Connect with us

Gulf

സമ്മര്‍ ഫെസ്റ്റ് പ്രമോഷനുകളുമായി റീട്ടെയില്‍ ഷോപ്പുകളും ഹോട്ടലുകളും

Published

|

Last Updated

ദോഹ: വേനല്‍ വിനോദോത്സവത്തിന്റെ ഭാഗമായി ഉപഭോക്താക്കളെയും സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ രാജ്യത്ത് ഓഫറുകളുടെ പ്രളയകാലം. ടൂറിസം അതോറിറ്റി സംഘടിപ്പിക്കുന്ന വേനല്‍ ഉത്സവത്തിന് കഴിഞ്ഞ ദിവസം ആരംഭമായതിനൊപ്പമാണ് പ്രമോഷനുകള്‍ക്കും തുടക്കമായിരിക്കുന്നത്. എല്ലാ മേഖകളിലും പ്രമോഷനുകളും പ്രത്യേക ഓഫറുകളുമുണ്ട്.
വേനല്‍ കാലത്ത് പൊതുവേ ഷോപിംഗിനും ഹോട്ടലുകളിലും തിരക്കു കുറവുള്ള സാഹചര്യത്തില്‍കൂടിയാണ് വിസ്മയിപ്പിക്കുന്ന ഓഫറുകളുമായി സ്ഥാപനങ്ങളും ഗ്രൂപ്പുകളും രംഗത്തുവന്നിരിക്കുന്നത്. സമ്മര്‍ ഫെസ്റ്റിവല്‍ കൂടുതല്‍ ആകര്‍ഷകമാക്കാനായി ഖത്വര്‍ ടൂറിസം അതോറിറ്റിയും പ്രമോഷനുകളെ പ്രോത്സാഹിപ്പിക്കുന്നു. മാളുകളിലാണ് പ്രധാനമായും വന്‍ പ്രമോഷനുകളുള്ളത്. വിലക്കുറവിനും സൗജന്യങ്ങള്‍ക്കും പുറമേ സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്നതിനായി വിവിധ വിനോദ പരിപാടികളും അവതരിപ്പിക്കുന്നു. സമ്മര്‍ ഫെസ്റ്റിനോടനുബന്ധിച്ച് സാധാരണയായി പ്രമോഷനുകള്‍ പ്രഖ്യാപിക്കാറുണ്ടെന്നും ഇത്തവണയും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സിറ്റി സെന്ററിലെ ഒരു ഷോപ്പു പ്രതിനിധി പറഞ്ഞു. പ്രമോഷനുകള്‍ ഷോപ്പുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കുന്നുമുണ്ട്. ഈദുല്‍ ഫിത്വറിനു ശേഷം ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് പൊതുവേ ആളുകള്‍ കുറഞ്ഞ സമയത്ത് പ്രമോഷനുകളാണ് വ്യാപാരത്തെ സഹായിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
200 റിയാലിനു മുകളില്‍ പര്‍ച്ചേസ് ചെയ്താല്‍ കിട്ടുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ എട്ടു ലക്ഷം റിയാല്‍ മൂല്യമുള്ള സമ്മാനങ്ങളാണ് ഷോപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്. നാലു ജഗ്വാര്‍ കാറുകളാണ് ഈ വര്‍ഷത്തെ വിജിയികള്‍ക്ക് ഫെസ്റ്റിവല്‍ ഓഫര്‍. ആദ്യ നറുക്കെടുപ്പ് ഈ മാസം 11ന് ഹയാത്ത് പ്ലാസ മാളില്‍ നടക്കും. മാളുകളില്‍ കേന്ദ്രീകരിച്ചാണ് മെഗാ പ്രമോഷന്‍. എല്ലാ ആഴ്ചയിലുമാണ് നറുക്കെടുപ്പ് നടക്കുക. കൂപ്പണുകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക സ്റ്റാളുകളാണ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവിടെ ഉപഭോക്താക്കള്‍ വര്‍ധിച്ചു. ഫെസ്റ്റിവല്‍ ആരംഭിച്ചതിനു ശേഷം പൊതുവേ ഉപഭോക്താക്കളുടെ വരവു വര്‍ധിച്ചു. പലരും കാത്തിരിക്കുന്ന വാര്‍ഷിക ഡിസ്‌കൗണ്ട് മേളയായും ഫെസ്റ്റിനെ കാണുന്നു. ദോഹ എക്‌സിബിഷന്‍ സെന്ററില്‍ എന്റര്‍ടെയ്ന്‍മെന്റ് സിറ്റി തുറന്നതോടെ സന്ദര്‍ശകര്‍ വര്‍ധിച്ചിട്ടുണ്ട്.
വിനോദങ്ങളിലേര്‍പ്പെടാന്‍ വരുന്നവരും ഷോപ്പുകളില്‍ സമയം ചെലവിടുന്നു. കുട്ടികള്‍ക്കു വേണ്ടി പര്‍ച്ചേസ് നടത്താന്‍ രക്ഷിതാക്കള്‍ സന്നദ്ധമാകുന്നതായി ഷോപ്പുകാര്‍ പറയുന്നു. സ്ത്രീകളാണ് കൂടുതല്‍ പര്‍ച്ചേസിനെത്തുന്നത്. പ്രമോഷനുകളില്‍ കൂടുതല്‍ ആകൃഷ്ടരാകുന്നതും ഉപയോഗപ്പെടുത്തുന്നതും സ്ത്രീകളാണ്. പുരുഷന്‍മാര്‍ പ്രമോഷന്‍ ഉണ്ടോ ഇല്ലേ എന്നൊന്നും നോക്കാതെ വാങ്ങുന്നവരാണെന്നും അവര്‍ പറയുന്നു.
ചില ഷോപ്പുകളില്‍ ബയ് ടു ഗെറ്റ് വണ്‍ ഫ്രീ കൊടുക്കുമ്പോള്‍ ചിലയിടത്ത് 20 മുതല്‍ 50 ശതമാനം വരെ നിരക്കിളവ് കിട്ടുന്നു. കണ്ണടകള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, ഷ്യൂസുകള്‍, ബേഗുകള്‍ തുടങ്ങിയവയെല്ലാം വിലക്കുറവില്‍ വില്‍ക്കുന്നു.
ഫെസ്റ്റിന്റെ ഭാഗമായി മ്യൂസിക് പ്രോഗ്രാമുകളും മറ്റു വിനോദങ്ങളും നടക്കുന്നുണ്ട്. ഇവിടെയും ഓഫറുകളുണ്ട്. അക്വ പാര്‍ക്കില്‍ ഒരു ടിക്കെറ്റെടുത്താല്‍ രണ്ടെണ്ണം കിട്ടുന്ന ഓഫര്‍ അവതരിപ്പിക്കുന്നു. മാളുകളും ഫെസ്റ്റിവല്‍ വേദികളും ഖത്വറിനു പുറമേ ഇതര ഗള്‍ഫ് നാടുകളില്‍നിന്നും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നു പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമായും തൊട്ടയല്‍ രാജ്യമായാ സഊദി അറേബ്യയില്‍നിന്നാണ് കൂടുതല്‍ പേരെ പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest