ശക്തി കേന്ദ്രങ്ങളില്‍ തോല്‍വി; എ എന്‍ സി പാര്‍ട്ടിക്ക് ദക്ഷിണാഫ്രിക്കയില്‍ കാലിടറുന്നു

Posted on: August 7, 2016 12:25 am | Last updated: August 7, 2016 at 12:25 am

ancജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഭരണ കക്ഷിയായ എ എന്‍ സി പാര്‍ട്ടിക്ക് പ്രതീകാത്മക നെല്‍സണ്‍ മണ്ടേല മലയിടുക്ക് മേഖലയില്‍ നിയന്ത്രണം നഷ്ടമായി. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ പാര്‍ട്ടിയെ കൈവിട്ടതോടെ രാജ്യത്തെ രാഷ്ട്രീയ ഭൂഭാഗ ചിത്രം തിരുത്തിയെഴുതപ്പെട്ടിരിക്കുകയാണ്.
22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് പ്രാദേശിക തിരഞ്ഞെടുപ്പിലൂടെ ദക്ഷിണാഫ്രിക്കന്‍ ജനത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിശ്ചലമായ സാമ്പത്തിക രംഗം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവക്ക് പുറമെ പ്രസിഡന്റ് ജേക്കബ് സുമയെ ചുറ്റിപ്പറ്റിയുള്ള അഴിമതി വിവാദങ്ങളും നെല്‍സണ്‍ മണ്ടേല സ്ഥാപിച്ച പാര്‍ട്ടിയായ എ എന്‍ സിയില്‍നിന്നും വോട്ടര്‍മാരെ അകറ്റിയിരിക്കുകയാണ്.
ഒരിക്കല്‍ വെള്ളക്കാരായ മധ്യ വര്‍ഗക്കാരുടെ പാര്‍ട്ടിയെന്ന് പരിഗണിക്കപ്പെട്ടിരുന്നതും ഇപ്പോള്‍ ആദ്യമായി കറുത്ത വര്‍ഗക്കാരനായ മുസി മൈമാന്‍ നേതൃത്വം നല്‍കുന്നതുമായ ഡമോക്രാറ്റിക് അലയിന്‍സി(ഡി എ)നാണ് ഭൂരിഭാഗം വോട്ടര്‍മാരും വോട്ട് ചെയ്തിരിക്കുന്നത്. എ എന്‍ സിയുടെ മുന്‍ തീപ്പൊരി നേതാവ് ജൂലിയസ് മലീമ നേതൃത്വം നല്‍കുന്ന ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സ് പാര്‍ട്ടിക്കും കാര്യമായി വോട്ട് നേടാനായിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി അധികാരത്തിലുള്ള എ ന്‍ സി ഭരണത്തിന്റെ ഹിതപരിശോധനയായാണ് പ്രാദേശിക തിരഞ്ഞെടുപ്പിനെ വോട്ടര്‍മാര്‍ കണ്ടത്.
വര്‍ണ വിവേചനത്തിനെതിരെ പോരാട്ടം നടത്തിയ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ പ്രതീകാത്മക മേഖലയില്‍ ഡി എ ആദ്യമായാണ് വിജയം നേടുന്നത്. ഇവിടെ സഖ്യ രൂപവത്കരണത്തിലൂടെ ഡി എ അധികാരത്തിലെത്തും. അതേസമയം, എ എന്‍ സിക്ക് പരാജയം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. പാര്‍ട്ടിക്ക് ഇവിടെയുണ്ടായിരുന്ന ജനപിന്തുണ തകര്‍ന്നടിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. ജോഹന്നാസ്ബര്‍ഗ് ഉള്‍പ്പെടെയുള്ള നഗരപ്രദേശങ്ങളില്‍ വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. തങ്ങള്‍ ഗൗരവതരമായ അത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് എ എന്‍ സി ചീഫ് വിപ്പ് ജാക്ക്‌സണ്‍ തെംബു പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 54 ദശലക്ഷം കറുത്തവര്‍ഗക്കാരുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലവും കമ്പനികളും ഇപ്പോഴും വെള്ളക്കാരുടെ കൈവശമാണ്.