Connect with us

Kerala

കെഎം മാണി യുഡിഎഫ് വിട്ടു

Published

|

Last Updated

ചരല്‍ക്കുന്ന് (പത്തനംതിട്ട): മൂന്ന് പതിറ്റാണ്ട് കാലത്തെ ബന്ധം ഉപേക്ഷിച്ച് കേരളാ കോണ്‍ഗ്രസ് (എം) യു ഡി എഫ് വിട്ടു. നിയമസഭയില്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രത്യേക ബ്ലോക്കായി ഇരിക്കും. കര്‍ഷക, അധ്വാനവര്‍ഗ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വതന്ത്ര വീക്ഷണത്തോടെ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനും ചരല്‍ക്കുന്നില്‍ സമാപിച്ച രണ്ട് ദിവസത്തെ പാര്‍ട്ടി നേതൃക്യാമ്പില്‍ തീരുമാനമെടുത്തെന്ന് ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും കോണ്‍ഗ്രസുമായുള്ള ധാരണകള്‍ തുടരും. കേന്ദ്രത്തില്‍ യു പി എ സഖ്യത്തിന് പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കും. യു ഡി എഫിലായിരുന്നപ്പോള്‍ ഉണ്ടാക്കിയ എല്ലാ കരാറുകളും പൂര്‍ണമായും പാലിക്കും. എല്‍ ഡി എഫിലേക്കോ എന്‍ ഡി എയിലേക്കോ പോകില്ല. ഇടതു സര്‍ക്കാര്‍ നല്ലതു ചെയ്താല്‍ പിന്തുണക്കും. എന്നാല്‍, ജനദ്രോഹ നടപടികളുമായി പോയാല്‍ ശക്തമായ നിലപാടുമായി രംഗത്തുവരുമെന്നും മാണി പറഞ്ഞു.
ബാര്‍ക്കോഴ മാത്രമല്ല തീരുമാനത്തിന് പിന്നിലെന്നും പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമില്ലെന്നും മാണി പറഞ്ഞു. ആരെയും ശപിച്ചുകൊണ്ടല്ല മുന്നണി ബന്ധം ഉപേക്ഷിക്കുന്നത്. എല്ലാവര്‍ക്കും നന്മ നേര്‍ന്നുകൊണ്ട് അവര്‍ക്ക് നല്ലതുമാത്രം വരട്ടെയെന്ന പ്രാര്‍ഥനയോടെയാണ് യു ഡി എഫ് വിടുന്നത്. തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ പ്രത്യേക റിക്രൂട്ട്‌മെന്റും സ്റ്റഡി ക്ലാസും ബറ്റാലിയനും രൂപവത്കരിച്ചിട്ടുണ്ട്. ബറ്റാലിയനില്‍ ഉമ്മന്‍ ചാണ്ടിയും ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഓരോരുത്തരുടെയും പേരെടുത്ത് പറയേണ്ടതില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം.
യു ഡി എഫിലേക്ക് തിരിച്ചുപോകുമോയെന്ന ചോദ്യത്തിന് അത്തരമൊരു ചിന്തയേയില്ലെന്ന് മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ പാര്‍ട്ടിയെയും പാര്‍ട്ടി ചെയര്‍മാനെയും കടന്നാക്രമിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചുവരികയാണ്. മുന്നണി ബന്ധങ്ങളില്‍ പാലിക്കേണ്ട രാഷ്ട്രീയ മര്യാദകളും നീതിബോധത്തിന് വിരുദ്ധമായ സമീപനങ്ങളുമാണ് കോണ്‍ഗ്രസില്‍ നിന്ന് നേരിടേണ്ടി വന്നത്. യു ഡി എഫ് സഖ്യം ഉപേക്ഷിച്ചതിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പാര്‍ട്ടി ഗൗനിക്കുന്നില്ല. ഒരു വീടായാല്‍ സമാധാനം വേണം, അംഗങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസവും സ്‌നേഹവും വേണം. എന്നാല്‍, ഇതെല്ലാം യു ഡി എഫില്‍ ഇല്ലാതായിരിക്കുന്നു. കേരള കോണ്‍ഗ്രസിനെ ശത്രുതാ മനോഭാവത്തോടെയാണ് കോണ്‍ഗ്രസ് സമീപിക്കുന്നതെന്നും മാണി പറഞ്ഞു.
ഈ മാസം 14ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കും. യു ഡി എഫിലെ മറ്റ് ഘടകകക്ഷികളുടെ നിലപാടും സമീപനവും കേരളാ കോണ്‍ഗ്രസ് നോക്കുന്നില്ല. സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വന്നത്. വിഷമത്തോടെയും സങ്കടത്തോടെയുമാണ് മുന്നണി വിടുന്നത്. മൂന്ന് പതിറ്റാണ്ട് കാലത്തെ യു ഡി എഫിന്റെ വളര്‍ച്ചയില്‍ കേരളാ കോണ്‍ഗ്രസിനും പങ്കുണ്ട്. സുന്ദരിയായ പെണ്‍കുട്ടിയെ കാണുമ്പോള്‍ എല്ലാവര്‍ക്കും താത്പര്യം തോന്നുന്നതു പോലെയാണ് കേരളാ കോണ്‍ഗ്രസിനെ വിവിധ മുന്നണികള്‍ സ്വാഗതം ചെയ്യുന്നതെന്നായിരുന്നു പുതിയ സഖ്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് മാണിയുടെ പ്രതീകരണം.

Latest