മയക്കു മരുന്നു കടത്തു തടയാന്‍ ജി സി സി സംയുക്ത നീക്കം

Posted on: August 6, 2016 6:01 pm | Last updated: August 6, 2016 at 6:01 pm

ദോഹ: മയക്കു മരുന്നു കടത്തും വ്യാപാരവും തടയുന്നതിന് ഗള്‍ഫ് നാടുകളുടെ യോജിച്ച പ്രവര്‍ത്തനത്തിന് വൈകാതെ തുടക്കം കുറിക്കുമെന്ന് ജി സി സി ആന്റി നാര്‍ക്കോട്ടിക്‌സ് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ അറിയിച്ചു. അടിയന്തര പ്രാധാന്യത്തോടെ വിഷയം കൈകാര്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മയക്കു മരുന്നിനെതിരായ പ്രവര്‍ത്തനത്തിന് ഏകീകൃത ജി സി സി സംഘം നിലവില്‍ വരും. മയക്കുമരുന്നിനെതിരായ ഗള്‍ഫ് ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. മയക്കു മരുന്നിന്റെ അപകടം കണ്ടെത്തുക, കടത്ത് പിടികൂടുക, രാജ്യാന്തര നടപടികള്‍ക്കു വിധേയമാക്കുക എന്നിവയാണ് സംഘത്തിന്റെ പ്രവര്‍ത്തനം.
കഴിഞ്ഞ ദിവസം ദോഹയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്. നിയമവിരുദ്ധമായി ഉത്തജക മരുന്നുകള്‍ കടത്തുന്നതു സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. മരുന്നെന്ന വ്യാജേന മയക്കുമരുന്നു വ്യാപാരവും കള്ളക്കടത്തും നടക്കുന്നുണ്ട്. ഇത് തടയുന്നതിനുള്ള ചട്ടക്കൂടു തയാറാക്കും. മേഖലയെ മയക്കു മരുന്നുമുക്തമാക്കുകയാണ് ലക്ഷ്യം.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അടുത്തിടെ വന്‍തോതില്‍ മയക്കു മരുന്നു കടത്ത് പിടികൂടിയിരുന്നു. ഈ സംഭവങ്ങള്‍ ഉപയോഗിച്ച് രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു കടത്ത് സംഘങ്ങളെ കണ്ടെത്തുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഖര്‍ റാശിദ് അല്‍ മുറൈഖി പറഞ്ഞു. ഈ കുറ്റവാളി സംഘം മേഖലയില്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ ലബോറട്ടറി പരിശോധനക്കു വിധേയമാക്കയതില്‍ അവയുടെ മാരകാവസ്ഥ മനസ്സിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മയക്കു മരുന്നു കടത്തിനും പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കാന്‍ ജി സി സി തലത്തില്‍ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനത്തിന് ഗള്‍ഫ് നാടുകളിലെ ഉദ്യോഗസ്ഥന്‍മാരുടെ കാര്യക്ഷമത ഉയര്‍ത്തേണ്ടതുണ്ട്. ഇതിനു വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കും.
ഗള്‍ഫ് നാടുകളിലേക്ക് മയക്കുമരുന്നു കടത്താനുള്ള നിരവധി ശ്രമങ്ങള്‍ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്.
ബഹുമുഖ സ്വഭാവത്തില്‍ മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഉത്പാദനം, കടത്ത്, ഉപയോഗം തുടങ്ങി എല്ലാ മേഖലളെയും ഒരു പോലെ നിയന്ത്രിക്കുകയും കൈകാര്യം ചെയ്യുകയും വേണ്ടതുണ്ട്.
ഉത്പാദനം തടയുന്നതിലാണ് മയക്കു മരുന്നിനെതിരായ പോരാട്ടം കേന്ദ്രീകരിക്കേണ്ടത്. വ്യക്തികള്‍ക്കും സാമൂഹിക ജീവിതത്തിനും രാഷ്ട്രങ്ങള്‍ക്കുമെല്ലാം വന്‍ ഭീഷണിയാണ് മയക്കു മരുന്നുകളെന്നും അദ്ദേഹം പറഞ്ഞു.