വികെ സിംഗിന്റെ സൗദി സന്ദര്‍ശനം: യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ തീരുമാനമായില്ല

Posted on: August 7, 2016 5:39 pm | Last updated: August 7, 2016 at 5:39 pm
SHARE

vk singh saudiജിദ്ദ: സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി സൗദിയില്‍ വന്നു മടങ്ങിയ വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ സന്ദര്‍ശനത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണം. തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ വാക്കാലുള്ള ഉറപ്പല്ലാതെ വ്യക്തമായ ഒരുറപ്പും ലഭ്യമാക്കാനായില്ല. അതേസമയം ക്യാമ്പുകളില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മന്ത്രിയുടെ സന്ദര്‍ശനം തെല്ലൊന്ന് ആശ്വാസമായി എന്നത് നേര്.

അതേസമയം സൗദിയിലെ തൊഴില്‍ പ്രതിസന്ധി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കൈകാര്യം ചെയ്ത രീതി സൗദി അധികൃതരില്‍ നീരസമുണ്ടാക്കി. റിയാദിലും ന്യൂഡല്‍ഹിയിലും സൗദി അത് പ്രകടിപ്പിക്കുകയും ചെയ്തു. സൗദിയോട് ആലോചിക്കും മുമ്പ് ലേബര്‍ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കിയതാണ് പ്രശ്‌നം. ഇന്ത്യന്‍ മാധ്യമങ്ങള്‍ വിഷയം പരിധിവിട്ട് പെരുപ്പിച്ചു കാണിച്ചതും സൗദിയുടെ അതൃപ്തിക്കു കാരണമായി.

വികെ സിംഗിന്റെ സന്ദര്‍ശനത്തോടെ പരിഹരിക്കപ്പെട്ടു എന്നു പറഞ്ഞ് പ്രസ്താവനകളില്‍ വന്ന കാര്യങ്ങള്‍ ഇവയാണ്. കാലാവധി കഴിഞ്ഞവരുടെ ഇഖാമ സൗദി സൗജന്യമായി പുതുക്കി നല്‍കും, ഇന്ത്യയിലേക്കു മടങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന തൊഴിലാളികള്‍ക്ക് എക്‌സിറ്റ് നല്‍കും, കമ്പനി അധികൃതരുമായി ചര്‍ച്ച ചെയ്ത് തൊഴിലാളികള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നിയമ സഹായം നല്‍കും എന്നിവ.

എന്നാല്‍ ഈ കാര്യങ്ങളൊക്കെ മന്ത്രി എത്തുന്നതിനു മുമ്പു തന്നെ ജിദ്ദ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മക്കാ റീജ്യണല്‍ തൊഴില്‍ മന്ത്രാലയ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു തന്നെ തീരുമാനമായവയായിരുന്നു. തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നിയമ നടപടികളെക്കുറിച്ച് ഇപ്പഴും വ്യക്തമായ ധാരണ ആര്‍ക്കുമില്ല. സൗദി അധികൃതര്‍ ചര്‍ച്ചയില്‍ നല്‍കി എന്നു പറയുന്ന ഉറപ്പുകള്‍ തന്നെ എന്ന് നടപ്പാകുമെന്നോ എത്ര കാലയളവിനുള്ളില്‍ തൊഴിലാളികള്‍ക്കുള്ള ചെക്കു ലഭിക്കുമെന്നോ ആര്‍ക്കും ഒരു വ്യക്തതയുമില്ല. കമ്പനി അധികൃതരുമായി ബന്ധപ്പെട്ട ശേഷം സൗദി വിടുന്ന തൊഴിലാളികള്‍ക്കുള്ള ചെക്കുകള്‍ എംബസിയിലോ കോണ്‍സുലേറ്റിലോ നല്‍കാമെന്നാണ് സൗദി അധികൃതര്‍ അറിയിച്ചതെന്ന് മന്ത്രി അറിയിച്ചത്.

എന്നാല്‍ ആനുകൂല്യങ്ങള്‍ എത്രയും വേഗം ലഭിക്കുന്നതിന് സൗദിയിലെ അഭിഭാഷകരെ നിയമിക്കുന്നതിനോ, സൗദിയുമായി സഹകരിച്ച് നിയമവഴി തേടുന്നതിനെക്കുറിച്ചോ ഒരു നീക്കവും ഉണ്ടായിട്ടില്ല. അതേസമയം ശമ്പളവും ആനുകൂല്യവും ലഭിക്കാതെ ഇന്ത്യയിലേക്കു മടങ്ങാനോ സൗദി വിടാനോ മഹാഭൂരിപക്ഷം പേരും ഒരുക്കമല്ലെന്നറിയുന്നു. പണം ലഭിക്കാതെ ഇന്ത്യയിലേക്കു മടങ്ങിയാല്‍ പിന്നീടു ലഭിക്കുന്നത് അനിശ്ചിതമായി നീളുമെന്നു ഭയപ്പെടുന്നതിനാലാണത്. മാത്രമല്ല, മിക്ക തൊഴിലാളികളും ഒത്തു വന്നാല്‍ മറ്റു കമ്പനികളിലേക്കു മാറാനാണ് ശ്രമിക്കുന്നതും.

മന്ത്രി വികെ സിംഗ് തുടര്‍ച്ചയായി രണ്ടു ദിവസം ജിദ്ദയിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ ക്ഷേമന്വേഷിക്കാന്‍ സമയം കണ്ടെത്തിയത് തെല്ലൊന്നുമല്ല ആശ്വാസമായത്. മന്ത്രിയെ അനുഗമിച്ച് മക്ക റീജ്യണല്‍ തൊഴില്‍ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ഒലയാന്‍ മുഴുസമയവും സോജെക്‌സ് ക്യാമ്പിലുണ്ടായിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, സി.ജി മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവരും മന്ത്രിയെ അനുഗമിച്ചിരുന്നു. സൗദി അധികൃതര്‍ ക്യാമ്പുകളില്‍ രണ്ടു നേരം ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും, ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ അറിയിച്ചു.

സൗദി ഓജറിലെ തൊഴിലാളികളെ ഇഖാമ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ പോലീസ് പിടിക്കില്ലെന്ന് അബ്ദുല്ല ഒലയാന്‍ തന്നെ സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ക്യാമ്പുകള്‍ അടച്ചു പൂട്ടുമെന്ന വാര്‍ത്ത കിംവതന്തി മാത്രമാണെന്നും ഒലയാന്‍ പറഞ്ഞു. മന്ത്രി വികെ സിംഗിനേയും അബ്ദുല്ല ഒലയാനെയും മുദ്രാവാക്യം വിളികളോടെ അത്യാവേശപൂര്‍വ്വമാണ് ക്യാമ്പില്‍ തൊഴിലാളികള്‍ എതിരേറ്റത്.

നാസര്‍ കരുളായി ജിദ്ദ