മാറക്കാനയില്‍ ജ്വലിച്ചത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്

Posted on: August 7, 2016 12:16 am | Last updated: August 7, 2016 at 12:16 am

de limaറിയോഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ മാറക്കാനയിലെ ഒളിമ്പിക്ദീപം തെളിയിക്കാനുള്ള ക്ഷണം ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് നിരസിച്ചതോടെ ഏവരും ആകാംക്ഷയിലാണ്ടു. ആര് തെളിയിക്കും മുപ്പത്തൊന്നാം ഒളിമ്പ്യാഡിന്റെ വെളിച്ചം ? സംഘാടകര്‍ ആ രഹസ്യം അവസാന നിമിഷം വരെ പൊട്ടിക്കാതെ സൂക്ഷിച്ചു.
ഒടുവില്‍ ഒളിമ്പിക് ദീപശിഖയുടെ വെളിച്ചം മാറക്കാനയിലേക്ക് പ്രവേശിച്ചു. ടെന്നീസ് താരം ഗുസ്താവോ കുര്‍ട്ടന്റെ കൈകളില്‍ ദീപശിഖ, കുര്‍ട്ടനത് ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം ഹോര്‍ടെന്‍സിയ മര്‍കാരിക്ക് കൈമാറി, ദീപശിഖ അവസാന വ്യക്തിയുടെ അടുത്തെത്തിയപ്പോള്‍ മുഖം തെളിഞ്ഞു – വാന്‍ഡെര്‍ലി ഡെ ലിമ ! അറുപതിനായിരത്തോളം വരുന്ന കാണികളുടെ ഹര്‍ഷാരവത്തിന്റെ അകമ്പടിയോടെ ലിമ തെക്കെ അമേരിക്കയിലെ ആദ്യ ഒളിമ്പിക്‌സിന് തിരി തെളിയിച്ചു, ആ വെളിച്ചം മാറക്കാനയുടെ ആകാശത്ത് കായിക പോരാട്ടത്തിന്റെ ജ്വാലയായി പരിണമിച്ചു. പെലെയുമായി തട്ടിക്കുമ്പോള്‍ ബ്രസീലില്‍ വാന്‍ഡെര്‍ ഡെ ലിമ ഒന്നുമല്ല. വെങ്കല മെഡല്‍ നേടിയ ഒരു ഒളിമ്പ്യന്‍. എന്നിട്ടും, റിയോ സംഘാടകര്‍ വാന്‍ഡെര്‍ലി ലിമയെ ആ ചരിത്രദൗത്യം ഏറെ അഭിമാനത്തോടെ ഏല്‍പ്പിച്ചു.
ഇപ്പോള്‍, ലോകം മുഴുവന്‍ സമ്മതിക്കുന്നു. പെലെയല്ല വാന്‍ഡെര്‍ലി ലിമയാണ് ഒളിമ്പിക് ദീപം തെളിയിക്കാന്‍ എന്തുകൊണ്ടും അനുയോജ്യനെന്ന്.
ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ അവിശ്വസനീയമായ പോരാട്ടം കാഴ്ചവെച്ച അത്‌ലറ്റാണ് വാന്‍ഡെര്‍ലി. മാരത്തണ്‍ സ്‌പെഷ്യലിസ്റ്റായ ബ്രസീലിയന്‍ താരം 2004 ഏഥന്‍സ് ഒളിമ്പിക്‌സിലാണ് വിഖ്യാതനാകുന്നത്. ഏഥന്‍സില്‍ ഓടാനിറങ്ങുമ്പോള്‍ വാന്‍ഡെര്‍ലിക്ക് മെഡല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്നില്ല. അന്നത്തെ ഫോം വെച്ച് കെനിയയുടെ പോള്‍ ടെര്‍ഗാറ്റിനാണ് സ്വര്‍ണ മെഡല്‍ സാധ്യത. ടെര്‍ഗാറ്റിനേക്കാളും ഒരു
മിനുട്ട് കുറവിലാണ് ലിമയുടെ മികച്ച സമയം എന്നോര്‍ക്കണം. അതുകൊണ്ടു തന്നെ ബ്രസീല്‍ മാരത്തണില്‍ മെഡല്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, സകലരെയും ഞെട്ടിച്ച് വാന്‍ഡെര്‍ലി കുതിച്ചു. ഒളിമ്പിക് മാരത്തണില്‍ ബ്രസീലിന്റെ പ്രഥമ വ്യക്തിഗത സ്വര്‍ണം എന്ന സ്വപ്‌നത്തിലേക്ക് വാന്‍ഡെര്‍ലിക്ക് അധികം ദൂരമില്ലായിരുന്നു. 22 മൈല്‍ പിന്നിട്ടപ്പോള്‍ വാന്‍ഡെര്‍ലിയായിരുന്നു ലീഡ് ചെയ്തത്. എന്നാല്‍, പൊടുന്നനെ ഒരു കുടിയന്‍ വാന്‍ഡെര്‍ലിയെ കയറിപ്പിടിച്ച് ഓട്ടം പൂര്‍ണമായും തടഞ്ഞു. കുതറിയോടാന്‍ പറ്റാത്ത വിധം കോര്‍നെലിസ് ഹോറാന്‍ എന്ന കുടിയന്റെ പിടിയിലമര്‍ന്നു പോയി വാന്‍ഡെര്‍ലി.
ഹൊര്‍ലാന് ഇതൊരു ഹോബിയാണ്. 2003 ഫോര്‍മുല വണ്‍ ബ്രിട്ടീഷ് ഗ്രാന്‍പ്രീയില്‍ ട്രാക്കില്‍ മാര്‍ഗതടം സൃഷ്ടിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന ഹൊര്‍ലാന്റെ മറ്റൊരു വേലത്തരമായിരുന്നു ഏഥന്‍സില്‍ കണ്ടത്. ഇരുപത് സെക്കന്‍ഡുകളാണ് വാന്‍ഡെര്‍ലിക്ക് ഈ സംഭവം കാരണം നഷ്ടമായത്. ഗ്രീക്കുകാരന്‍ പോളിവിയസ് കോസിവാസാണ് വാന്‍ഡെര്‍ലിയെ ഹൊര്‍ലാന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷിച്ചതും മത്സരം തുടരാന്‍ സഹായിച്ചതും. മേധാവിത്വം നഷ്ടപ്പെട്ടെങ്കിലും വാന്‍ഡെര്‍ലി തളര്‍ന്നില്ല. അമേരിക്കയുടെ മെബ്രാടോമും ഇറ്റലിയുടെ സ്റ്റെഫാനോ ബാള്‍ഡിനിയും തന്നെ മറികടന്നു പോയത് വകവെക്കാതെ ബ്രസീലിയന്‍ താരം വെങ്കലമെഡല്‍ ഓടിപ്പിടിച്ചു.
ഈ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് കായിക ലോകം പിയറി ഡി കുബെര്‍ട്ടിന്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. ഇപ്പോഴിതാ, ആ പോരാട്ടവീര്യം ലോകകായികമഹാമേളയുടെ ജ്വാലപ്രവാഹകനായിരിക്കുന്നു.