറില്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മെഷിന്‍ പ്രവര്‍ത്തന രഹിതമാണെന്നും ബേങ്ക് മാനേജര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് വിദഗ്ദരും വിരലടയാളവിദഗ്ധരും എ ആര്‍ ക്യാമ്പില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.