ദളിതുകള്‍ക്ക് പകരം എന്നെ ആക്രമിക്കൂ: മോദി

Posted on: August 7, 2016 11:42 pm | Last updated: August 8, 2016 at 11:36 am

narendra modiഹൈദരാബാദ്: ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതുകള്‍ക്കെതിരെ അക്രമ സംഭവങ്ങള്‍ വ്യാപിച്ച സാഹചര്യത്തിലാണ് മോദിയുടെ പരാമര്‍ശം. ഹൈദരാബാദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
‘നിങ്ങള്‍ക്ക് ആക്രമിക്കണമെന്നുണ്ടെങ്കില്‍ ദളിതുകള്‍ക്ക് പകരം എന്നെ ആക്രമിക്കൂ’വെന്ന് മോദി പറഞ്ഞു. ഗോ രക്ഷക് എന്ന പേരില്‍ ആക്രമണങ്ങള്‍ നടത്തുന്നതിനെ അപലപിച്ച മോദി അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസവും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം സാമൂഹികവിരുദ്ധരെ തുറന്നുകാണിക്കണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ലജ്ജാകരമാണ്. രാജ്യത്തെ പാവപ്പെട്ടവരെയും ദളിതുകളെയും സംരക്ഷിക്കുക എന്നത് നമ്മുടെ ചുമതലയാണ്. ദളിതുകളായ സഹോദരീ സഹോദരന്മാരെ ദ്രോഹിക്കാന്‍ എന്ത് അധികാരമാണുള്ളതെന്നും മോദി ചോദിച്ചു. ജനങ്ങള്‍ക്കിടയിലുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്നും മോദി പറഞ്ഞു. യു പി, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ അക്രമ സംഭവങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വെബ് പോര്‍ട്ടലിന്റെ രണ്ടാം വാര്‍ഷികദിന പരിപാടിയിലും മോദി സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.