ജയ്പ്പൂര്‍ ഗോശാലയില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നു

Posted on: August 7, 2016 6:02 am | Last updated: August 7, 2016 at 12:07 am
SHARE

cowന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രൂക്ഷമായ അക്രമണം അഴിച്ചുവിടുന്ന സംഘ്പരിവാര്‍ ഭരണത്തിന് കീഴിലുള്ള രാജസ്ഥാനില്‍ അധികൃതരുടെ അനാസ്ഥ മൂലം നൂറുക്കണക്കിന് പശുക്കള്‍ ചത്തൊടുങ്ങുന്നു. ബി ജെ പി ഭരിക്കുന്ന രാജസ്ഥാനിലെ ജെയ്പൂരിലെ ഹിംഗോണിയ പശുസംരക്ഷണ കേന്ദ്രത്തില്‍ അധികൃതരുടെ അനാസ്ഥ മൂലം കഴിഞ്ഞ രണ്ടാഴ്ചക്കിടെ നൂറോളം പശുക്കളാണ് ചത്തൊടുങ്ങിയത്.
പശു സംരക്ഷണത്തിനായി കലാപമഴിച്ചുവിടുകയും മുറവിളി കൂട്ടുകയും ചെയ്യുന്ന ബി ജെ പി ഭരിക്കുന്ന ജെയ്പൂരിലെ സംഭവം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. വിഷയം പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ബി ജെ പിയുടെയും സംഘ്പരിവാറിന്റെയും പശു സംരക്ഷണ വാദം രാഷ്ട്രീയ മുതലടുപ്പെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് രാജസ്ഥാനില്‍ നിന്ന് പുറത്തുവരുന്നത്.
ഇതുവരെ 90 ഓളം പശുക്കളുടെ ജഡങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് കേന്ദ്രത്തില്‍ സഹായത്തിനെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. 8,000 ത്തോളം പശുക്കളാണ് കേന്ദ്രത്തിലുള്ളത്. 500 ഓളം പശുക്കള്‍ ചത്തിട്ടുണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്ക്. പശുക്കള്‍ക്ക് രോഗവും ബാധിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. സംരക്ഷണ കേന്ദ്രത്തിലെ പശുക്കള്‍ പട്ടിണിമൂലം വലഞ്ഞിരുന്നു. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാതെ മിക്കതും അവശനിലയിലായിരുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും പശുക്കള്‍ക്ക് സംരക്ഷണം നല്‍കിയില്ല. കാലുകള്‍ ചെളിയില്‍ ആഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മിക്കതും. കേന്ദ്രത്തില്‍ കുമിഞ്ഞ് കൂടിയ ചാണകം നീക്കം ചെയ്യാനോ വൃത്തിയാക്കാനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പശുക്കളുടെ ജഡം നീക്കാന്‍ ചെയ്യാനെത്തിയവര്‍ പറയുന്നു. തൊഴുത്തിലെ വൃത്തിഹീനമായ അന്തരീക്ഷമാണ് പശുക്കള്‍ക്ക് മാരകരോഗത്തിനിടയാക്കിയത്. സംരക്ഷണ കേന്ദ്രത്തില്‍ അവശേഷിക്കുന്ന പശുക്കള്‍ ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാതെ അവശനിലയിലാണ്.
ഹിംഗോണിയ ഗോശാലയിലെ 250ഓളം കരാര്‍ തൊഴിലാളികള്‍ കഴിഞ്ഞ മാസം മുതല്‍ സമരത്തിലായതിനാല്‍ ഇവക്ക് ആവശ്യമായ ഭക്ഷണം ലഭിച്ചില്ല. ഇതാണ് പശുക്കള്‍ ചത്തൊടുങ്ങാന്‍ കാരണമെന്നാണ് വിശദീകരണം. എന്നാല്‍, തൊഴിലാളികള്‍ക്ക് കഴിഞ്ഞ മെയ് മുതല്‍ ശമ്പളം നല്‍കിയിട്ടില്ലെന്ന് പറയുന്നു. ജയ്പൂര്‍ മുന്‍സിപ്പല്‍ കൗ ണ്‍സിലും ഗോശാലയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലം ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലായ ജീവനക്കാര്‍ സമരത്തിലേര്‍പ്പട്ടതോടെ അധികൃതര്‍ പകരം സംവിധാനം ചെയ്യാത്തതാണ് പശുക്കളുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയത്. അതേസമയം, മുഖ്യമന്ത്രി വിഷയം പരിഗണനയിലെടുത്തിട്ടുണ്ടെന്നും പ്രശ്‌നത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി രാജേന്ദ്ര സിംഗ് റാത്തോര്‍ പറഞ്ഞു. ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തതായും വിഷയം ഗൗരവമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പശു സംരക്ഷകര്‍ എവിടെപ്പോയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷ നേതാവ് രാമേശ്വര്‍ ദൂഡി സര്‍ക്കാറിനെ കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ അവഗണനയും അനാസ്ഥയുമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 8000 പശുക്കളുണ്ടായിരുന്ന ഗോശാലയില്‍ നിന്ന് വാര്‍ഷിക വരുമാനമായി 20 കോടി രൂപ ലഭിച്ചിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.