മിഡില്‍ ഈസ്റ്റിന്റെ ആകാശത്ത് ആധിപത്യം വിമാനത്രയങ്ങള്‍ക്ക്

Posted on: August 6, 2016 6:06 pm | Last updated: August 6, 2016 at 6:06 pm

planeദോഹ: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കൂടുല്‍ യാത്രക്കാര വഹിച്ച് മൂന്നു വിമാനങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നു. യു എ ഇയുടെ എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാങ്ങളും ഖത്വര്‍ എയര്‍വേയ്‌സുമാണ് മറ്റു ഗള്‍ഫ് വിമാനങ്ങളേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത്. വിമാനങ്ങളുടെ എണ്ണത്തിലും സര്‍വീസുകളിലും മറ്റു വ്യോമയാന സേവനങ്ങളിലെല്ലാം ഈ വിമാനങ്ങളാണ് മുന്നില്‍. ഇന്റര്‍നാഷനല്‍ എയര്‍ ട്രാവല്‍സ് അസോസിയേഷന്‍ (അയാട്ട)യുടെ റിപ്പോര്‍ട്ടിലാണ് മിഡില്‍ ഈസ്റ്റിലെ വ്യോമ ഗതാഗത രംഗത്തെ വളര്‍ച്ച വിശദീകരിക്കുന്നത്.
കഴിഞ്ഞ മാസത്തില്‍ മാത്രം മിഡില്‍ ഈസ്റ്റില്‍ വിമാന യാത്രക്കാര്‍ 7.5 ശതമാനം വര്‍ധിച്ചു. എന്നാല്‍ നേരത്തേ രേഖപ്പെടുത്തയിട്ടുള്ള 11 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചയില്‍ കുറവുണ്ടായി. റമസാന്‍ മാസമായതു കൊണ്ടാണ് യാത്രക്കാര്‍ കുറഞ്ഞതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം, മിഡില്‍ ഈസ്റ്റിലെ വ്യോമയാന സീറ്റുകളുടെ എണ്ണത്തില്‍ 14.3 ശതമാനം വളര്‍ച്ചയുണ്ടായി. മിഡില്‍ ഈസ്റ്റില്‍ വ്യോമയാന രംഗത്ത് പൊതുവേ യാത്രക്കാരുടെ തോത് ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റിലെ എല്ലാ നഗരങ്ങളും ഈ വര്‍ഷം ആദ്യ ആറുമാസം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ വളര്‍ച്ചയുടെ പ്രധാന പങ്കു വഹിക്കുന്നത് വിമാന ത്രയങ്ങളാണ്.
ആഗോള തലത്തില്‍ തന്നെ വിമാന യാത്രക്കാരുടെ വര്‍ധനാ പട്ടികയില്‍ മിഡില്‍ ഈസ്റ്റ് മികച്ച സംഭാവന നല്‍കുന്നതായി അയാട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോക തലത്തില്‍ ജൂണിലെ വിമാനയാത്രക്കാരുടെ വര്‍ധന 5.2 ശതമാനമാണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വളര്‍ച്ച. തിരക്കുള്ള സമയങ്ങളിലും അല്ലാത്ത സമയങ്ങളിലും യാത്രക്കാര്‍ കൂടിയും കുറഞ്ഞുമിരിക്കും. എന്നാല്‍ ആകെ യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നു. ഈ വര്‍ഷം ആദ്യ ആറുമാസത്തെ ആകെ വളര്‍ച്ച ആറു ശതമാനമാണ്. മുന്‍ വര്‍ഷം ഇത് 5.9 ശതമാനമായിരുന്നു.