ശമ്പളത്തിന് പുറമെ മറ്റൊരു ‘പണവും’ തങ്ങള്‍ക്ക് വേണമെന്ന ചിന്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

Posted on: August 7, 2016 12:20 pm | Last updated: August 7, 2016 at 12:20 pm

t p ramakrishnanകോഴിക്കോട്: ശമ്പളത്തിന് പുറമെ മറ്റൊരു ‘പണവും’ തങ്ങള്‍ക്ക് വേണമെന്ന ചിന്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടും.

ഇതിനായി ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസുകളുടെ എണ്ണം കൂട്ടുന്നതിലല്ല, പൊതുജനത്തെ ലഹരി ഉപയോഗത്തില്‍ നിന്നും മോചിപ്പിക്കുന്നതിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
സമൂഹത്തില്‍ വലിയ പങ്ക് വഹിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിന് അനുസരിച്ചുള്ള സ്വീകാര്യത ലഭിക്കുന്നില്ല. ഇത് മാറണം. മാഹി മദ്യം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുന്നു എന്നത് സത്യമാണ്്. പക്ഷെ ഫലപ്രദമായി നമുക്കിത് തടയാന്‍ കഴിയുന്നില്ല.
വീടുകളില്‍ പോലും സ്ത്രീകള്‍ മദ്യപിക്കുന്നതായി എനിക്കറിയാം. ശക്തമായ ആശയവിനിമയം ഉദ്യോഗസ്ഥരും സമൂഹവും തമ്മില്‍ ഉണ്ടാകേണ്ടതുണ്ട്. ഒരു കാലത്ത് പുകവലിക്കെതിരെ ഇത്തരം ശക്തമായ ബോധവത്കരണം നടത്തിയതുമൂലം ഏറെ പ്രയോജനമുണ്ടായി. മദ്യത്തിന്റെ കാര്യത്തിലും അതേ പാത പിന്തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ പതാക ഉയര്‍ത്തിയ ശേഷം നടന്ന പ്രതിനിധി സമ്മേളനത്തില്‍ കെ എസ് ഇ എസ് എ സംസ്ഥാന പ്രസിഡന്റ് സി പി റെനി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി മുഹമ്മദ്, എം കെ രാഘവന്‍ എം പി, എം എല്‍ എമാരായ എ പ്രദീപ് കുമാര്‍, വി കെ സി മമ്മദ്‌കോയ, ഇ കെ വിജയന്‍ പ്രസംഗിച്ചു.