ഡോക്ടര്‍മാരുടെ സേവനം സമൂഹ നന്മക്കായി ഉപയോഗിക്കണം: മന്ത്രി കെ കെ ശൈലജ

Posted on: August 7, 2016 12:24 pm | Last updated: August 7, 2016 at 12:24 pm

കോഴിക്കോട്: ഡോക്ടര്‍മാരുടെ സേവനം സമൂഹ നന്മക്കായി ഉപയോഗിക്കണമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി കേരള ഘടകത്തിന്റെ വാര്‍ഷിക സമ്മേളനം ഹോട്ടല്‍ താജ് ഗേറ്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

സമൂഹം ആവശ്യപ്പെടുന്ന മേഖലകളില്‍ അവരുടെ സേവനം ഉപയോഗപ്പെടുത്തണം. ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ള വ്യക്തിക്കുമാത്രമേ ആരോഗ്യമുള്ള സമൂഹം നിര്‍മിക്കാനാവൂ. വ്യക്തികള്‍ അവരുടെ മാത്രം പ്രശ്‌നങ്ങളില്‍ അഭിരമിച്ചാല്‍ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ല. സമൂഹത്തെ പിറകോട്ട് നയിക്കുന്ന പഴയ കാലത്തെ അശാസ്ത്രീയ ചിന്തകളെ മടക്കികൊണ്ടുവാരന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ട്. പുതുതലമുറയെ അന്ധവിശ്വാസങ്ങളുടെ തടവറയിലേക്ക് നയിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം. ഇത്തരം ചിന്തകളാണ് മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സെക്രട്ടറി ഡോ. എന്‍ ഡി മോഹന്‍ അധ്യക്ഷത വഹിച്ചു.
ഡോ. വി വി മേഹനചന്ദ്രനെ ചടങ്ങില്‍ ഡോ. ജെയിംസ് ടി ആന്റണി ആദരിച്ചു. ഇ- സുവനീര്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്തു. ഡോ. കെ പി ജയപ്രകാശന്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. ഡോ. സാബു റഹ്മാന്‍, ഡോ. റോയ് അബ്രഹാം കള്ളിവയലില്‍, ഡോ. എന്‍ ദിനേശ്, ഡോ. കെ ശിവരാമകൃഷ്ണന്‍, ഡോ. എസ് മോഹന്‍ സുന്ദരം സംസാരിച്ചു.