തര്‍ക്ക ദ്വീപിനരികില്‍ ചൈനീസ് കപ്പല്‍ വ്യൂഹം; ജപ്പാന്‍-ചൈന ബന്ധം വഷളാകുന്നു

Posted on: August 7, 2016 12:27 am | Last updated: August 7, 2016 at 12:27 am
SHARE

china-japanടോക്കിയോ: കിഴക്കന്‍ ചൈനാ കടലില്‍ തര്‍ക്കത്തിലുള്ള ദ്വീപുകള്‍ക്കരികില്‍ റോന്തുചുറ്റുന്ന ചൈനീസ് തീരദേശ സേനയുടെ കപ്പലും മത്സ്യബന്ധന ബോട്ടും ജപ്പാന്‍ തടഞ്ഞു. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് ചൈനീസ് ബോട്ടുകള്‍ ജപ്പാന്‍ തടയുന്നത്.
രണ്ട് രാജ്യങ്ങളും അവകാശ വാദം ഉന്നയിക്കുന്ന ജപ്പാനില്‍ സെന്‍കാകു എന്ന പേരിലും ചൈനയില്‍ ദിയോവു എന്ന പേരിലും അറിയപ്പെടുന്ന ദ്വീപിനടുത്തുള്ള നിരീക്ഷണമാണ് ജപ്പാന്‍ തടഞ്ഞത്. ഈ ദ്വീപിനെ ചൊല്ലിയുള്ള അവകാശ തര്‍ക്കം ഇരുരാജ്യങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നമാണ്. ചൈനീസ് തീരദേശ സേനയുടെ ഏഴ് കപ്പലുകളും, 230 മത്സ്യബന്ധന ബോട്ടകളും ഇന്നലെ ജപ്പാന്റെ അധീനതയിലുള്ള കടലിലൂടെ സഞ്ചരിച്ചതായി ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തീരദേശ സേനയുടെ കപ്പലുകളില്‍ നാലെണ്ണത്തില്‍ ആയുധധാരികളുണ്ടായിരുന്നുവെന്നും പ്രസ്താവനയിലുണ്ട്. കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും അടിയന്തരമായി പിന്‍വലിക്കണമെന്ന് മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ദ്വീപിനരികില്‍ ചൈന നടത്തുന്ന പ്രവൃത്തികളെ ജപ്പാന്‍ ഒരു തരത്തിലും അംഗീകരിക്കില്ല. ഇത് പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനേ ഉപകരിക്കൂവെന്ന് പ്രസ്താവനയില്‍ പറയുന്നു. അതേസമയം, തങ്ങളുടെ കപ്പലുകള്‍ തര്‍ക്ക ദ്വീപിന് അടുത്തുള്ളതായി ചൈനയും സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച ചൈനീസ് തീരദേശ സേനയുടെ കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും തര്‍ക്കപ്രദേശത്ത് നിലയുറപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ജപ്പാനീസ് വിദേശകാര്യ സഹമന്ത്രി ഷന്‍സുകു സുഗിയാമ ടോക്കിയോയില്‍ ചൈനയുടെ അംബാസിഡറുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇന്നലെ വീണ്ടും കപ്പലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുകയാണ്. ഇരു രാജ്യങ്ങളും പ്രസ്താവനകളിറക്കി ഈ നീക്കത്തെ പ്രതിരോധിക്കുന്നുണ്ടെങ്കിലും ദ്വീപിന്റെ അവകാശവാദത്തെ സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ജൂണില്‍ ഈ ദ്വീപുകള്‍ക്കരികിലൂടെ ചൈനീസ് നാവിക സേന ആദ്യമായി റോന്തു ചുറ്റിയപ്പോള്‍ ജപ്പാന്‍ പ്രതിരോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here