കാശ്മീരിലെ പെല്ലറ്റ് പ്രയോഗം

Posted on: August 7, 2016 6:00 am | Last updated: August 6, 2016 at 11:50 pm
SHARE

കാശ്മീരിലെ പെല്ലറ്റ് പ്രയോഗത്തിനെതിരെ അന്താരാഷ്ട തലത്തില്‍ പ്രതിഷേധം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ഈ കൊടുംക്രൂരതയെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. സംസ്ഥാനത്തെ പെല്ലറ്റ് പ്രയോഗത്തിന് സര്‍ക്കാര്‍ ഉടന്‍ നിരോധമേര്‍പ്പെടുത്തണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. ജമ്മുകാശ്മീര്‍ ഹൈക്കോടതിയും പെല്ലറ്റ് പ്രയോഗത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കാശ്മീരിലെ ജനത അന്യഗ്രഹത്തില്‍ നിന്നുള്ള പ്രാകൃത ജീവികളല്ലെന്നും അവരെ നമ്മുടെ സ്വന്തക്കാരായി കാണണമെന്നും സൈന്യത്തോടും സര്‍ക്കാറിനോടും കോടതി ആവശ്യപ്പെടുകയുണ്ടായി.
കാശ്മീരില്‍ പെല്ലറ്റ് പ്രയോഗം വ്യാപകമാണ്. ഹിസ്ബുല്‍ മുജാഹീദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അമര്‍ച്ച ചെയ്യാന്‍ സൈന്യം ഉപോയോഗിച്ചു വരുന്നത് പ്രധാനമായും ഈ ആയുധമാണ.് പെല്ലറ്റ് ഉപയോഗിച്ചുള്ള സൈനിക വെടിവെപ്പില്‍ അമ്പതില്‍പരം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. സാധാരണയായി യുദ്ധമുഖങ്ങളില്‍ ഉപയോഗിക്കുന്ന അതിമാരകമായ ആയുധമാണ് പെല്ലറ്റ്. അത് ശരീരത്തില്‍ തുളച്ചു കയറിയവര്‍ക്ക് പിന്നീട് പൂര്‍വസ്ഥിതി വീണ്ടെടുക്കാനാകില്ല. കോശങ്ങളിലേക്ക് തുളച്ചു കയറുന്ന ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനോ, കണ്ണിനേറ്റാല്‍ കാഴ്ചശക്തി പൂര്‍ണമായി വീണ്ടെടുക്കാനോ സാധിക്കുകയുമില്ല. മരണം വരെ ശരീരത്തില്‍ ലോഹത്തരികളുമായി വദന സഹിച്ചു ജീവിക്കേണ്ടി വരും. സംഘര്‍ഷത്തില്‍ പരുക്കല്‍ക്കുന്നവരെ ചികിത്സിക്കുന്ന കാശ്മീരിലെ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പെല്ലറ്റ് പ്രയോഗം ഇതിനകം നൂറിലേറെ പേരുടെ കാഴ്ച നഷ്ടപ്പെടുത്തിയിട്ടുണ്ട്.
ഹൈക്കോടതി വിമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കാശ്മീരില്‍ ജനങ്ങള്‍ക്ക് നേരെ പെല്ലറ്റ് പ്രയോഗം നടത്തരുതെന്ന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ അവിടെ ഇപ്പോഴും പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ നൂറകണക്കിന് സാധാരണക്കാര്‍ ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നുണ്ട്. മാത്രമല്ല ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനക്ക് തൊട്ടു പിന്നാലെ, പെല്ലറ്റ് പ്രയോഗം നിര്‍ത്തിവെക്കില്ലെന്ന് കേന്ദ്ര റിസര്‍വ് പോലീസ് ഫോഴ്‌സ്(സി ആര്‍ പി എഫ്) ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രിയുടെ ആജ്ഞക്ക് സൈനിക നേതൃത്വം പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല. കാശ്മീര്‍ ജനതയെ കൊല്ലാകൊല ചെയ്യുന്നത് അവര്‍ക്കൊരു ക്രൂരവിനോദമാണ്. ബുര്‍ഹാന്‍ വാനിയുടെ ഖബറടക്കം കഴിഞ്ഞു വരുന്ന നിരായുധരും നിരപരാധികളുമായ ജനങ്ങള്‍ക്ക് നേരെ പോലും സൈന്യം പെല്ലറ്റ് ഉപയോഗിച്ചതായി പരുക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ആയുധ പരിശീലനവും കായിക പരിശീലനവും മാത്രം നല്‍കിയാല്‍ പോരാ, സൈന്യത്തിന് മനുഷ്യത്വം കൂടി പഠിപ്പിക്കേണ്ടതുണ്ട്. കാശ്മീര്‍ ഹൈക്കോടതി ഉണര്‍ത്തിയത് പോലെ കാശ്മീരികള്‍ ഇന്ത്യക്കാര്‍ തന്നെയാണ്. നമ്മുടെ സഹോദരന്മാരാണവര്‍. തീവ്രവാദത്തിലേക്ക് കാശ്മീരില്‍ വഴിതെറ്റിപ്പോയിട്ടുണ്ടെങ്കില്‍ വലിയൊരു പരിധി വരെ അതിന് കാരണക്കാര്‍ രാജ്യത്തെ ഭരണകൂടമാണ്. കാശ്മീരികളോട് കാണിക്കുന്ന വിവേചനവും അവഗണനയും സൈന്യത്തിന്റെ കൊടും ക്രൂരതയുമാണ് അവിടെ തീവ്രവാദവും ഭരണകൂടത്തോട് അമര്‍ഷവും വളര്‍ത്തുന്നത്. സൈന്യം കാശ്മീരില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകളും കൂട്ടബലാത്സംഗങ്ങളും നടത്തുന്നതായി ഔദ്യോഗിക അന്വേഷണങ്ങളില്‍ തന്നെ വെളിപ്പെട്ടതാണ്.
കാശ്മീര്‍ പ്രശ്‌നത്തിന് ആത്യന്തികമായി രാഷ്ട്രീയ മാനമാണുള്ളത്. അത് ആ നിലയില്‍ തന്നെ കൈകാര്യം ചെയ്‌തെങ്കിലേ പരിഹൃതമാകുകയുള്ളൂ. സംസ്ഥാനത്തെ വികസന മുരടപ്പിനും തൊഴിലില്ലായ്മക്കും പരിഹാരം കാണുക വഴി സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വസമാര്‍ജിക്കണം. മറിച്ചു കാശ്മീരികളെ ഒന്നാകെ ശത്രുക്കളായി കണ്ട് സൈന്യത്തെ ഉപയോഗിച്ചു അടിച്ചമര്‍ത്താനുള്ള ശ്രമം വിപരീത ഫലമേ ഉളവാക്കുകയുള്ളൂ. പ്രതിഷേധം ആളിക്കത്തുമ്പോള്‍ അത് തണുപ്പിക്കാനായി കാശ്മീരില്‍ സര്‍ക്കാര്‍ ചില വികസന പാക്കേജുകള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും അത് പലപ്പോഴും പ്രായോഗികമാകാറില്ല. മാത്രമല്ല, സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടുകളില്‍ സിംഹഭാഗവും ഇടനിലക്കാരുടെ കീശയിലേക്കാണ് പോകുന്നത്.
കാശ്മീരില്‍ നടക്കുന്നതെന്തും ദേശീയവിരുദ്ധവും വര്‍ഗീയതയുമായി വ്യാഖ്യാനിക്കപ്പെടുന്ന സ്ഥിതി വിശേഷമുണ്ട്. അവകാശ നിഷേധവും ഭരണകൂട ഭീകരതയും ജനങ്ങളില്‍ ഭീകരതയും അസംതൃപ്തിയും വളര്‍ത്തുക സ്വാഭാവികമാണ്. ഇത്തരം ഘട്ടങ്ങളില്‍ ജനങ്ങള്‍ സംഘടിതമായി പ്രതിഷേധിക്കും. ഗുജറാത്തില്‍ ഈയിടെ ദളിതുകള്‍ക്കെതിരായ സംഘ്പരിവാര്‍ അക്രമം വ്യാപകമായപ്പോള്‍ അവിടെ ദളിത് പ്രക്ഷോഭം അരങ്ങേറി. അതിപ്പോഴും തുടരുകയുമാണ്. സമാധാന ജീവിതവും സ്വസ്ഥതയും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതിഷേധമെന്നതില്‍ കവിഞ്ഞ് അത് ദേശവിരുദ്ധമായി ആരും കാണുന്നില്ല. എന്തുകൊണ്ടാണ് കാശ്മീരില്‍ സൈനിക അതിക്രമത്തിനെതിരെ അരങ്ങേറുന്ന പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും അധികൃതരും ദേശീയ മാധ്യമങ്ങളും ഇതേ രീതിയില്‍ കാണാത്തത്? ഇവിടെയാണ് പ്രശ്‌നത്തിന്റെ മര്‍മം.