Connect with us

Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സൗകര്യം ഉറപ്പാക്കുന്ന ഉത്തരവ് പുറത്തിറക്കി

Published

|

Last Updated

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പിലെ ജീവിത സൗകര്യവും ശുചിത്വവും ഉറപ്പുവരുത്തും. ഇത് സംബന്ധിച്ച നിര്‍ദേശങ്ങളുള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
ഒരു തൊഴിലുടമ- കരാറുകാര്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുടുംബസമേതം പാര്‍പ്പിക്കുന്നുവെങ്കില്‍ ആ കുടുംബത്തിന് പത്ത് ചതുരശ്ര മീറ്ററുള്ള ഒരു മുറിയും വരാന്തയും ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സ്ഥലവും ശൗചാലയവും കുളിമുറിയും നല്‍കണം. എന്നാല്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ഈ രീതിയില്‍ താമസ സൗകര്യം ഒരുക്കേണ്ടതും ഓരോ മൂന്ന് കുടുംബങ്ങള്‍ക്കുമായി ഒരു ശൗചാലയവും ഒരു കുളിമുറിയെങ്കിലും നല്‍കേണ്ടതുമാണ്. ശൗചാലയങ്ങളില്‍ ആവശ്യത്തിന് വെള്ളവും വെളിച്ചവും സ്വകാര്യതയും ലഭ്യമാക്കണം.
കുടുംബ സമേതമല്ലാതെ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഓരോ പത്ത് തൊഴിലാളികള്‍ക്കും വരാന്തയോട് കൂടിയ വൃത്തിയും വായുസഞ്ചാരവും വെളിച്ചവും വൈദ്യുതീകരിച്ചതുമായ കുറഞ്ഞത് 6.5 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള മുറി സൗകര്യം തൊഴിലുടമ നല്‍കണം. ഇതോടൊപ്പം പാചകം ചെയ്യാനുള്ള സൗകര്യവും നല്‍കണം. ഇവര്‍ക്ക് പൊതു ശൗചാലയവും കുളിമുറിയും നല്‍കണം. തൊഴില്‍ ശാലകളില്‍ തൊഴിലെടുക്കുന്ന ഓരോ 25 തൊഴിലാളികള്‍ക്കും വെള്ളവും വെളിച്ചവും ശുചിത്വവുമുള്ള ഓരോ ശൗചാലയം ഉണ്ടായിരിക്കണം. ശൗചാലയങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ഭിത്തി തിരിച്ച് അടച്ചുറപ്പുള്ള വാതില്‍ ഉണ്ടായിരിക്കണം. നൂറ് വരെ തൊഴിലാളികളുള്ള തൊഴിലിടങ്ങളില്‍ ഓരോ 25 പേര്‍ക്കും ഒരു ശൗചാലയവും അതിന് മുകളില്‍ 500 വരെ തൊഴിലാളികളുള്ള ഇടങ്ങളില്‍ 50 തൊഴിലാളികള്‍ക്ക് ഉള്ളതുപോലുള്ള ഓരോ ശൗചാലയവും നല്‍കണം. സ്ത്രീ തൊഴിലാളികള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍ നല്‍കേണ്ടതും തൊഴിലാളികള്‍ക്ക് മനസ്സിലാകുന്ന ഭാഷകളില്‍ ഫൊര്‍ വിമണ്‍ ഒണ്‍ലി, ഫൊര്‍ മെന്‍ ഒണ്‍ലി എന്ന് സൂചന നല്‍കേണ്ടതുമാണ്. തൊഴിലാളികള്‍ക്ക് താമസ സ്ഥലത്തും ജോലി സ്ഥലങ്ങളിലും ആവശ്യമായ കുടിവെള്ളം ലഭ്യമാക്കണം. നൂറോ അതില്‍ കൂടുതലോ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന തൊഴില്‍ സ്ഥലങ്ങളില്‍ കാന്റീന്‍ സൗകര്യം ലഭ്യമാക്കണം. കാന്റീനില്‍ ഡൈനിംഗ് ഹാള്‍, കിച്ചന്‍, സ്റ്റോര്‍ റൂം, പാന്‍ട്രി, വാഷിംഗ് സൗകര്യം എന്നിവ ഉണ്ടായിരിക്കണം.
ഇരുപതോ അതില്‍ കൂടുതലോ സ്ത്രീകളായ അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയമിച്ചിട്ടുള്ള തൊഴിലിടങ്ങളില്‍ അവരുടെ കുട്ടികള്‍ക്കായി ക്രഷ് സൗകര്യം ഉണ്ടായിരിക്കണം. ഇവിടെ കുട്ടികളുടെ കളിസ്ഥലമായി ഒരു മുറിയും കുട്ടികള്‍ക്ക് കിടപ്പു മുറി ആയി ഒരു മുറിയും പ്രത്യേകം ഉണ്ടായിരിക്കണം. കളിസ്ഥലമായി ഉപയോഗിക്കുന്ന മുറിയില്‍ ആവശ്യാനുസരണം കളിക്കോപ്പുകളും കിടപ്പുമുറിയില്‍ അതിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കണം.
താമസസ്ഥലത്തും പരിസരത്തും അപകടകരമായ രീതിയില്‍ നിര്‍മാണ സാമഗ്രികള്‍ കൂട്ടിയിടാന്‍ പാടില്ല. നിര്‍ദേശിച്ചിരിക്കുന്ന സൗകര്യങ്ങള്‍ ഉറപ്പുവരുത്താത്ത പക്ഷം ലേബര്‍ കമ്മീഷണര്‍ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest