Connect with us

National

എന്‍ ഐ എ സംഘം കൊക്രാജറില്‍; തീവ്രവാദികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

Published

|

Last Updated

ഗുവാഹതി: കഴിഞ്ഞ ദിവസം ഭീകരാക്രമണമുണ്ടായ അസാമില്‍ എന്‍ ഐ എ സംഘം അന്വേഷണം ഊര്‍ജിതമാക്കി. 14 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ദൃക്‌സാക്ഷികളില്‍ നിന്ന് എന്‍ ഐ എ സംഘം വിവരം ശേഖരിച്ചു. അതിനിടെ, ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്ന നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് നാഗാലാന്‍ഡ് (എസ്) സംഘങ്ങള്‍ക്കെതിരായ ഓപറേഷന്‍ അര്‍ധ സൈനിക, സൈനിക വിഭാഗങ്ങളും ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ച തീവ്രവാദി മഞ്ജയ് ഇസ്‌ലാരിയാണെന്ന് തിരിച്ചറിഞ്ഞതായി അസാം ധനകാര്യ മന്ത്രി ഹിമാന്ത വിശ്വ ശര്‍മ പറഞ്ഞു. ഭീകരാക്രമണ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ ഡി എഫ് ബി (എസ്) വിഭാഗത്തിന്റെ 16ാം ബറ്റാലിയന്‍ സ്വയം പ്രഖ്യാപിത കമാന്‍ഡര്‍ ആണ് ഇയാളെന്നും മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും മന്ത്രി അറിയിച്ചു.
ബലാജന്‍ തിനിയാലി മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും മന്ത്രി പറഞ്ഞു. ചാവേര്‍ ആക്രമണമല്ല നടന്നതെന്നും അദ്ദേഹം അറിയിച്ചു. തൊട്ടടുത്ത ചിരാഗ് ജില്ലയിലും പരിസര ജില്ലകളിലും പോലീസും അര്‍ധ സൈനിക, സൈനിക വിഭാഗങ്ങളും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രത്യേക പരിശീലനം സിദ്ധിച്ച സൈനികരും അത്യാന്താധുനിക ആയുധങ്ങളും ഡോഗ് സ്‌ക്വാഡും ഉപയോഗിച്ചാണ് തിരച്ചില്‍ നടക്കുന്നത്. അസാം- ബംഗാള്‍ അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കി. ഭൂട്ടാന്‍ അതിര്‍ത്തിയിലും പഴുതടച്ചുള്ള ജാഗ്രത പാലിക്കുന്നുണ്ട്. തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.
സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് മുന്‍കരുതല്‍ നടപടികള്‍ കൈകൊള്ളുന്നതില്‍ സംസ്ഥാനം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കൊക്രാജര്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് സംഘം കുറ്റപ്പെടുത്തി. സ്വാതന്ത്ര്യ ദിന, റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി തീവ്രവാദികള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താറുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ട് നടപടികള്‍ കൈകൊളള്ളാന്‍ ബി ജെ പി സര്‍ക്കാര്‍ സന്നദ്ധത കാണിച്ചില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കൊക്രാജറിലെ ബലാജന്‍ തിനിയാലി ചന്തയിലാണ് വെള്ളിയാഴ്ച ഭീകരാക്രമണമുണ്ടായത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഉച്ചയോടെയായിരുന്നു ആക്രമണം. തീവ്രവാദികള്‍ ഗ്രനേഡ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിവെപ്പ് നടത്തുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് തീവ്രവാദികള്‍ എത്തിയതെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച ചന്ത നടക്കുന്നതിനാല്‍ വലിയ തിരക്കായിരുന്നു. പന്ത്രണ്ട് പേര്‍ സംഭവ സ്ഥലത്ത് വെച്ചും രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

---- facebook comment plugin here -----

Latest