ഭരണമാറ്റം അവിടെ, ആഘോഷം ഇവിടെ

ശര്‍മ ഒലിയിലൂടെ ചൈനയുടെ പൂഴിക്കടകന്‍ ഒരിക്കല്‍ കൂടി ആവിഷ്‌കരിക്കപ്പെടുന്നുവെന്ന തിരിച്ചറിവിലാണ് ഒരു കാലത്ത് പ്രഖ്യാപിത ശത്രുവായിരുന്ന പ്രചണ്ഡയെ വാഴിക്കാന്‍ ഇന്ത്യ തുനിഞ്ഞിറങ്ങിയത്. 2008-09ല്‍ ഇതേ പ്രചണ്ഡയെ താഴെയിറക്കാന്‍ കരുക്കള്‍ നീക്കിയത് അന്നത്തെ ഇന്ത്യന്‍ ഭരണാധികാരികളായിരുന്നുവല്ലോ. പ്രചണ്ഡ പ്രധാനമന്ത്രിയാകുമ്പോള്‍ ഇന്ത്യ രണ്ട് ലക്ഷ്യങ്ങള്‍ ഒറ്റയടിക്ക് നേടുന്നുണ്ട്. ഒന്ന്, ചൈനയെ തത്കാലം തടഞ്ഞ് നിര്‍ത്താം. ഒലിയെ പിന്തുണക്കാന്‍ പ്രചണ്ഡയോട് ഉത്തരവിട്ടത് ചൈനയായിരുന്നു. ഇത്തവണ അദ്ദേഹം ഇന്ത്യയുടെ ഉത്തരവ് അനുസരിച്ചു. രണ്ട്, മധേശികളുടെ ആവശ്യം അംഗീകരിപ്പിക്കാന്‍ സാധിച്ചു. ഈ നേട്ടം ബീഹാറിലും ഉത്തര്‍ പ്രദേശിലുമൊക്കെ മേനി പറച്ചിലിന് ബി ജെ പി ഉപയോഗിക്കും. ആത്യന്തികമായി അവശേഷിക്കുന്ന വസ്തുതയിതാണ്. നേപ്പാളിന് സ്വന്തമായി തീരുമാനങ്ങളില്ല. ചൈനക്കും ഇന്ത്യക്കുമിടയില്‍ ഞെരുങ്ങുകയാണ് ആ രാജ്യം. അവിടെ അരങ്ങേറിയ എല്ലാ രാഷ്ട്രീയ നാടകങ്ങളുടെയും തിരക്കഥ രചിക്കപ്പെട്ടത് ന്യൂഡല്‍ഹിയിലോ ബീജിംഗിലോ ആണ്.
Posted on: August 7, 2016 6:00 am | Last updated: August 7, 2016 at 12:02 am
SHARE

prachandaരാഷ്ട്രീയ അസ്ഥിരതക്ക് നിരന്തരം ഇരയാകുന്ന ഹിമാലയന്‍ രാഷ്ട്രത്തില്‍ ഒരിക്കല്‍ കൂടി ഭരണമാറ്റം സംഭവിക്കുകയാണ്. നേപ്പാള്‍ കമ്യൂണിസ്റ്റ് (ലെനിനിസ്റ്റ്- മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി നേതാവ് കെ പി ശര്‍മ ഒലി രാജിവെച്ചതോടെ മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ എന്ന പുഷ്പ കമല്‍ ദഹല്‍ ആണ് പ്രധാനമന്ത്രിയായിരിക്കുന്നത്. നേപ്പാളിന്റെ 26 വര്‍ഷത്തെ ജനാധിപത്യ ചരിത്രത്തില്‍ 24ാമത്തെ പ്രധാനമന്ത്രിയാണ് പ്രചണ്ഡ. അദ്ദേഹത്തിന്റെ പാര്‍ട്ടി പാര്‍ലിമെന്റില്‍ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള പാര്‍ട്ടിയുടെ നേതാവാണ് പുറത്ത് പോകുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പാര്‍ലിമെന്റില്‍ സഖ്യ സര്‍ക്കാറിന് നേതൃത്വം നല്‍കുകയെന്ന ദൗത്യമായിരുന്നു കെ പി ശര്‍മ ഒലി ഏറ്റെടുത്തിരുന്നത്. മാവോയിസ്റ്റുകളുടെയും മധേശികളുടെയും പിന്തുണയോടെയാണ് ഒലി ഭരിക്കാനിറങ്ങിയത്. നേപ്പാളിന്റെ ചരിത്രത്തില്‍ നിരവധി തവണ ആവര്‍ത്തിച്ച പേലെ ഈ കൂട്ടുകെട്ടും അല്‍പ്പായുസ്സായി. മാവോയിസ്റ്റുകളും പ്രതിപക്ഷത്തുള്ള നേപ്പാളി കോണ്‍ഗ്രസും മധേശികളും ഏതാനും ചെറു പാര്‍ട്ടികളും ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. അതിജീവിക്കില്ലെന്നുറപ്പുള്ള പോരാട്ടത്തിന് നില്‍ക്കാതെ ഒലി പടിയിറങ്ങി.
ഈ പടിയിറക്കത്തിന്റെ ചരടുവലികള്‍ മുഴുവന്‍ നടത്തിയ പ്രചണ്ഡ അധികാരത്തിലേറുന്നതും അസ്ഥിരതയുടെ തനിയാവര്‍ത്തനത്തിനുള്ള കുഴിബോംബുകളില്‍ ചവിട്ടി നിന്നു കൊണ്ടാണ്. അദ്ദേഹത്തെ താങ്ങി നിര്‍ത്തുന്നത് തികച്ചും ഭിന്ന ധ്രുവങ്ങളിലുള്ള കക്ഷികളാണെന്നത് തന്നെയാണ് കാരണം. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി എക്കാലത്തും മാവോയിസ്റ്റുകളെ എതിര്‍ത്തവരാണ്. ആയുധമുപേക്ഷിച്ച് രാഷ്ട്രീയ പ്രവേശം നടത്തിയ ശേഷം 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നു. ഒമ്പത് മാസം മാത്രമാണ് പ്രചണ്ഡക്ക് അധികാരത്തിലിരിക്കാനായത്. ഇനി മധേശി പാര്‍ട്ടികളുടെ കാര്യമെടുക്കാം. തികച്ചും പ്രാദേശികവും ജാതീയവുമായ താത്പര്യങ്ങളാണ് അവരെ നയിക്കുന്നത്. ഇന്ത്യയില്‍ വേരുകളുള്ള ഈ വിഭാഗത്തിന്റെ പ്രക്ഷോഭങ്ങളാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത് തന്നെ. ഇക്കൂട്ടര്‍ക്ക് എടുത്താല്‍ പൊങ്ങാത്ത വാഗ്ദാനങ്ങള്‍ നല്‍കിയാണ് പ്രചണ്ഡ കൂടെക്കൂട്ടിയിരിക്കുന്നത്. മധേശി പ്രവിശ്യയുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുക, പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രചണ്ഡ അംഗീകരിച്ചത്.
ഇപ്പോഴത്തെ ഭരണ മാറ്റത്തിന് മറ്റൊരു തലം കൂടിയുണ്ട്. ആ തലമാണ് ഹിമാലയന്‍ രാഷ്ട്രത്തിലെ പുതിയ സംഭവവികാസങ്ങള്‍ക്ക് അന്താരാഷ്ട്ര പ്രധാന്യം നല്‍കുന്നത്. ലോകത്തെ ഏക ഹിന്ദു രാഷ്ട്രമെന്ന കിരീടഭാരം ഉപേക്ഷിച്ച് സമ്പൂര്‍ണ മതേതര രാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുന്ന ഭരണഘടന അംഗീകരിച്ച ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാറാണ് പുറത്ത് പോകുന്നത്. ഇത് അതിര്‍ത്തിക്കിപ്പുറത്തുള്ള ഹിന്ദുത്വ ശക്തികളെ സന്തോഷിപ്പിക്കുകയും മതേതരവാദികളെ ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നുണ്ട്. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രം ഹിന്ദു രാഷ്ട്രമായിരിക്കണമെന്ന ഹിന്ദുത്വ കാഴ്ചപ്പാടിന്റെ കരണത്ത് ആഞ്ഞടിക്കുന്നതായിരുന്നു നേപ്പാളിന്റെ പുതിയ ഭരണ ഘടന. ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികള്‍ ഏറ്റവും അപകടകരമായ രാഷ്ട്രീയ ശക്തി കൈവരിക്കുകയും രാജ്യത്തിന്റെ മതേതര പാരമ്പര്യം അപകടപ്പെടുത്തുന്ന അതിക്രമങ്ങള്‍ക്കായി ഈ രാഷ്ട്രീയ ശക്തി നിരന്തരം ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴാണ് നേപ്പാള്‍ ഇത്തരമൊരു വിപ്ലവകരമായ നിലപാടിലേക്ക് ഉണര്‍ന്നതെന്നോര്‍ക്കണം. നരന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം നേപ്പാളില്‍ നടത്തിയ ഇടപെടലുകള്‍ മിക്കവയും ‘ഹിന്ദു രാഷ്ട്ര’ സംരക്ഷണം ലക്ഷ്യം വെച്ചുള്ളവയായിരുന്നു. തീവ്രവലതുപക്ഷ പാര്‍ട്ടിയായ പ്രജാതന്ത്ര പാര്‍ട്ടി ഭരണഘടനാ അസംബ്ലിക്ക് മുമ്പില്‍ ഹിന്ദു രാഷ്ട്ര ആവശ്യം ഉയര്‍ത്തിയതില്‍ ഇന്ത്യയിലെ സംഘ് നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ട്. ഇന്ത്യയില്‍ അവര്‍ ഉയര്‍ത്തുന്ന ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ക്ക് പ്രഹര ശേഷി കൈവരിക്കാന്‍ നേപ്പാള്‍ ഔപചാരികമായി ഹിന്ദു രാഷ്ട്രമായി നിലനില്‍ക്കണമായിരുന്നു. എണ്‍പത് ശതമാനത്തിലധികം ഹിന്ദുമത വിശ്വാസികള്‍ ഉള്ള നേപ്പാള്‍ ഭരണഘടനാപരമായി മതേതര രാഷ്ട്രമാകുമ്പോള്‍ ആര്‍ എസ് എസിനും കൂട്ടാളികള്‍ക്കും അത് സഹിക്കാനാകില്ല. കെ പി ശര്‍മ ഒലി പടിയിറങ്ങുമ്പോള്‍ ഇക്കൂട്ടര്‍ ആഘോഷിക്കുകയാണ്.
ഇത് അല്‍പ്പം കൂടി വിശദീകരിക്കേണ്ടതുണ്ട്. പുതിയ മതേതര ഭരണഘടന നിലവില്‍ വന്ന് ദിവസങ്ങള്‍ക്കകം തന്നെ നേപ്പാളിലെ തെരുവുകള്‍ പ്രക്ഷോഭ ഭരിതമായിരുന്നു. 595 അംഗ പാര്‍ലിമെന്റില്‍ 42 അംഗങ്ങളുള്ള മധേശി യുനൈറ്റഡ് ഫ്രണ്ടും തീവ്രവലതുപക്ഷ ഗ്രൂപ്പായ പ്രജാതന്ത്ര പാര്‍ട്ടിയുമാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. ഭരണഘടന മുന്നോട്ട് വെച്ച ഫെഡറല്‍ സംവിധാനത്തിലെ അപാകം ചൂണ്ടിക്കാട്ടിയായിരുന്നു പ്രക്ഷോഭം. പ്രക്ഷോഭത്തിന് നേരെ ഭരണകൂടം ബലം പ്രയോഗിച്ചു. നിരവധി പേര്‍ മരിച്ചു വീണു. പര്‍വത മേഖലയില്‍ താമസിക്കുന്ന ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ക്ക് ഭരണഘടന അമിത പ്രാധാന്യം നല്‍കുന്നുവെന്നും പുതിയ പ്രവിശ്യാ വിഭജനം മധേശികളെ തഴയുന്നുവെന്നും അവര്‍ വാദിച്ചു. തങ്ങള്‍ക്ക് ഒരിക്കലും അധികാര സ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കാത്ത വിധത്തിലാണ് വിഭജനം നടത്തിയതെന്നും പ്രക്ഷോഭകര്‍ പരാതിപ്പെട്ടു. അവരുടെ സമരരൂപം അത്യന്തം അപകടകരമായിരുന്നു. അക്ഷരാര്‍ഥത്തില്‍ അതിരു കടന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ അവര്‍ ഉപരോധം സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങള്‍ കയറ്റി ഇന്ത്യയില്‍ നിന്ന് വരുന്ന ട്രക്കുകള്‍ തടഞ്ഞു. മതേതര പ്രഖ്യാപനത്തില്‍ കലി പൂണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ ആശീര്‍വാദത്തോടെയായിരുന്നു പ്രക്ഷോഭം.
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന് ഇത് താങ്ങാവുന്നതിലപ്പുറമായിരുന്നു. രാജ്യം കടുത്ത ക്ഷാമത്തിലേക്ക് കൂപ്പു കുത്തി. ശര്‍മ ഒലി സര്‍ക്കാറിനെതിരെ വന്‍ ജനരോഷമുയര്‍ന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം ചൈനയുടെ സഹായം തേടി. നേപ്പാളിലും മറ്റ് അയല്‍ രാജ്യങ്ങളിലും ഇന്ത്യയുടെ സ്വാധീനം തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ചൈന അവസരത്തിന് കാത്തു നില്‍ക്കുകയായിരുന്നു. അവര്‍ ഹെലികോപ്റ്റര്‍ മാര്‍ഗം നിത്യോപയോഗ സാധനങ്ങളും ഇന്ധനവും എത്തിച്ചു കൊടുത്തു. മാത്രമല്ല, ഇത്തരത്തിലുള്ള ഇറക്കുമതിക്കായി ദീര്‍ഘകാല കരാറില്‍ നേപ്പാളും ചൈനയും ഒപ്പു വെക്കുകയും ചെയ്തു. ഭരണഘടനയില്‍ നിന്ന് ഹിന്ദുത്വം അപ്രത്യക്ഷമായതിന് പിറകേ നേപ്പാളില്‍ ഇന്ത്യ നടത്തിയ കരുനീക്കങ്ങളുടെ അപ്രതീക്ഷിത പരിണതിയായിരുന്നു ചൈനീസ് ബാന്ധവം. സത്യത്തില്‍ വടി കൊടുത്ത് അടി വാങ്ങുകയാണ് ഇന്ത്യ ചെയ്തത്.
ഇന്ത്യയും നേപ്പാളും തമ്മില്‍ ഒരിക്കലും അറുത്തു മാറ്റാനാകാത്ത ബന്ധമാണ് ഉള്ളത്. അവിടുത്തെ ഏത് ആഘോഷവും പൂര്‍ണമാകണമെങ്കില്‍ ഇവിടെ നിന്നുള്ള നേതാക്കള്‍ ചെല്ലണം. നേപ്പാളി കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയാണ്. നേപ്പാളി കമ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ പകര്‍ത്തുന്നു. പ്രണാബ് കുമാര്‍ മുഖര്‍ജിക്കും സീതാറാം യെച്ചൂരിക്കുമൊക്കെ അവിടെയുള്ള നേതാക്കളുമായി ഊഷ്മളമായ സൗഹൃദമുണ്ട്. 1996ല്‍ മാവോയിസ്റ്റുകള്‍ ജനകീയ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ സൈനിക സഹായത്തിന്റെ രൂപത്തിലും 2003ല്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ച നടന്നപ്പോള്‍ മധ്യസ്ഥതയുടെ രൂപത്തിലും ഇന്ത്യയുണ്ടായിരുന്നു. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമെന്ന നിലയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്കും നേതാക്കള്‍ക്കും നേപ്പാളില്‍ ശക്തമായ സ്വാധീനമുണ്ട്. അന്താരാഷ്ട്ര ഹിന്ദു സമ്മേളനം സംഘടിപ്പിക്കാന്‍ തൊഗാഡിയയും സിംഘാളുമൊക്കെ നിരവധി തവണ നേപ്പാളില്‍ ക്യാമ്പ് ചെയ്തിരുന്നു. രാജഭരണകാലത്തായിരുന്നു ഈ ബന്ധം കൂടുതല്‍ ശക്തി പ്രാപിച്ചത്.
1950ലെ സമാധാന സൗഹൃദ കരാര്‍ ഇന്ത്യ- നേപ്പാള്‍ ബന്ധത്തിലെ നാഴികക്കല്ലായിരുന്നു. നേപ്പാള്‍ പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ പൗരത്വമുള്ളത് പോലെ തന്നെയായി കാര്യങ്ങള്‍. വിദ്യാഭ്യാസത്തിനും കച്ചവടത്തിനും യാതൊരു നിയന്ത്രണവുമില്ലാതെ നേപ്പാളികള്‍ക്ക് ഇവിടെ വരാം. ഇന്തോ- നേപ്പാള്‍ അതിര്‍ത്തി തുറന്ന് കിടക്കുകയാണ്. ഇന്ത്യ നേപ്പാളിന് ഒരു പൈസയും വാങ്ങാതെ ആയുധം നല്‍കുന്നു. നേപ്പാളീസ് ഗൂര്‍ഖകളുടെ റജിമെന്റുണ്ട് ഇന്ത്യന്‍ സൈന്യത്തില്‍. ഇങ്ങനെ സയാമീസ് ഇരട്ടകളായി കഴിയുന്ന അയല്‍ക്കാര്‍ തമ്മില്‍ ആദ്യത്തെ വിള്ളല്‍ ദൃശ്യമായത് 1962ലെ ഇന്ത്യാ- ചൈനാ യുദ്ധത്തിലാണ്. നേപ്പാള്‍ സ്വാഭാവികമായും ഇന്ത്യയെ പിന്തുണക്കുമെന്ന് നെഹ്‌റു കരുതി. എന്നാല്‍ ന്യൂഡല്‍ഹിയെ ഞെട്ടിച്ചു കൊണ്ട് നേപ്പാള്‍ നിഷ്പക്ഷത പാലിച്ചു. നേപ്പാളില്ലാത്തത് കൊണ്ട് ഇന്ത്യക്ക് വല്ല കുറവും സംഭവിച്ചോ ഇല്ലയോ എന്നതല്ല പ്രശ്‌നം. അന്ന് ചൈന നേടിയ മനഃശ്ശാസ്ത്ര വിജയങ്ങളിലൊന്നായിരുന്നു ആ നിഷ്പക്ഷമതിത്വം. ഈ ഞെട്ടല്‍ പല തവണ ആവര്‍ത്തിച്ചു. സാമ്പത്തിക ശക്തിയുടെ ബലത്തില്‍ ചൈന പലപ്പോഴും ബിഗ്ബ്രദര്‍ കുപ്പായമണിഞ്ഞു.
ശര്‍മ ഒലിയിലൂടെ ചൈനയുടെ പൂഴിക്കടകന്‍ ഒരിക്കല്‍ കൂടി ആവിഷ്‌കരിക്കപ്പെടുന്നുവെന്ന തിരിച്ചറിവിലാണ് ഒരു കാലത്ത് ഇന്ത്യയുടെ പ്രഖ്യാപിത ശത്രുവായിരുന്ന പ്രചണ്ഡയെ വാഴിക്കാന്‍ ഇന്ത്യ തുനിഞ്ഞിറങ്ങിയത്. 2008-09ല്‍ ഇതേ പ്രചണ്ഡയെ താഴെയിറക്കാന്‍ കരുക്കള്‍ നീക്കിയത് അന്നത്തെ ഇന്ത്യന്‍ ഭരണാധികാരികളായിരുന്നുവല്ലോ. പ്രചണ്ഡ പ്രധാനമന്ത്രിയാകുമ്പോള്‍ ഇന്ത്യ രണ്ട് ലക്ഷ്യങ്ങള്‍ ഒറ്റയടിക്ക് നേടുന്നുണ്ട്. ഒന്ന്, ചൈനയെ തത്കാലം തടഞ്ഞ് നിര്‍ത്താം. ഒലിയെ പിന്തുണക്കാന്‍ പ്രചണ്ഡയോട് ഉത്തരവിട്ടത് ചൈനയായിരുന്നു. ഇത്തവണ അദ്ദേഹം ഇന്ത്യയുടെ ഉത്തരവ് അനുസരിച്ചു. രണ്ട്, മധേശികളുടെ ആവശ്യം അംഗീകരിപ്പിക്കാന്‍ സാധിച്ചു. ഈ നേട്ടം ബീഹാറിലും ഉത്തര്‍ പ്രദേശിലുമൊക്കെ മേനി പറച്ചിലിന് ബി ജെ പി ഉപയോഗിക്കും. ആത്യന്തികമായി അവശേഷിക്കുന്ന വസ്തുതയിതാണ്. നേപ്പാളിന് സ്വന്തമായി തീരുമാനങ്ങളില്ല. ചൈനക്കും ഇന്ത്യക്കുമിടയില്‍ ഞെരുങ്ങുകയാണ് ആ രാജ്യം. അവിടെ അരങ്ങേറിയ എല്ലാ രാഷ്ട്രീയ നാടകങ്ങളുടെയും തിരക്കഥ രചിക്കപ്പെട്ടത് ന്യൂഡല്‍ഹിയിലോ ബീജിംഗിലോ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here