Connect with us

Kerala

പൊട്ടിത്തെറിക്ക് പശ്ചാത്തലമൊരുക്കിയത് ബാര്‍ക്കോഴ

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫ് വിട്ടുപോകാനുള്ള കെ എം മാണിയുടെ തീരുമാനത്തിനു പശ്ചാത്തലമൊരുക്കിയത് ബാര്‍ക്കോഴ കേസ്. കേസ് തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണമുയര്‍ന്ന അന്നുമുതല്‍ പറഞ്ഞു കൊണ്ടിരിക്കുന്ന മാണി ഇതേ വിഷയം തന്നെയാണ് വിട്ടുപോകുമ്പോഴും പ്രധാനമായും ഉന്നയിക്കുന്നത്. ഇടതുപക്ഷത്ത് നിന്നോ എന്‍ ഡി എയില്‍ നിന്നോ മാണിക്ക് വേണ്ടി പരസ്യമായ അനുകൂല സ്വരമുയരാത്തതിന്റെ കാരണവും മറ്റൊന്നല്ല.
മാണിയെ എല്‍ ഡി എഫിലേക്ക് ആകര്‍ഷിക്കുവാന്‍ സി പി എം ശ്രമം നടത്തുന്ന സമയത്താണ് ബാര്‍ക്കോഴ ഉയര്‍ന്നുവരുന്നത്. ധനമന്ത്രിയായിരുന്ന കെ എം മാണി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബാറുടമ ബിജു രമേശ് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം ഈ വിഷയമേറ്റെടുത്തു. നിയമസഭയിലും പുറത്തും പ്രതിഷേധ കൊടുങ്കാറ്റുയര്‍ന്നു. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ തീരുമാനം നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ രംഗങ്ങള്‍ക്ക് വഴിവെച്ചു.
കുറ്റവിമുക്തനാക്കി വിജിലന്‍സ് രണ്ട് പ്രാവശ്യം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കോടതി മാണിയെ കുറ്റവിമുക്തനാക്കിയില്ല. ബാര്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിജിലന്‍സും മാണിയെ രക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. അങ്ങനെയാണ് മാണിക്കെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന എസ് പി. ആര്‍ സുകേശന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഒടുവില്‍ മാണിക്കെതിരെ ഹൈക്കോടതി പരാമര്‍ശവും വന്നു. ഇതോടെയാണ് രാജിവെക്കാന്‍ നിര്‍ബന്ധിതനായത്.
നിയമസഭാ തിരഞ്ഞെടുപ്പ് വരെ പിണങ്ങിയും ഇണങ്ങിയും നിന്ന കെ എം മാണി തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യു ഡി എഫില്‍ നിന്ന് പിണങ്ങിപ്പിരിയുന്ന ലക്ഷണങ്ങളാണ് കാണിച്ചത്. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനും എന്നും യു ഡി എഫില്‍ തളച്ചിടാനും കെട്ടിച്ചമച്ചതാണ് ബാര്‍ക്കോഴ ആരോപണം എന്ന നിലപാടാണ് കെ എം മാണി ആദ്യമേ തന്നെ പുലര്‍ത്തിയത്. ഉമ്മന്‍ ചാണ്ടിക്ക് പകരം പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ രമേശ് ചെന്നിത്തല ഈ സാഹചര്യം കണ്ടറിഞ്ഞ് പ്രതികരിച്ചിട്ടില്ലെന്ന വിമര്‍ശം കോണ്‍ഗ്രസ് പക്ഷത്തു നിന്ന് ഉയരുകയും ചെയ്തു. ബിജു രമേശിന്റെ മകളുടെ വിവാഹത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസ് മുഖപത്രം “പ്രതിച്ഛായ” രൂക്ഷ വിമര്‍ശം നടത്തിയിരുന്നു. വിവാഹവേദിയില്‍ ഒത്തുകൂടിയവരെ കാണുമ്പോള്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നാണ് “പ്രതിച്ഛായ” പറഞ്ഞത്.
യു ഡി എഫ് കക്ഷിനേതാക്കളുടെ കഴിഞ്ഞ യോഗത്തില്‍ പങ്കെടുക്കാതെ മാണി വിട്ടുനിന്നപ്പോള്‍ തന്നെ വരാന്‍ പോകുന്നതെന്താണെന്ന് വ്യക്തമായിരുന്നു. ചരല്‍ക്കുന്ന് സംസ്ഥാന ക്യാമ്പില്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്‍കൈയില്‍, മുസ്‌ലിം ലീഗ് നേതാക്കള്‍ വഴി ചില ശ്രമങ്ങള്‍ നടന്നെങ്കിലും മാണിയുടെ കടുംപിടിത്തത്തിന് മുന്നില്‍ എല്ലാം നിഷ്ഫലമാകുകയായിരുന്നു. ഭരണമില്ലാത്ത കോണ്‍ഗ്രസ് ദുര്‍ബലമായ കോണ്‍ഗ്രസ് ആണ് എന്ന തിരിച്ചറിവില്‍ നിന്നാണ് കോണ്‍ഗ്രിനെതിരെ ആഞ്ഞടിച്ചു കൊണ്ട് മാണി മുന്നണി വിട്ടത്. ഇക്കാര്യത്തില്‍ പി ജെ ജോസഫിനെ തത്കാലം കൂടെ നിര്‍ത്താന്‍ സാധിച്ചുവെന്നതാണ് മാണിയുടെ വിജയം.
ഇപ്പോഴത്തെ നിലപാട് തുടരുകയും യു ഡി എഫിലേക്ക് തിരിച്ചു പോക്കില്ലാതിരിക്കുകയും ചെയ്താല്‍ കേരളാ കോണ്‍ഗ്രസിന് മറ്റൊരു ലാവണം കണ്ടെത്തുന്നതിലും കേസിന്റെ ഗതി നിര്‍ണായകമാകും. കേസ് ദുര്‍ബലമാകുകയെന്നത് മാണിയുടെ രാഷ്ട്രീയ ഭാവിക്ക് മാത്രമല്ല പാര്‍ട്ടിയുടെ ഭാവിക്ക് തന്നെ അനിവാര്യമായിരിക്കും. ഈ ദിശയിലുള്ള കരുനീക്കങ്ങളാകും ഇനി മാണി നടത്തുക.